ധോണി ഇടപ്പെട്ടു. സൂപ്പര്‍ താരം ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തുടരും.

അടുത്ത വര്‍ഷത്തെെ ഐപിഎല്ലിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പേര് നല്‍കേണ്ട അവസാന തീയ്യതി നവംബര്‍ 15 ആണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ താരം ജഡേജ ടീം വിടുമോ എന്ന് അറിയാനാണ് ആരാധകര്‍ കാത്തിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഡേജ ചെന്നൈ വിടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുമായി തെറ്റിയ ജഡേജ ഇത്തവണ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി വിഷയത്തില്‍ ഇടപെട്ടതോടെ താരം പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. 

രവീന്ദ്ര ജഡേജ പോകില്ലെന്നും പ്രധാന താരമാണെന്നുമാണ് സിഎസ്‌കെ മാനേജ്‌മെന്റ് അറിയിക്കുന്നത്. എംഎസ് ധോണി ജഡേജയുമായി വിഷയത്തില്‍ സംസാരിക്കുകയും താരത്തെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

കഴിഞ്ഞ സീസണില്‍ മെഗാ ലേലത്തിന് മുന്‍പ് 16 കോടി രൂപക്കാണ് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ലഭിച്ച താരത്തിനു ശോഭിക്കാനായില്ലാ. കൂടാതെ പരിക്ക് കാരണം ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ചെയ്തു.

അതേ സമയം പേസ് ബൗളര്‍മാരായ ആദം മില്‍നയേയും ക്രിസ് ജോര്‍ദ്ദാനെയും ഒഴിവാക്കിയേക്കും.