“അയ്യർ ദ് ഗ്രേറ്റ്”. വിമർശകർക്കുള്ള മറുപടി ബാറ്റുകൊണ്ട്. വെടിക്കെട്ട് തീർത്ത് ശ്രേയസ്സ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ കേവലം 4 റൺസ് മാത്രമായിരുന്നു ഇന്ത്യൻ സൂപ്പർ ബാറ്റർ അയ്യർ സ്വന്തമാക്കിയത്. ശ്രേയസിന്റെ ഈ പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും മുൻപ് ഉയർന്നിരുന്നു. പല സമയങ്ങളിലും അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റുകൾ നഷ്ടമാക്കുന്നു എന്നതായിരുന്നു ശ്രേയസിന്റെ പേരിൽ ഉയർന്ന ആരോപണം. എന്നാൽ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഈ ആരോപണങ്ങൾക്കുള്ള മറുപടി തന്റെ ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ് അയ്യർ. മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് അയ്യർ കാഴ്ചവെച്ചത്. നിർണായക സമയത്ത് ഇന്ത്യക്കായി ക്രീസിലെത്തിയ അയ്യർ ശ്രീലങ്കൻ ബോളർമാർക്ക് മേൽ സംഹാരമാടുകയായിരുന്നു.

മത്സരത്തിൽ ശുഭമാൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് നാലാമനായി ശ്രേയസ് അയ്യർ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് മുതൽ ശ്രീലങ്കൻ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാണ് അയ്യർ ശ്രമിച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറി സിക്സറുകൾ കൊണ്ട് അമ്മാനമാടുകയായിരുന്നു അയ്യർ.

ശ്രീലങ്കയുടെ പേസർമാർക്ക് എതിരെയാണ് കൂടുതലായും അയ്യർ ബൗണ്ടറികൾ കണ്ടെത്തിയത്. മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായപ്പോഴും അയ്യർ ഒരുവശത്ത് ക്രീസിലുറച്ചു. ഇത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത്. മാത്രമല്ല അവസാന 10ഓവറുകളിൽ ഇന്ത്യയ്ക്കായി ആക്രമണം അഴിച്ചുവിടാനും അയ്യർക്ക് സാധിച്ചു.

മത്സരത്തിൽ 56 പന്തുകൾ നേരിട്ട് 82 റൺസ് അയ്യർ സ്വന്തമാക്കുകയുണ്ടായി. 3 ബൗണ്ടറികളും 6 പടുകൂറ്റൻ സിക്സറുകളും അയ്യരുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. 36ആം ഓവറിൽ രജിതയ്ക്കെതിരെ അയ്യർ നേടിയ സിക്സർ 106 മീറ്ററാണ് പിന്നിട്ടത്. ഈ ലോകകപ്പിലെ ഏറ്റവും ദൂരമേറിയ സിക്സർ കൂടിയാണ് അയ്യർ മത്സരത്തിൽ നേടിയത്. 146 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് അയ്യർ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ മധുശങ്കയുടെ പന്തിൽ തീക്ഷണക്ക് ക്യാച്ച് നൽകിയിരുന്നു അയ്യർ പുറത്തായത്. ഇന്ത്യയെ വളരെ മികച്ച നിലയിലെത്തിച്ച ശേഷമാണ് അയ്യർ കൂടാരം കയറിയത്.

എന്തായാലും അയ്യരുടെ ഈ ഇന്നിംഗ്സ് ഇന്ത്യക്ക് വലിയ ശക്തി പകർന്നിട്ടുണ്ട്. മാത്രമല്ല തന്നെ വിമർശിച്ചവർക്കുള്ള കൃത്യമായ മറുപടി നൽകാനും അയ്യർക്ക് സാധിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി 92 റൺസ് നേടിയ ഗില്ലും, 88 നേടിയ കോഹ്ലിയും, 82 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ബാറ്റിംഗിൽ തിളങ്ങിയത്.

മൂവരും മത്സരത്തിൽ കൃത്യമായ ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 357 എന്ന സ്കോറിൽ എത്തിയിട്ടുണ്ട്. ഈ ലക്ഷ്യം മറികടക്കണമെങ്കിൽ ശ്രീലങ്കയ്ക്ക് ഒരുപാട് റെക്കോർഡുകൾ തകർക്കേണ്ടി വരും. മാത്രമല്ല ഈ മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യ സെമിഫൈനൽ ഉറപ്പിക്കുകയും ചെയ്യും.

Previous articleഗിൽ- കോഹ്ലി വിളയാട്ടം. ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ഫിനിഷ്. ശക്തമായ സ്കോറുമായി ഇന്ത്യ.
Next articleശ്രീലങ്കൻ മുൻനിരയെ തച്ചുതകർത്ത് സിറാജ് ഷോ. ആദ്യ പന്തിൽ ഞെട്ടിച്ച് ബുമ്ര. ഇന്ത്യ ഓൺ അറ്റാക്ക്.