2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിന് കിരീടം സമ്മാനിച്ചത് രവീന്ദ്ര ജഡേജയുടെ കട്ട ഹീറോയിസം തന്നെയായിരുന്നു. അവസാന രണ്ടു പന്തുകളിൽ 10 റൺസ് ആയിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. മോഹിത് ശർമയെറിഞ്ഞ ആദ്യ പന്തിൽ ഒരു ഉഗ്രൻ സ്ട്രൈറ്റ് ഷോട്ട് കളിച്ച് ജഡേജ സിക്സർ നേടുകയായിരുന്നു. അടുത്ത പന്തിൽ 4 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ തന്റെ പാഡിൽ വന്ന പന്ത് ജഡേജ അതിവിദഗ്ധമായി ബൗണ്ടറി കടത്തി. ഇങ്ങനെ അഞ്ചാം തവണയും ചെന്നൈ കിരീടം സ്വന്തമാക്കുകയാണ് ഉണ്ടായത്. മത്സരത്തിലെ തകർപ്പൻ ഇന്നിംഗ്സിന് ശേഷം ഈ വിജയം നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് വേണ്ടി താൻ സമർപ്പിക്കുന്നു എന്ന് ജഡേജ പറയുകയുണ്ടായി.
മത്സരത്തിനായി ഒത്തുകൂടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ജഡേജ ആരംഭിച്ചത്. “എന്റെ സ്വന്തം നാട്ടുകാരുടെ മുൻപിൽ ടീമിനായി അഞ്ചാം കിരീടം നേടിക്കൊടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചെന്നൈ സൂപ്പർ കിങ്സിന് പിന്തുണയ്ക്കാനായി ഒരുപാട് ആരാധകർ ഇവിടെ എത്തിയിട്ടുണ്ട്. ഈ ആരാധകരൊക്കെയും അവിശ്വസനീയം തന്നെയാണ്. കഴിഞ്ഞ രാത്രി മഴ അവസാനിക്കുന്നത് വരെ അവർ കാത്തിരിക്കുകയുണ്ടായി. അതിനാൽ തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരാണ് കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നത്. ഞങ്ങളുടെ ടീമിലെ ഏറ്റവും സ്പെഷ്യൽ അംഗമായ മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ് ഞാൻ ഈ വിജയം സമർപ്പിക്കുന്നത്.”- ജഡേജ പറഞ്ഞു.
ഇതോടൊപ്പം മത്സരത്തിന്റെ അവസാന നിമിഷത്തെ വൈകാരിക തലങ്ങളെപ്പറ്റിയും ജഡേജ സംസാരിക്കുകയുണ്ടായി. “അവസാന പന്തുകളിൽ ഏറ്റവും മികച്ച രീതിയിൽ ആഞ്ഞടിക്കുക എന്നത് മാത്രമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. എന്തും സംഭവിക്കാവുന്ന നിമിഷമായിരുന്നു അത്. മോഹിത് ശർമ പലപ്പോഴും അവസാന ഓവറുകളിൽ സ്ലോവർ ബോളുകളാണ് എറിയാറുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും സ്ട്രെയിറ്റ് അടിച്ചകറ്റാൻ ഞാൻ ശ്രമിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ എല്ലാ ആരാധകർക്കും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഞങ്ങൾക്കായി പിന്തുണയ്ക്കുന്ന രീതിയിൽ തന്നെ ഇനിയും പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.”- ജഡേജ കൂട്ടിച്ചേർത്തു.
ഈ സീസണിലൂടനീളം ചെന്നൈ സൂപ്പർ കിങ്സിനായി തകർപ്പൻ പ്രകടനങ്ങളാണ് ജഡേജ കാഴ്ചവെച്ചിട്ടുള്ളത്. ബാറ്റിംഗിൽ വലിയ രീതിയിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ബോളിംഗിൽ കിട്ടിയ സമയങ്ങളിലൊക്കെയും വിക്കറ്റുകൾ കൊയ്യാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. വളരെയധികം നിർണായകമായ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ജഡേജ വീഴ്ത്തിയതോടെ ആയിരുന്നു മത്സരത്തിൽ വഴിത്തിരിവ് ഉണ്ടായത്. എന്തായാലും ജഡേജയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത ഫൈനൽ തന്നെയാണ് അഹമ്മദാബാദത്തിൽ അവസാനിച്ചത്.