തന്റെ ക്രിക്കറ്റ് ജീവിതത്തിൽ താൻ ഏറ്റവുമധികം ഖേദിക്കുന്ന നിമിഷത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി. 2019 ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരത്തിനിടെ മൈതാനത്തേക്ക് ഇറങ്ങിവന്ന് ദേഷ്യം പ്രകടിപ്പിച്ചതാണ് താൻ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവുമധികം ഖേദിക്കുന്ന നിമിഷം എന്ന് മഹേന്ദ്ര സിംഗ് ധോണി പറയുകയുണ്ടായി.
മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ബെൻ സ്റ്റോക്സ് എറിഞ്ഞ ഒരു സ്ലോ ബോൾ താരത്തിന്റെ കൈവിട്ടു പോവുകയും, വേസ്റ്റ്നു മുകളിൽ ഒരു ഫുൾ ടോസായി മാറുകയും ചെയ്തു. ഈ സമയത്ത് അമ്പയർ നോബോൾ വിളിക്കുകയും, ശേഷം സ്ക്വയർ ലെഗ് അമ്പയർ അത് മാറ്റുകയുമാണ് ചെയ്തത്. ഇത് കണ്ട ധോണി മൈതാനത്തേക്ക് ദേഷ്യത്തോടെ എത്തുകയായിരുന്നു. ഈ സംഭവത്തെ പറ്റിയാണ് ധോണി സംസാരിച്ചത്.
ഇത്തരം സാഹചര്യങ്ങളിൽ സംയമനം പാലിക്കണമായിരുന്നു എന്നാണ് ധോണി ശേഷം പറഞ്ഞത്. “ഒരുപാട് സാഹചര്യങ്ങളിൽ എനിക്ക് ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. ഒരു ഐപിഎൽ മത്സരത്തിനിടെ ഞാൻ മൈതാനത്തേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട്. അതൊരു വലിയ പിഴവായിരുന്നു. അതിന് മുൻപും ഒരുപാട് സാഹചര്യത്തിൽ എനിക്ക് ഇത്തരത്തിൽ ദേഷ്യം തോന്നിയിട്ടുണ്ട്. കാരണം നമ്മൾ ഒരു കായിക മത്സരമാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ സമ്മർദ്ദവും വലുതായിരിക്കും. എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മൈതാനത്ത് ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ നമുക്ക് ഇത്തരത്തിൽ ദേഷ്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. ഈ സാഹചര്യങ്ങളിൽ പ്രതികരിക്കാതെ മാറിപ്പോവുക എന്നതാണ് ചെയ്യേണ്ടത്. കൃത്യമായി ശ്വാസമെടുത്ത് നമുക്ക് സമ്മർദത്തെ അതിജീവിക്കാൻ സാധിക്കണം.”- ധോണി പറഞ്ഞു.
ഈ സംഭവത്തിൽ മഹേന്ദ്ര സിംഗ് ധോണി ഖേദിക്കുന്നു എന്ന കാര്യം മുൻപ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും പറഞ്ഞിരുന്നു. “ഇക്കാര്യത്തെപ്പറ്റി മുൻപ് ഞാൻ മഹേന്ദ്ര സിംഗ് ധോണിയോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘ആ സമയത്ത് ഞാൻ ഔട്ടായി. അതെനിക്ക് വലിയ നിരാശ ഉണ്ടാക്കി. ശേഷമാണ് അടുത്ത പന്ത് അമ്പയർ നോബോൾ വിളിക്കുകയും അതിനുശേഷം ആ തീരുമാനം മാറ്റുകയും ചെയ്തത്. സാധാരണയായി സ്ട്രൈക്ക് അമ്പയറാണ് ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നയാൾ.’ ഈ സമയത്ത് ധോണി മൈതാനത്ത് എത്തുകയും, നിങ്ങൾ നോബോൾ വിളിച്ചിരുന്നു എന്ന് അമ്പയറെ ഓർമിപ്പിക്കുകയുമാണ് ചെയ്തത്. ഇക്കാര്യങ്ങൾ തനിക്ക് തിരിച്ചടുക്കാൻ സാധിക്കില്ല എന്നാണ് ധോണി എന്നോട് പറഞ്ഞത്. എന്തായാലും അക്കാര്യത്തിൽ ധോണിയ്ക്ക് വലിയ ഖേദമുണ്ട്. ഇനിയൊരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല എന്നും ധോണി എന്ന് പറഞ്ഞിരുന്നു.”- ഉത്തപ്പ കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാമത്തെ സീസണിനുള്ള തയ്യാറെടുപ്പിലാണ് മഹേന്ദ്ര സിംഗ് ധോണി. തന്റെ നെറ്റ് പരിശീലന സെഷനിൽ കൂടുതലായും ആക്രമണ ഷോട്ടുകൾ തന്നെയാണ് ധോണി ഇത്തവണയും കളിക്കുന്നത്. മാർച്ച് 23ന് ബന്ധവൈരികളായ മുംബൈ ഇന്ത്യൻസ് ടീമിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരം നടക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കി മികച്ച തുടക്കം നേടാനാണ് ഇരു ടീമുകളുടെയും ശ്രമം.