ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ തന്റെ 49 ആമത്തെ സെഞ്ച്വറി കോഹ്ലി സ്വന്തമാക്കി. 119 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി സെഞ്ച്വറി നേടിയത്. കോഹ്ലിയുടെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 326 എന്ന വമ്പൻ സ്കോറിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷം ഇന്ത്യൻ ബോളർമാർ ദക്ഷിണാഫ്രിക്കയെ 83 എന്ന ചെറിയ സ്കോറിൽ ഒതുക്കുകയും ചെയ്തു. ഇതോടെ മത്സരത്തിൽ ഇന്ത്യ 243 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. വിരാട് കോഹ്ലിയായിരുന്നു മത്സരത്തിലെ താരം. മത്സരത്തിലെ മികച്ച ഇന്നിംഗ്സിനെ പറ്റി കോഹ്ലി സംസാരിക്കുകയുണ്ടായി.
തന്റെ ഹീറോയായ സച്ചിന്റെ റെക്കോർഡിനൊപ്പം എത്താൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട് എന്നാണ് കോഹ്ലി പറഞ്ഞത്. “ദക്ഷിണാഫ്രിക്കക്കെതിരെ നടന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു മത്സരമായിരുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രയാസകരമായ ടീമാണ് ദക്ഷിണാഫ്രിക്ക. അതിനാൽ തന്നെ വലിയ രീതിയിലുള്ള പ്രചോദനങ്ങൾ ഞങ്ങൾക്ക് ആവശ്യമായിരുന്നു. എന്റെ പിറന്നാൾ ദിവസം തന്നെ ഇത്തരം ഒരു മികച്ച ഇന്നിങ്സ് കാഴ്ചവെക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യലാണ്. ഇന്ന് വളരെ ആവേശത്തോടെ തന്നെയാണ് ഞാൻ ഉണർന്നത്. പലപ്പോഴും പുറത്തു നിന്നുള്ള ആളുകൾ വ്യത്യസ്തമായാണ് മത്സരത്തിൽ കാണുന്നത്. ഓപ്പണർമാർ മത്സരത്തിൽ മികച്ച തുടക്കം നൽകി. ആ സമയത്ത് ഇതൊരു ബാറ്റിംഗ് പിച്ചാണ് എന്ന വികാരം ആരാധകർക്ക് ഉണ്ടായിരിക്കണം. എന്നാൽ സാഹചര്യങ്ങൾ പതിയെ വ്യത്യസ്തമായി മാറുകയായിരുന്നു.”- കോഹ്ലി പറഞ്ഞു.
“മത്സരത്തിലെ പ്രകടനത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്. 315 റൺസ് പിന്നിട്ടപ്പോൾ തന്നെ ശരാശരിക്ക് മുകളിൽ എത്തി എന്നത് ഞങ്ങൾക്ക് മനസ്സിലായിരുന്നു. ഞാൻ എന്റെ പ്രകടനം നന്നായി ആസ്വദിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദൈവം ഇത്തരം കാര്യങ്ങൾ എനിക്ക് നൽകിയതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എനിക്കിത് ഇന്ത്യൻ ടീമിനായി ചെയ്യാൻ പറ്റുന്നതിൽ വലിയ സന്തോഷമുണ്ട്.”- കോഹ്ലി കൂട്ടിച്ചേർത്തു.
“സച്ചിന്റെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ സാധിച്ചതും വലിയ അഭിമാനം നൽകുന്നു. എന്റെ ഹീറോയുടെ റെക്കോർഡിനൊപ്പം എത്തിച്ചേരുക എന്നത് എനിക്ക് വളരെ സ്പെഷ്യലാണ്. സച്ചിൻ ബാറ്റിംഗിൽ വളരെ പെർഫെക്ഷനുള്ള ഒരു ക്രിക്കറ്ററാണ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ സാധിച്ചത് വളരെ വൈകാരിക പരമായ നിമിഷമാണ് സമ്മാനിക്കുന്നത്. ഞാൻ എവിടെ നിന്നു വന്നു എന്ന ബോധ്യം എനിക്കുണ്ട്. അദ്ദേഹത്തെ ടിവിയിൽ കൊണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിച്ചത് എനിക്ക് ഒരു വലിയ കാര്യം തന്നെയാണ്.”- കോഹ്ലി പറഞ്ഞു വെക്കുന്നു.