ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിൽ വലിയ വഴിത്തിരിവായി മാറിയത് കുൽദീപിന്റെ ഓവറായിരുന്നു. മത്സരത്തിൽ നിർണായക സമയത്ത് ബോളിംഗ് ക്രീസിലെത്തിയ കുൽദീപ് പാകിസ്താന്റെ രണ്ടു മധ്യനിര ബാറ്റർമാരെ കൂടാരം കയറ്റുകയുണ്ടായി. സൗദ് ഷക്കീൽ, ഇഫ്തിക്കാർ അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഒരോവറിൽ കുൽദീപ് നേടിയത്. ഇതോടെ മത്സരത്തിന്റെ പൂർണ്ണമായ ഗതി മാറിമറിയുകയാണ് ഉണ്ടായത്. മത്സരത്തിൽ രോഹിത് ശർമയുടെ നിർണായകമായ തീരുമാനമാണ് തനിക്ക് വിക്കറ്റുകൾ നേടാൻ സഹായകരമായത് എന്ന് കുൽദീപ് യാദവ് പറയുകയുണ്ടായി.
തനിക്കെതിരെ പാകിസ്ഥാൻ ബാറ്റർമാർ അല്പം ഭയത്തോടെയാണ് കളിച്ചതെന്നും അത് തനിക്ക് ഗുണം ചെയ്തുവെന്നും കുൽദീപ് പറഞ്ഞു. “എനിക്കെതിരെ അവർ ആക്രമണം അഴിച്ചുവിട്ടിരുന്നില്ല. അതിനാൽ തന്നെ എന്റെ പേസിലും വേരിയേഷനിലുകളിലും മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. മത്സരത്തിലെ എന്റെ ആദ്യ 7 ഓവറുകളിൽ എനിക്ക് വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചില്ല.
എന്നിരുന്നാലും കൃത്യമായ ഏരിയകളിൽ ഞാൻ പന്ത് എറിഞ്ഞിരുന്നു. മാത്രമല്ല ബോൾ നല്ല രീതിയിൽ പ്രതികരിക്കുന്നുമുണ്ടായിരുന്നു. ഇത്തരം പീച്ചുകളിൽ എതിർ ടീം വളരെ മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കുമ്പോൾ, കൃത്യമായ സ്പോട്ടുകൾ കണ്ടെത്തി പന്തെറിയേണ്ടത് അത്യാവശ്യമാണ്.”- കുൽദീപ് പറഞ്ഞു.
മത്സരത്തിൽ പാകിസ്ഥാൻ ഇന്നിങ്സിലെ 33ആം ഓവറിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിമറിച്ച കുൽദീപിന്റെ ഓവർ പിറന്നത്. രോഹിത് ശർമയുടെ കൃത്യമായ കണക്കുകൂട്ടലുകൾ മൂലമാണ് തനിക്ക് ഓവർ എറിയാൻ അവസരം ലഭിച്ചത് എന്ന് കുൽദീപ് പറഞ്ഞു. “രോഹിത് ഭായിയാണ് എന്നോട് ഒരു അധിക ഓവർ എറിയാൻ ആവശ്യപ്പെട്ടത്.
കാരണം അതിനു മുൻപ് ബാബർ ആസമിനെ സിറാജ് പുറത്താക്കി മികച്ച ഒരു അവസരം ഞങ്ങൾക്ക് നൽകിയിരുന്നു. കഴിഞ്ഞ ഓവർ മികച്ച രീതിയിൽ പോയതിനാൽ തന്നെ, എന്നോട് ഒരു എക്സ്ട്രാ ഓവറെറിയാൻ രോഹിത് ഭായി ആവശ്യപ്പെട്ടു. അങ്ങനെ എനിക്ക് രണ്ടു വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചു. ശേഷം പാക്കിസ്ഥാൻ തങ്ങളുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ നന്നായി വിഷമിച്ചു.”- കുൽദീപ് കൂട്ടിച്ചേർക്കുന്നു.
33ആം ഓവറിൽ സൗദ് ഷക്കീലിന്റെയും ഇഫ്തിക്കാറിന്റെയും വിക്കറ്റുകളാണ് കുൽദീപ് നേടിയത്. “ഞാൻ കുറച്ചധികം മത്സരങ്ങളായി സൗദ് ഷക്കീലിനെ ശ്രദ്ധിക്കുന്നുണ്ട്. അയാൾ കൂടുതലായി സ്വീപ്പ് ചെയ്യാനാണ് കൂടുതലായി ശ്രമിക്കുന്നത്. ബോൾ സ്ലോ ആയതിനാൽ തന്നെ സ്വീപ് ചെയ്യാൻ സാധിക്കുമെന്ന് അയാൾ ഇവിടെയും കരുതി. എന്നാൽ ബോൾ സ്‌കിഡ് ചെയ്യുകയാണ് ഉണ്ടായത്.”- കുൽദീപ് പറഞ്ഞുവയ്ക്കുന്നു. എന്തായാലും ഏകദിന ലോകകപ്പിൽ വളരെ മികച്ച തുടക്കം തന്നെയാണ് കുൽദീപിന് ലഭിച്ചിരിക്കുന്നത്.