സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഒരു ദയനീയമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഇന്ത്യ ഒരിക്കലും ഇത്തരമൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര പൂർണമായും തകർന്നു വീഴുന്നതാണ് കണ്ടത്.
ഇത്തരത്തിൽ യുവ ഇന്ത്യൻ നിര പരാജയപ്പെട്ടതിന് ശേഷം ടീമിനെതിരെ വലിയ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ടീമിലുള്ള യുവതാരങ്ങളൊക്കെയും കേവലം ഐപിഎൽ സൂപ്പർസ്റ്റാറുകൾ മാത്രമാണ് എന്ന് ആരാധകർ തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ പറയുകയുണ്ടായി. ഇത്തരം താരങ്ങൾക്ക് വിദേശ പിച്ചുകളിൽ യാതൊന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.
ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പോലെയുള്ള സീനിയർ താരങ്ങളുടെ റോൾ മനസ്സിലാക്കാൻ ഇത്തരം മത്സരങ്ങൾ ആവശ്യമാണ് എന്നും ആരാധകർ പറയുന്നു. ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റൺസ് സ്വന്തമാക്കുന്നതിനിടയിൽ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ശേഷം വിരാട് കോഹ്ലി കൃത്യമായ രീതിയിൽ ഇന്ത്യൻ ഇന്നിങ്സ് കെട്ടിപ്പടുക്കുകയാണ് ഉണ്ടായത്.
പക്ഷേ നിലവിലെ യുവ ടീമിൽ അത്തരമൊരു സാഹചര്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ പറ്റിയ ഒരു ബാറ്ററില്ല എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. കോഹ്ലിയെ പോലെ കളിക്കുന്ന താരം ഉണ്ടായിരുന്നുവെങ്കിൽ സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചേനെ എന്നാണ് ആരാധകർ കൂട്ടിച്ചേർക്കുന്നത്. സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ 13 റൺസിന്റെ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത 20 ഓവറുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി രവി ബിഷ്ണോയി 4 വിക്കറ്റുകൾ സ്വന്തമാക്കി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ദുരന്ത തുടക്കമാണ് ലഭിച്ചത്. മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച 3 ബാറ്റർമാരും പൂർണമായും പരാജയപ്പെടുകയുണ്ടായി. ശേഷം മറ്റാർക്കും തന്നെ ക്രീസിലുറയ്ക്കാൻ സാധിച്ചതുമില്ല. ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 102 റൺസിൽ അവസാനിക്കുകയായിരുന്നു. എന്നിരുന്നാലും രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായ പ്രകടനങ്ങളുടെ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ.