ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അധിപത്യം ഉറപ്പിച്ച് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 8 വിക്കറ്റുകൾ നഷ്ടത്തിൽ 574 റൺസ് അടിച്ചെടുത്ത ഇന്ത്യൻ ടീം അപൂർവ്വ നേറ്റങ്ങൾക്ക് കൂടി അവകാശിയായി. രണ്ടാം ദിനം മനോഹര ബാറ്റിങ് മികവിനാൽ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ സ്കോർ 550 കടത്തിയത്. രണ്ടാം ദിനത്തിൽ അശ്വിൻ വിക്കെറ്റ് നഷ്ടമായ ശേഷം അടിച്ചുകളിച്ച ജഡേജ തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് സെഞ്ച്വറിയാണ് നേടിയത്.വെറും 228 ബോളിൽ നിന്നും 17 ഫോറും 3 സിക്സ് അടക്കം 175 റൺസ് നേടിയ ജഡേജ തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോറിനും അവകാശിയായി. ജഡേജ 175 റൺസിൽ നിൽക്കേ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
അതേസമയം ഒന്നാം ദിനം ശ്രേയസ് അയ്യർ വിക്കറ്റിന് പിന്നാലെ എത്തിയ ജഡേജ രണ്ടാം ദിനം അശ്വിനുമായി 130 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ താരം ഒൻപതാം വിക്കറ്റിൽ മുഹമ്മദ് ഷമിക്ക് ഒപ്പം പിരിയാതെ 103 റൺസിന്റെ മികച്ച പാർട്ണർഷിപ്പ് സൃഷ്ടിച്ചു. നേരത്തെ റിഷാബ് പന്തിനും ഒപ്പം ആറാം വിക്കറ്റിൽ ജഡേജ നൂറ് റൺസ് കൂട്ടുകെട്ട് നേടി.
ഇത് ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വമായ ഒരു റെക്കോർഡ് കൂടിയാണ്.ഒരു ഇന്നിങ്സിൽ മൂന്ന് സെഞ്ച്വറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജഡേജ.കൂടാതെ ഏഴാമതോ അതിന് താഴെയൊ ബാറ്റിങ്ങിന് എത്തുന്ന ബാറ്റ്‌സ്മാന്മാരിൽ മൂന്ന് 100 റൺസിന്റെ പാർട്ണർഷിപ്പിൽ പങ്കാളിയാകുന്ന ആദ്യ താരമാണ് ജഡേജ.
എന്നാൽ ഏഴാമനായി ഇറങ്ങി 175 റൺസ് അടിച്ച ജഡേജ ഈ ബാറ്റിങ് നമ്പറിലെ ഇന്ത്യൻ ടെസ്റ്റ് ടോപ് സ്കോററായി മാറി. സാക്ഷാൽ കപിൽ ദേവ്, റിഷാബ് പന്ത് എന്നിവരെയാണ് ഈ നേട്ടത്തിൽ ജഡേജ മറികടന്നത്. ഏഴാം നമ്പറിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി മികച്ച ഫോമിലാണ് ജഡേജ.