ഡിക്ലെയര്‍ ചെയ്യാനുള്ള നിര്‍ദ്ദേശം ❛ഞാനും❜ നല്‍കി. ജഡേജ വെളിപ്പെടുത്തുന്നു

ശ്രീലങ്കകെതിരെയുള്ള ഒന്നാം ഇന്നിംഗ്സില്‍ ജഡേജ 175 റണ്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡിക്ലെയര്‍ ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി പ്രതികരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍. പിച്ചില്‍ ടേണ്‍ കണ്ടതോടെ താന്‍ തന്നെയാണ് ഡ്രസിങ്ങ് റൂമിലേക്ക് ഡിക്ലെയര്‍ ചെയ്യാനുള്ള സന്ദേശം നല്‍കിയതെന്ന് രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. ജഡേജയുടെ  തകര്‍പ്പന്‍ ഇന്നിംഗ്സിന്‍റെ കരുത്തില്‍ 574 റണ്‍സ് എന്ന കൂറ്റന്‍ സ്കോറില്‍ ഇന്ത്യ എത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 4 വിക്കറ്റിനു 108 റണ്‍സുമായി തകര്‍ച്ചയുടെ വക്കിലാണ്.

ടീം മാനേജ്മെന്‍റ് മാത്രമല്ലാ, പന്ത് തിരിയാന്‍ തുടങ്ങിയതോടെ താനും ഇന്നിംഗ്സ് ഡിക്ലെയര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി ജഡേജ പറഞ്ഞു. “അതെ ഡ്രസിങ്ങ് റൂമില്‍ നിന്നും ഡിക്ലെയറിനുള്ള സന്ദേശം വരുന്നുണ്ടായിരുന്നു, ഞാനും അവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ഞാൻ ബാറ്റ് ചെയ്യുമ്പോൾ, പന്തുകൾ സ്പിൻ ചെയ്യാന്‍ തുടങ്ങിയിരുന്നു, ബൗൺസും ലഭിക്കുന്നുണ്ടായിരുന്നു”

63cf07b1 99bd 4f64 9046 7d33acd3e457

” അതിനാൽ അവരെ ബാറ്റ് ചെയ്യാന്‍ വിടാമെന്ന് ഞാൻ അവരോട് പറഞ്ഞു. ഏകദേശം രണ്ട് ദിവസത്തോളം മൈതാനത്തുണ്ടായിരുന്ന അവർ സ്വാഭാവികമായും ക്ഷീണിതരായിരുന്നു. അതിനാൽ അവർക്ക് പുറത്ത് വന്ന് ഷോട്ടുകൾ കളിക്കാൻ തുടങ്ങുക, മൈതാനത്ത് കൂടുതൽ തുടരുക എന്നത് എളുപ്പമായിരിക്കില്ല. അതിനാൽ വേഗത്തിൽ സ്കോർ ചെയ്യുകയും എത്രയും വേഗം ഡിക്ലയർ ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി,” പോസ്റ്റ്-ഡേ പത്രസമ്മേളനത്തിൽ സ്‌പോർട്‌സ്‌കീഡയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറും ജഡേജ കരസ്ഥമാക്കി. ശ്രീലങ്കകെതിരെ തന്നെ 1986 ല്‍ കപില്‍ദേവ് നേടിയ 163 റണ്‍സാണ് മറികടന്നത്. ബാറ്റിംഗിനു പിന്നാലെ ബോള്‍ ചെയ്യാന്‍ എത്തിയ ജഡേജ വിക്കറ്റും നേടിയിരുന്നു. ക്യാപ്റ്റനായ കരുണരത്നയെ വിക്കറ്റിനു മുന്നില്‍ കുടുക്കി.