ഐപിൽ പതിനാലാം സീസണിൽ വീണ്ടും മറ്റൊരു ട്വിസ്റ്റ് സമ്മാനിച്ചുകൊണ്ട് സഞ്ജു സാംസൺ നായകനായിട്ടുള്ള രാജസ്ഥാൻ റോയൽസ് ടീമിനെ 7 വിക്കറ്റിന് വളരെ അനായാസം തോൽപ്പിച്ച് റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീമിന്റെ കുതിപ്പ്. പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റുകൾ കൂടി സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് എത്തിയ വിരാട് കോഹ്ലിയും സംഘവും പ്ലേഓഫിലേക്കുള്ള യോഗ്യതക്ക് ഏറെ അരികിലേക്കെത്തി. ബാറ്റിങ്, ബൗളിംഗ് പ്രകടനങ്ങളിൽ ബഹുദൂരം മുൻപിൽ നിന്ന കോഹ്ലിയും സംഘവും സീസണിലെ ആദ്യത്തെ കളിയിലും രാജസ്ഥാൻ ടീമിനെ തോൽപ്പിച്ചിരുന്നു.11 കളികളിൽ 4 ജയം മാത്രം കരസ്ഥമാക്കിയ സഞ്ജുവിനും ടീമിനും പക്ഷേ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുവെന്നതാണ് വാസ്തവം.മികച്ച ഒരു തുടക്കം ഓപ്പണിങ് ജോഡി ബാറ്റിങ്ങിൽ സമ്മാനിച്ചിട്ടും പിന്നീട് വന്ന ബാറ്റ്‌സ്മന്മാർ എല്ലാം പൂർണ്ണമായ പരാജയമായി മാറി.
എന്നാൽ മത്സരത്തിന് ശേഷം എവിൻ ലൂയിസും യശസ്സി ജെയ്സ്വാളും ചേർന്ന ഓപ്പണിങ് കോംബോയെ വാനോളം പുകഴ്ത്തിയ സഞ്ജു സാംസൺ ബൗളിംഗ് നിരയുടെ പ്രകടനത്തിലും സംതൃപ്തി പ്രകടിപ്പിച്ചു.മറ്റൊരു തോൽവി കൂടി ടീം നേരിടേണ്ടി വന്നതിൽ നായകൻ സഞ്ജു തന്റെ വിഷമം മത്സരത്തിന് ശേഷം തുറന്ന് പറഞ്ഞു. “ടീമിലെ ഓപ്പണർമാർ ഈ മത്സരത്തിലും പുറത്തെടുത്ത പ്രകടനം മികച്ചതാണ് എങ്കിലും ഞങ്ങൾക്ക് ആ തുടക്കം പിന്നീട് ഓവറുകളിൽ ഒരിക്കലും വിനിയോഗിക്കാൻ കഴിഞ്ഞില്ല.അവസാന ആഴ്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം നിരാശ മാത്രമാണ് സമ്മാനിച്ചത്.ഇനിയും ഞങ്ങൾ ഒരു വൻ പോരാട്ടമാണ് നടത്തേണ്ടത് “സഞ്ജു തന്റെ അഭിപ്രായം വിശദമാക്കി
അതേസമയം ശേഷിക്കുന്ന മൂന്ന് കളികൾ ജയിച്ചാൽ ഇനിയും രാജസ്ഥാൻ ടീമിന് ഒരു സാധ്യതയുണ്ടെന്നും പറഞ്ഞ സഞ്ജു വാചാലനായി. “മിഡിൽ ഓർഡർ ബാറ്റിങ് മെച്ചപെടേണ്ടതുണ്ട്. അവർക്ക് ഇനിയും ആത്മവിശ്വാസം ലഭിക്കേണ്ടതുണ്ട്.ഈ വിക്കറ്റിൽ വ്യത്യസ്ത പേസ് കാണുവാൻ തുടങ്ങിയിരിന്നു. അതിനാൽ തന്നെ പല ബാറ്റ്‌സ്മാന്മാർക്കും ഷോട്ടുകൾ എല്ലാം പ്രതീക്ഷിച്ച പോലെ കളിക്കാനായിട്ടില്ല. കൂടാതെ അവർ എല്ലാവരും മോശം ഷോട്ട് കളിക്കാനുള്ള കാരണവും ഇതാണ്.”താരം വ്യക്തമാക്കി
“ഞങ്ങൾക്ക് ഇപ്പോൾ നഷ്ടമാകുവാൻ ഒന്നുമില്ല എന്നൊരു സാഹചര്യമാണ്. ബാക്കി മത്സരങ്ങളിൽ അത് യാതൊരു വിധത്തിൽ സമ്മർദ്ദമില്ലാതെ കളിക്കാൻ സഹായിക്കും.ഐപിഎല്ലിൽ എക്കാലവും രസകരമായ ചില സംഭവങ്ങൾ കൂടി നടക്കാറുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾക്ക് തിരികെ മികവിലേക്ക് വരാൻ കഴിയുമെന്നാണ് വിശ്വാസം”നായകൻ സഞ്ജു സാംസൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു