അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന ജഡേജയുടെ ഒരു ആറാട്ട് തന്നെയാണ് നാഗ്പൂരിൽ കാണുന്നത്. ഉച്ചഭക്ഷണത്തിനു മുൻപ് മികച്ച നിലയിലായിരുന്ന ഓസീസിന്റെ കൊമ്പൊടിച്ചുകൊണ്ടാണ് ഇന്ത്യയുടെ പ്രീമിയം ഓൾറൗണ്ടർ ജഡേജ തന്റെ തിരിച്ചുവരവ് അറിയിച്ചത്. മുൻപ് 2ന് 2 എന്ന നിലയിൽ തകർന്ന ഓസീസിനെ സ്മിത്തും ലബുഷാനെയും ചേർന്ന് കൈപിടിച്ചു കയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ 36ആം ഓവറിൽ ജഡേജ എത്തിയതോടെ കളിയുടെ ഗതി തന്നെ മാറി.
36ആം ഓവറിലെ അഞ്ചാം പന്തിൽ ക്രീസിലുറച്ച ലബുഷേനെ പുറത്താക്കിയാണ് ജഡേജ ഓസീസിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. ജഡേജയുടെ ഫ്ലൈറ്റഡ് ബോളിനെ മുൻപിലേക്ക് കയറി പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ലബുഷെയ്ന്‍. എന്നാൽ കൃത്യമായി ടേൺ ചെയ്ത് പന്ത് ലബുഷാനെയെ മറികടന്ന് കീപ്പർ ഭരതിന്റെ കൈകളിൽ എത്തി. ഭരത് തെല്ലും താമസിക്കാതെ ലബുഷാനെയെ സ്റ്റമ്പ് ചെയ്തു. തന്റെ കരിയറിലെ ആദ്യ സ്റ്റമ്പിങ് വളരെ ആവേശത്തോടെ തന്നെയാണ് ഭരത് ആഘോഷിച്ചത്.
വളരെ ആവേശത്തോടെ പന്ത് ഉയർത്തിയെറിഞ്ഞ് ആഹ്ലാദ പ്രകടനം നടത്തി. ഇതിനുശേഷം അടുത്ത പന്തിൽ തന്നെ ബാറ്റർ റെൻഷോയുടെ വിക്കറ്റ് നേടി ജഡേജ വീണ്ടും ഓസീസിനെ ഞെട്ടിക്കുകയുണ്ടായി. ശേഷം 42 മത്തെ ഓവറിലാണ് ഓസീസ് നിരയിൽ ഏറ്റവും വിലയേറിയ സ്മിത്തിന്റെ വിക്കറ്റ് തന്റെ മാജിക് ബോളിൽ ജഡേജ വീഴ്ത്തിയത്.
ഓവറിലെ മൂന്നു പന്തുകളും കൃത്യമായി ടേൺ ചെയ്യിക്കാൻ ജഡേജക്ക് സാധിച്ചു. ആ മൂന്ന് പന്തുകളും സ്മിത്ത് പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ അതേ രീതിയിൽ വന്ന നാലാം പന്തിൽ സ്മിത്ത് ടേണിനായി ബാറ്റുവെച്ചു. പക്ഷേ സ്മിത്തിന്റെ ഗേറ്റ് പൊളിച്ച് പന്ത് നേരെ കുറ്റിപിഴുതു. ജഡേജ എന്ന മജീഷ്യന്റെ തന്ത്രം തന്നെയാണ് സ്മിത്തിന്റെ വിക്കറ്റിൽ കണ്ടത്.