കോഹ്ലി മോശം ഫോമിലാണോ : ഉത്തരം നൽകി സുനിൽ ഗവാസ്‌ക്കർ

ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരത്തിൽ തുടക്കത്തിൽ തന്നെ അധിപത്യം ഉറപ്പിച്ച് ഇന്ത്യൻ ടീം. ഒന്നാം ദിനം ബാറ്റ്‌സ്മന്മാർ എല്ലാം തന്നെ കളം നിറഞ്ഞ് കളിച്ചപ്പോൾ ഇന്ത്യൻ സ്കോർ 350 കടന്നു. ഇന്ത്യക്കായി റിഷാബ് പന്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഒന്നാം ഇന്നിങ്സിൽ ഹനുമാ വിഹാരിയുടെ അർദ്ധ സെഞ്ച്വറി പ്രകടനവും വളരെ ശ്രദ്ധേയമായി. എന്നാൽ തന്റെ നൂറാം ടെസ്റ്റ്‌ മത്സരത്തിന് ഇറങ്ങിയ വിരാട് കോഹ്ലിക്ക് ഫിഫ്റ്റിക്ക് അരികിലേക്ക് എത്താൻ മാത്രമേ കഴിഞ്ഞുള്ളൂ.

45 റൺസിൽ കോഹ്ലി പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ അടക്കം നിരാശയായി മാറി. തന്റെ നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടി ഫോമിലേക്ക് എത്താൻ കോഹ്ലിക്ക് കഴിയും എന്നാണ് ആരാധകർ അടക്കം വിശ്വസിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി കോഹ്ലിക്ക് ഒരു സെഞ്ച്വറി നേടാനായി സാധിച്ചിട്ടില്ല.

അതേസമയം കോഹ്ലി മോശം ബാറ്റിങ് ഫോമിലാണെന്ന് തനിക് ഇതുവരെ തോന്നിയിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്‌ക്കർ.സെഞ്ചുറികളിലേക്ക് എത്താൻ കഴിയുന്നില്ല എങ്കിലും വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോമിലാണ് എന്നൊന്നും തനിക്ക് തോന്നിയിട്ടില്ലയെന്ന് പറഞ്ഞ ഗവാസ്‌ക്കർ ഒരൊറ്റ ഇന്നിങ്സ് മതി കോഹ്ലിയുടെ സെഞ്ച്വറി വരൾച്ച പൂർണ്ണമായി അവസാനിക്കാണെന്നും തുറന്ന് പറഞ്ഞു. “അദ്ദേഹം മോശം ബാറ്റിങ് ഫോമിലാണ് എന്നതിൽ ഒരു കാര്യവുമില്ല. ഇക്കഴിഞ്ഞ മൂന്ന് വർഷ കാലം കോഹ്ലിക്ക് സെഞ്ച്വറിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. പക്ഷേ ഞാൻ കരിയറിൽ സമാനമായ മൂന്ന് വർഷം നേടിയതിൽ അധികം റൺസ്‌ അദ്ദേഹം ഇപ്പോൾ അടിച്ചെടുക്കുന്നുണ്ട്.മിക്ക കളികളിലും അദേഹത്തിന്റെ ആദ്യത്തെ പിഴവ് വിക്കറ്റിൽ കലാശിക്കുകയാണ് ” ഗവാസ്‌ക്കർ നിരീക്ഷിച്ചു.

“അദ്ദേഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ പഴയ ആ മികവിൽ സെഞ്ച്വറികൾ ഒന്നും നേടിയിട്ടില്ല. പക്ഷേ അദ്ദേഹം മിക്ക കളികളിലും റൺസ്‌ നേടുന്നുണ്ട്. കൂടാതെ 70-80 റൺസിലേക്ക് എത്താനും വിരാട് കോഹ്ലിക്ക് സാധിക്കുന്നുണ്ട്. അതിനാൽ തന്നെ അദ്ദേഹം മോശം ബാറ്റിങ് ഫോമിൽ എന്നൊന്നും നമുക്ക് ആർക്കും പറയാൻ സാധിക്കില്ല.ഇത് കേവലം ചെറിയ ഒരു ഭാഗ്യത്തിന്റെ അഭാവം മാത്രമാണ്. വൈകാതെ ആ മൂന്നക്ക നമ്പറിലേക്ക് കോഹ്ലി എത്തും “സുനിൽ ഗവാസ്‌ക്കർ വാചാലനായി.