“കോഹ്ലിയെ പ്രകോപിപ്പിക്കരുത്, നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും” ബോളർമാർക്ക് മുന്നറിയിപ്പ് നൽകി എന്റിനി.

2023 ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന ബാറ്ററാണ് സൂപ്പർ താരം വിരാട് കോഹ്ലി. വലിയ ടൂർണമെന്റുകളിൽ എതിർ ടീമുകളെ പഞ്ഞിക്കിടുന്ന സ്വഭാവമാണ് കോഹ്ലിയ്ക്കുള്ളത്. ലോകോത്തര ബോളർമാർ കോഹ്ലിയുടെ ബാറ്റിന്റെ ചൂട് പലപ്പോഴായി അറിഞ്ഞിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് വലിയൊരു മുന്നറിയിപ്പ് നൽകുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം മക്കായ എന്റിനി.

ഒരു കാരണവശാലും ബോളർമാർ വിരാട് കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കരുത് എന്നാണ് എന്റിനി പറയുന്നത്. കോഹ്ലിയെ സ്ലഡ്ജ് ചെയ്യുന്ന ബോളർമാർ അതിനുള്ള വലിയ വില നൽകേണ്ടി വരും എന്ന് എന്റിനി കൂട്ടിച്ചേർക്കുന്നു. അഥവാ ബോളർമാർ വിരാട് കോഹ്ലിയെ സ്ലഡ്ജ് ചെയ്യാതിരിക്കുകയാണെങ്കിൽ, അയാൾക്ക് ബോറടിക്കുകയും പിഴവുകൾ വരുത്തുകയും ചെയ്യുമെന്നും എന്റിനി പറഞ്ഞു.

“വിരാട് കോഹ്ലിയെ പറ്റി എനിക്ക് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. അദ്ദേഹത്തിനെതിരെ പന്തറിയുന്ന മുഴുവൻ ദക്ഷിണാഫ്രിക്കൻ ബോളർമാരോടുമായാണ് ഞാൻ പറയുന്നത്. വിരാട് ബാറ്റിംഗ് ക്രീസിലുള്ളപ്പോൾ ഒരക്ഷരം പോലും അയാളോട് മിണ്ടാൻ തയ്യാറാവരുത്. അവനോട് എന്തെങ്കിലും പറഞ്ഞ് അവനെ സ്ലെഡ്ജ് ചെയ്യാൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. അങ്ങനെ വിരാടിനെ സ്ലെഡ്ജ് ചെയ്യുകയാണെങ്കിൽ അത് നിങ്ങളെ വലിയ രീതിയിൽ ബാധിക്കും. അങ്ങനെ ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾ മത്സരം വിരാടിന്റെ കൈകളിലേക്ക് കൊടുക്കുകയാണ്.”- ദക്ഷിണാഫ്രിക്കൻ ഇതിഹാസം പറയുന്നു.

“വിരാട് കോഹ്ലിക്ക് എപ്പോഴും ഇഷ്ടം സ്ലെഡ്ജ് ചെയ്യപ്പെടാനാണ്. മൈതാനത്ത് എപ്പോഴും അയാൾ ഒരു പോരാട്ടം ആഗ്രഹിക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ അദ്ദേഹത്തിന് വലിയ ഇഷ്ടവുമാണ്. നിങ്ങൾ മൈതാനത്ത് അവനുമായി പോരാട്ടത്തിന് മുതിരുകയാണെങ്കിൽ, അത് അവൻ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾ സാധിച്ചു കൊടുത്തതിന് തുല്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വിരാട് കോഹ്ലിയെ കൂടുതൽ ശക്തനും ദൃഢനിശ്ചയമുള്ളവനുമാക്കും. കിട്ടുന്ന അവസരത്തിൽ വിരാട് നിങ്ങളെ പ്രഹരിക്കുകയും ചെയ്യും.”- എന്റിനി കൂട്ടിച്ചേർക്കുന്നു.

“ഇതിനുപകരം വിരാടിനെതിരെ മിണ്ടാതിരിക്കുക എന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ. ബോളർ തനിക്കെതിരെ ഒന്നും പറയാതെ ഇരിക്കുന്ന സാഹചര്യത്തിൽ വിരാട് കോഹ്ലിക്ക് പലപ്പോഴും ബോറടിക്കും. ആ സമയത്താണ് അവൻ അനാവശ്യ ഷോട്ടുകൾക്ക് കളിക്കുകയും, പിഴവ് വരുത്തുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റു ബാറ്റർമാരോട് നിങ്ങൾ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വിരാടിനെതിരെ ചെയ്യാൻ തയ്യാറാവരുത്.”- എന്റിനി പറഞ്ഞുവയ്ക്കുന്നു. നിലവിൽ ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള പരിശീലനത്തിലാണ് വിരാട് കോഹ്ലി. സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്.