ജഡേജ, നിങ്ങൾ ഒരു ചാമ്പ്യനാണ്. ധോണിയ്ക്കും ജഡേജയ്ക്കും ആശംസകളുമായി കോഹ്ലി.

20230530 013821

ചെന്നൈ സൂപ്പർ കിംഗ്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ആശംസപ്രവാഹവുമായി ഇന്ത്യൻ താരം വിരാട് കോഹ്ലി  നിലവിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിനായി ലണ്ടനിലേക്ക് തിരിച്ച കോഹ്ലി അവിടെ നിന്നാണ് ചെന്നൈ സൂപ്പർ കിങ്സിന് ആശംസകളുമായി എത്തിയത്. രവീന്ദ്ര ജഡേജയെയും മഹേന്ദ്ര സിംഗ് ധോണിയെയും ഉൾപ്പെടുത്തി തന്റെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കോഹ്ലി ആശംസകൾ അറിയിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോഹ്ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുണ്ടായി.

അവസാന ഓവറിൽ ഹീറോയിസം കാട്ടി ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച രവീന്ദ്ര ജഡേജയെ പ്രശംസിച്ചാണ് കോഹ്ലി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി തുടങ്ങിയത്. “രവീന്ദ്ര ജഡേജ, താങ്കൾ ഒരു ചാമ്പ്യൻ തന്നെയാണ്. ചെന്നൈ സൂപ്പർ കിങ്സിന് എല്ലാത്തരത്തിലും അഭിനന്ദനങ്ങൾ. മഹേന്ദ്ര സിംഗ് ധോണിയെ ഞാൻ പ്രത്യേകം മെൻഷൻ ചെയ്യുന്നു.” കോഹ്ലി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. ഇന്ത്യയിൽ നിന്ന് ഒരുപാട് കാതങ്ങൾ ദൂരെയാണെങ്കിലും വിരാട് കോഹ്ലി ഐപിഎൽ ഫൈനൽ നിരീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചില താരങ്ങൾക്കൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഓവലിലാണ് കോഹ്ലി ഇപ്പോളുള്ളത്. മത്സരത്തിന് മുമ്പ് തന്നെ മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, അക്ഷർ തുടങ്ങിയ താരങ്ങളൊക്കെയും ടീം ബസ്സിൽ ഫൈനൽ കാണുന്ന ദൃശ്യങ്ങൾ ബിസിസിഐ പുറത്തു വിട്ടിരുന്നു.

Read Also -  5 വർഷം കൂടുമ്പോൾ മാത്രം മെഗാലേലം, 6 താരങ്ങളെ നിലനിർത്താം. മാറ്റങ്ങൾക്ക് ഒരുങ്ങി ഐപിഎൽ.

ഫൈനലിലേക്ക് കടന്നുവന്നാൽ, ജഡേജയുടെ ഒരു കട്ട ഹീറോയിസം തന്നെയായിരുന്നു കാണാൻ സാധിച്ചത്. നിർണായക മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശേഷം മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ഗുജറാത്ത് കാഴ്ചവച്ചത്. ഗുജറാത്തിനായി സാഹയും(54) ഗില്ലും(39) ചേർന്ന് മികച്ച തുടക്കം തന്നെ നൽകി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ സായി സുദർശൻ ചെന്നൈ ബോളർമാരെ പഞ്ഞിക്കിടുന്നതാണ് കണ്ടത്. 47 പന്തുകളിൽ 8 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടെ 96 റൺസായിരുന്നു സുദർശൻ നേടിയത്. ഇതോടെ ഗുജറാത്ത് 214 എന്ന ഭീമാകാരനായ സ്കോറിൽ എത്തി.

എന്നാൽ പിന്നീടെത്തിയ മഴ ചെന്നൈയുടെ വിജയലക്ഷം 15 ഓവറുകളിൽ 171 റൺസാക്കി മാറ്റി. വിജയലക്ഷം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി മികച്ച തുടക്കം തന്നെ കോൺവെയും ഋതുരാജും നൽകി. ചെന്നൈ നിരയിലെ എല്ലാ ബാറ്റർമാരും മത്സരത്തിൽ സംഭാവന നൽകുകയുണ്ടായി. മത്സരത്തിന്റെ അവസാന രണ്ടു പന്തുകളിൽ 10 റൺസായിരുന്നു ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അഞ്ചാം പന്തിൽ ഒരു സിക്സറും അവസാന പന്തിൽ ബൗണ്ടറിയും നേടി ജഡേജ ചെന്നൈയെ വിജയത്തിൽ എത്തിക്കുകയായിരുന്നു

Scroll to Top