ഗിൽ- കോഹ്ലി വിളയാട്ടം. ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ഫിനിഷ്. ശക്തമായ സ്കോറുമായി ഇന്ത്യ.

ശ്രീലങ്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ. വാങ്കഡെ മൈതാനത്ത് നടന്ന മത്സരത്തിൽ 357 റൺസാണ് ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യര്‍ എന്നിവർ മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ നേടുകയുണ്ടായി. വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ഇന്നിംഗ്സിലുടനീളം പക്വത പുലർത്തി കളിച്ചേങ്കിലും ഇരുവർക്കും അർഹിച്ച സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചില്ല. എന്നിരുന്നാലും ഇന്ത്യയെ മത്സരത്തിൽ ശക്തമായ ഒരു നിലയിൽ എത്തിക്കാൻ ഇരു ബാറ്റർമാർക്കും സാധിച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഫോമിലുള്ള നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ പിന്നീട് രണ്ടാം വിക്കറ്റിൽ കോഹ്ലിയും ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് ഒരു പടുകൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു. മധ്യ ഓവറുകളിൽ ശ്രീലങ്കൻ ബോളർമാർക്കെതിരെ വളരെ പക്വതയോടെയാണ് ഇരുവരും ഇന്നിംഗ്സ് കൊണ്ടുപോയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 189 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യക്കായി സൃഷ്ടിക്കുകയുണ്ടായി. മത്സരത്തിൽ ശുഭമാൻ ഗിൽ 92 പന്തുകളിൽ 92 റൺസാണ് നേടിയത്. 11 ബൗണ്ടറികളും രണ്ട് സിക്സറുകളും ഗില്ലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

മറുവശത്ത് വിരാട് കോഹ്ലിയും മിന്നുന്ന പ്രകടനം ബാറ്റിംഗിൽ കാഴ്ചവച്ചു. 94 പന്തുകളിൽ 11 ബൗണ്ടറികളടക്കം 88 റൺസാണ് കോഹ്ലി നേടിയത്. എന്നിരുന്നാലും അർഹതപ്പെട്ട സെഞ്ച്വറി സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല. ഇരുവരെയും പുറത്താക്കിയ ദിൽഷൻ മധുശങ്ക ശ്രീലങ്കയ്ക്ക് വലിയ പ്രതീക്ഷ തന്നെ നൽകുകയുണ്ടായി. എന്നാൽ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും ഇന്ത്യക്കായി അടിച്ചു തകർക്കുന്നതാണ് കണ്ടത്. മത്സരത്തിൽ നേരിട്ട ആദ്യ ബോൾ മുതൽ വെടിക്കെട്ട് പ്രകടനം തന്നെയാണ് അയ്യർ കാഴ്ചവച്ചത് കഴിഞ്ഞ മത്സരത്തിൽ വലിയ ചലനമുണ്ടാക്കാൻ സാധിക്കാതിരുന്ന അയ്യരുടെ ഒരു തിരിച്ചുവരമായിരുന്നു മത്സരത്തിൽ കണ്ടത്. ഇതോടെ ഇന്ത്യൻ സ്കോർ കുതിക്കുകയായിരുന്നു.

അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് സൂര്യകുമാർ യാദവ് അടക്കമുള്ളവരുടെ വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടമായെങ്കിലും, ശ്രേയസ് അയ്യർ ഒരു വശത്തെ ക്രീസിലുറച്ചത് വലിയ ആശ്വാസമായി മാറി. മത്സരത്തിൽ അയ്യർ 56 പന്തുകൾ നേരിട്ട് 82 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ 23 പന്തുകളിൽ 34 റൺസ് നേടിയ ജഡേജയും മികവ് പുലർത്തിയപ്പോൾ ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 357 എന്ന സ്കോറിൽ എത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി മത്സരത്തിൽ പേസർ മധുശങ്ക 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്തായാലും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം തന്നെയാണ് മത്സരത്തിൽ ഇന്ത്യ കാഴ്ചവച്ചത്. ഈ മത്സരത്തിൽ വിജയം കണ്ടാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാനും സാധിക്കും