ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് 2011ലെ ഏകദിന ലോകകപ്പ്. 28 വർഷങ്ങൾക്ക് ശേഷം മഹേന്ദ്ര സിംഗ് ധോണി എന്ന ഇതിഹാസത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ലോക കിരീടത്തിൽ മുത്തമിട്ടത് 2011ലായിരുന്നു. എന്നാൽ ആ ലോകകപ്പിൽ ഇന്ത്യക്കായി യുവതാരം രോഹിത് ശർമ കളിച്ചിരുന്നില്ല.
2011 ലോകകപ്പിനുള്ള ടീമിൽ ഇന്ത്യ ആദ്യ സമയങ്ങളിൽ പരിഗണിച്ച താരമായിരുന്നു രോഹിത്. എന്നാൽ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ നിർദ്ദേശ പ്രകാരം രോഹിത്തിന് പകരം അവസാന നിമിഷം ഇന്ത്യ പിയൂഷ് ചൗളയെ ടീമിൽ ഉൾപ്പെടുത്തുകയുണ്ടായി. അതിന് ശേഷം താൻ വലിയ നിരാശയിലൂടെയാണ് കടന്നുപോയത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ശേഷം തനിക്ക് പ്രചോദനം നൽകിയത് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യുവരാജ് സിംഗാണ് എന്ന് രോഹിത് ശർമ പറഞ്ഞു.
2011 ലോകകപ്പിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ താൻ മാനസികപരമായി ഒരുപാട് തളർന്നിരുന്നു എന്ന് രോഹിത് ശർമ പറയുന്നു. ഈ സമയത്ത് തനിക്ക് രക്ഷയ്ക്കായി എത്തിയത് യുവരാജാണ് എന്നാണ് രോഹിത്തിന്റെ പ്രസ്താവന. യുവരാജിന്റെ വാക്കുകളാണ് നിരാശയിൽ നിന്നും കരകയറാൻ തന്നെ സഹായിച്ചത് എന്ന് രോഹിത് പറയുന്നു.
ഏഷ്യാകപ്പിന് മുന്നോടിയായി ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രോഹിത് ശർമ ഇക്കാര്യം പറഞ്ഞത്. “2011 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാതെ വന്നതോടെ ഞാൻ വളരെ നിരാശനായിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടത് എന്നറിയാതെ വളരെ നിരാശയിൽ ഞാൻ എന്റെ മുറിയിൽ ദുഃഖിച്ചിരുന്നു. ആ സമയത്താണ് യുവരാജ് സിംഗ് എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിനൊപ്പം ഡിന്നർ കഴിക്കാനായി എന്നെ കൊണ്ടുപോവുകയും ചെയ്തു.”- രോഹിത് പറയുന്നു.
ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു താരത്തിന് ഏതുതരം ഫീലിംഗാണ് ഉണ്ടാവുക എന്ന് യുവരാജ് വിശദീകരിച്ചതായി രോഹിത് പറയുന്നു. “ഇനിയും ഒരുപാട് വർഷങ്ങൾ എന്റെ മുൻപിലുണ്ടന്നും, അതൊരു വളരെ നല്ല കാര്യമാണെന്നും യുവരാജ് എന്നോട് പറഞ്ഞു. ഞങ്ങൾ ലോകകപ്പിനായി ടീമിൽ അങ്ങേയറ്റം പരിശ്രമിക്കുമ്പോൾ, നീ സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ടീമിലേക്ക് തിരികെയെത്തണം എന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി. നിനക്ക് ഇന്ത്യൻ ടീമിൽ കളിക്കാനായി ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നും നീ ലോകകപ്പിൽ ഇനിയും അണിനിരക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
“ഈ ഉപദേശങ്ങൾക്ക് ശേഷം ഞാൻ പോവുകയും തുടർച്ചയായി കഠിനാധ്വാനം നടത്തുകയും ചെയ്തു. പിന്നീട് ലോകകപ്പിന് തൊട്ടു പിന്നാലെ ടീമിലേക്ക് ഞാൻ മടങ്ങിവന്നു. അതിനുശേഷം കാര്യങ്ങളൊക്കെയും എനിക്ക് അനുകൂലമായാണ് നടന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോയതിനാൽ തന്നെ ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോൾ അയാളുടെ മനോവികാരത്തെപ്പറ്റി എനിക്ക് നന്നായി അറിയാം. എല്ലാം നല്ലതിനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.