ധോണിയുടെ ക്യാപ്റ്റൻസിയിലും തോറ്റല്ലോ :കുഴപ്പം കോഹ്ലിക്ക് അല്ലെന്ന് തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റിന്റെ തോൽവി. പ്രഥമ ടെസ്റ്റ് ലോകകപ്പ് നേടുവാനുള്ള ഒരു സുവർണ്ണ അവസരം കോഹ്ലിയും കൂട്ടരും ഫൈനൽ മത്സരത്തിൽ നഷ്ടമാക്കിയപ്പോൾ വീണ്ടും ഒരു ഐസിസി ടൂർണമെന്റിൽ നിരാശയോടെ മടങ്ങുവാനാണ് ഇന്ത്യൻ ആരാധകരുടെ വിധി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഐസിസിയുടെ മിക്ക ടൂർണമെന്റിലും ചാമ്പ്യൻ ടീമെന്ന വിശേഷണത്തോടെ കളിക്കുവാനായി എത്തുന്ന ഇന്ത്യൻ ടീം ഫൈനലിലോ സെമി ഫൈനലിലോ തോൽവി നേരിടുന്നു എന്നതാണ് സ്ഥിര കാഴ്ച. തുടർച്ചയായ ഈ നാണക്കേടിന് സതാംപ്ടണിലെ ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും മാറ്റം പക്ഷേ സംഭവിച്ചില്ല. ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെയുള്ള ആക്ഷേപം ഇപ്പോൾ കടുക്കുകയാണ്.

ഫൈനലിലെ തോൽവി കിരീടം നേടാൻ കഴിയാത്ത നായകനെന്ന കോഹ്ലിക്ക് എതിരെയുള്ള വിമർശനത്തിനും വലിയ ബലമാണ് നൽകുന്നത്. ഇക്കാര്യത്തിൽ കോഹ്ലിക്ക് പിന്തുണ നൽകുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റിലെ പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. കോഹ്ലി ഒരിക്കലും ഈ പ്രശ്നത്തിൽ കുറ്റക്കാരൻ അല്ല എന്നും ടീമിന്റെ തോൽവികൾ എല്ലാ കാലവും ക്യാപ്റ്റന്റെ പുറത്തേക്ക്‌ മാത്രം വലിച്ചിടുന്നത് തെറ്റാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

“നമ്മൾ 2013ലെ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട വിജയത്തിന് ശേഷവും അനേകം ഐസിസി ടൂർണമെന്റ് ഫൈനലിലും സെമി ഫൈനലിലുമെല്ലാം എത്തിയിട്ടുണ്ട് പക്ഷേ അതിന് ശേഷം 3 ടൂർണമെന്റിൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ കളിച്ച് പുറത്തായി. ഇപ്പോൾ മുന്നെണ്ണം കോഹ്ലി നായകനായപ്പോൾ പുറത്തായി. ഇതിൽ നിന്നും ഒരു പ്രധാന കാര്യം വ്യക്തം പ്രശ്നം ഒരിക്കൽ പൊലും ക്യാപ്റ്റൻസി അല്ല. ടീം ഇത്തരം നിർണായക മത്സരങ്ങളിൽ ഫോം കണ്ടെത്തുവാൻ കഴിയാതെ പോയി തോൽവികൾ നേരിടുന്നുവെന്നതാണ് സത്യം. ഇത്തരം പ്രധാന മത്സരങ്ങളിൽ കോഹ്ലി, രോഹിത് അടക്കമുള്ള താരങ്ങൾ പ്രതീക്ഷിച്ച ബാറ്റിങ് കാഴ്ചവെക്കുന്നില്ല എന്നതും കണക്കുകൾ പരിശോധിച്ചാൽ ബോധ്യമാകും “ചോപ്ര തന്റെ വിമർശനം വിശദമാക്കി.