ഇത് ഇന്ത്യൻ കരുത്ത് 🔥🔥 ദക്ഷിണാഫ്രിക്ക ജീവനും കൊണ്ടോടി. 243 റൺസിന്റെ കൂറ്റൻ വിജയം.

jadeja and kohli

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. പൂർണമായും ഏകപക്ഷിയമായ മത്സരത്തിൽ 243 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കായി വിരാട് കോഹ്ലിയും ശ്രേയസ് അയ്യറുമാണ് ബാറ്റിംഗിൽ തിളങ്ങിയത്. വിരാട് കോഹ്ലി തന്റെ 49ആം ഏകദിന സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. ബോളിങ്ങിൽ ഇന്ത്യക്കായി രവീന്ദ്ര ജഡേജ അടക്കമുള്ളവർ വളരെ മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ ഇന്ത്യ അനായാസം ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് ഇന്ത്യക്ക് സെമിഫൈനലിന് മുൻപ് ഒരുപാട് ആത്മവിശ്വാസം നൽകുമെന്ന് കരുതപ്പെടുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി വെടിക്കെട്ട് തുടക്കം തന്നെയാണ് നായകൻ രോഹിത് ശർമ നൽകിയത്. 24 പന്തുകളിൽ 6 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 40 റൺസ് രോഹിത് മത്സരത്തിൽ നേടുകയുണ്ടായി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരികെ വന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ കോഹ്ലിയും ശ്രേയസ് അയ്യരും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 134 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. വിരാട് കോഹ്ലി മത്സരത്തിൽ തന്നെ 49ആം സെഞ്ചുറി സ്വന്തമാക്കി. 119 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി സെഞ്ച്വറി നേടിയത്. 10 ബൗണ്ടറികളാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. അയ്യർ മത്സരത്തിൽ 87 പന്തുകളിൽ 77 റൺസ് നേടി.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.

ഇവർക്കൊപ്പം അവസാന ഓവറുകളിൽ സൂര്യകുമാർ യാദവും രവീന്ദ്ര ജഡേജയും മികവാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോൾ മത്സരത്തിൽ ഇന്ത്യ 326 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കം മുതൽ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുകി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിലെ ടോപ് സ്കോററായ ഡികോക്കിനെ തുടക്കത്തിൽ തന്നെ സിറാജ് കൂടാരം കയറ്റി. ശേഷം കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യക്കായി രവീന്ദ്ര ജഡേജയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 9 ഓവറുകൾ പന്തെറിഞ്ഞ ജഡേജ കേവലം 33 റൺസ് വിട്ടു നൽകി 5 വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. കൂടാതെ 2 വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷാമിയും കുൽദീപും മികവാർന്ന പ്രകടനം പുറത്തെടുത്തു. ഇതോടെ മത്സരത്തിൽ ഇന്ത്യ 243 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം നടക്കുന്നത്.

Scroll to Top