പല ആഭ്യന്തര താരങ്ങളുടെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ച ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. അതിന് ഏറ്റവും വലിയ ഉദാഹരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഫിറ്റ്നസ് കോച്ച് രാജാമണി. ആകാശ് സിംഗ് എന്ന രാജസ്ഥാന്റെ നെറ്റ് ബോളർ സഞ്ജു സാംസന്റെ സഹായത്തോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിയത് എന്നാണ് രാജാമണി പറയുന്നത്. ആകാശിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ സഞ്ജു സാംസൺ അവനെ എങ്ങനെയെങ്കിലും മുൻനിരയിൽ എത്തിക്കണമെന്ന് തന്നോട് പറഞ്ഞതായി രാജാമണി വെളിപ്പെടുത്തുന്നു. ഇതോടൊപ്പം ആകാശ് സിംഗിനോട് ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരാൻ പറഞ്ഞതും സഞ്ജുവും താനുമാണ് എന്നും രാജാമണി പറഞ്ഞു.
“2021 ഐപിഎല്ലിൽ രാജസ്ഥാൻ ടീമിലെ അംഗമായിരുന്നു ആകാശ്. അന്ന് രാജസ്ഥാന്റെ നെറ്റ് ബോളറായാണ് ആകാശ് കളിച്ചത്. എന്നാൽ അവനെ രാജസ്ഥാൻ റോയൽസിന്റെ പ്ലെയിങ് ഇലവണിലേക്ക് കൊണ്ടുവരാൻ അതിയായ ആഗ്രഹം സഞ്ജുവിനുണ്ടായിരുന്നു. അവന് മികച്ച പരിശീലനം നൽകി എങ്ങനെയെങ്കിലും ടീമിൽ ഉൾപ്പെടുത്തണമെന്ന് സഞ്ജു പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് ചില സാങ്കേതിക പ്രശ്നങ്ങളാൽ ആകാശിനെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല.”- രാജാമണി പറയുന്നു.
“ശേഷം ഇത് സഞ്ജുവിന് വലിയ രീതിയിൽ വിഷമമുണ്ടാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആകാശ് സിംഗിന് അവസരങ്ങൾ ലഭിക്കാത്തത് വലിയ നിരാശ സമ്മാനിക്കുമെന്നും എങ്ങനെയെങ്കിലും രഞ്ജി ട്രോഫിയിൽ അവനെ ഉൾപ്പെടുത്തണമെന്നും സഞ്ജു എന്നോട് പറഞ്ഞു. അതിനായി എന്നോട് പലതവണ സഞ്ജു സഹായം അഭ്യർത്ഥിച്ചിരുന്നു. അന്നത്തെ നാഗാലാൻഡ് ടീമിന്റെ കോച്ച് എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തോട് സംസാരിച്ച് ആകാശിന് അവസരം വാങ്ങി നൽകാമെന്ന് ഞാൻ സഞ്ജുവിനോട് പറയുകയും ചെയ്തിരുന്നു. അങ്ങനെ രഞ്ജി ട്രോഫിയിൽ നാഗാലാൻഡ് ടീമിന് വേണ്ടി കളിച്ചശേഷമാണ് വീണ്ടും നെറ്റ് ബോളറായി ആകാശ് സിംഗ് രാജസ്ഥാൻ ടീമിലെത്തിയത്.”- രാജാമണി കൂട്ടിച്ചേർക്കുന്നു.
“ഇതിനുശേഷം ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളിൽ നിന്ന് തനിക്ക് ഓഫറുകൾ വരുന്നതായി ആകാശ് സിംഗ് പറയുകയുണ്ടായി. ആ സമയത്ത് ആകാശിനോട് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് പൊയ്ക്കോളൂ എന്ന് പറഞ്ഞത് ഞാനും സഞ്ജുവുമാണ്. മികച്ച പ്രകടനങ്ങൾ ചെന്നൈ ടീമിൽ കാഴ്ചവച്ചാൽ അവിടെ നിനക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും മഹേന്ദ്ര സിംഗ് ധോണി നിന്നെ സ്ഥിരമായി മത്സരങ്ങളിൽ ഉൾപ്പെടുത്തുമെന്നും ഞങ്ങൾ ആകാശിനോട് പറഞ്ഞിരുന്നു. ശേഷം ചെന്നൈയ്ക്കായി നെറ്റ് ബോളറായെത്തിയ ആകാശിന് പ്ലേയിംഗ് സ്ഥാനം ലഭിക്കുകയും, മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.”- രാജാമണി പറഞ്ഞുവയ്ക്കുന്നു.