ഈ ലോകകപ്പിൽ രോഹിത് ക്യാപ്റ്റനാവണം:വമ്പൻ ആവശ്യവുമായി ഗവാസ്ക്കർ

ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഇന്ത്യൻ ടി :20 നായക സ്ഥാനം താൻ ഒഴിയുന്നുവെന്ന കാര്യം വിരാട് കോഹ്ലി അറിയിച്ചത്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റിലും നയിക്കുന്ന വിരാട് കോഹ്ലി അനേകം ക്യാപ്റ്റൻസി റെക്കോർഡുകൾ നേടിയ ശേഷമാണ് ഇപ്പോൾ ടി :20ടീമിന്റെ നായക കുപ്പായം അഴിക്കുന്നത്. കൂടാതെ ഐപിഎല്ലിലെ നായകസ്ഥാനത്തിൽ നിന്നും ഒഴിയുന്ന കാര്യവും വിരാട് കോഹ്ലി വിശദമാക്കിയിരിന്നു. കോഹ്ലിക്ക് ശേഷം സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ടി :20 ടീമിന്റെ ക്യാപ്റ്റനായി എത്തുമെന്നാണ് നിലവിലെ സൂചന. കൂടാതെ 2022ലെ ടി :20 ക്രിക്കറ്റ് ലോകകപ്പിനായി നായകൻ രോഹിത്തിന്റെ നേതൃത്വത്തിൽ ടീമിനെ അണിനിരത്താനാണ് ബിസിസിഐയുടെ ആലോചന. ക്യാപ്റ്റൻസി ഒഴിയുമെന്ന് അറിയിച്ചെങ്കിലും ഒരു ബാറ്റ്‌സ്മാനായി കോഹ്ലി ഇന്ത്യൻ ടി :20 ടീമിൽ തുടരും

അതേസമയം കോഹ്ലിയുടെ ക്യാപ്റ്റൻസി റോൾ വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് മുൻപായി അവസാനിപ്പിക്കണമെന്ന് ആവശ്യപെടുകയാണ് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ. ഐപിൽ ശേഷം ആരംഭിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ്മയാവണം ഇന്ത്യൻ ടീമിനെ നയിക്കേണ്ടതെന്നും അഭിപ്രായപ്പെട്ട ഗവാസ്ക്കർ രണ്ട് ക്രിക്കറ്റ് ലോകകപ്പുകളിലും രോഹിത് ശർമ്മ ടീമിനെ നയിക്കുന്നതാണ് ഉത്തമമെന്നും വിശദമാക്കി.

“കോഹ്ലിക്ക് ശേഷം രോഹിത് ക്യാപ്റ്റൻസി റോളിൽ എത്തുമെന്ന് ഏറെക്കുറെ ഉറപ്പ് തന്നെയാണ്. എന്റെ അഭിപ്രായത്തിൽ ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷമല്ല. ഈ ലോകകപ്പിൽ തന്നെ രോഹിത് ഇന്ത്യൻ ടി :20 ടീം നായകനായി വരണം.1 വർഷത്തെ ഗ്യാപ്പിലാണ് രണ്ട് ലോകകപ്പുകൾ കൂടി വരുന്നത്. അതിനാൽ തന്നെ നായകനെ മാറ്റുന്നത് ശരിയല്ല. രണ്ട് ലോകകപ്പിലും രോഹിത് ശർമ്മ നയിക്കട്ടെയെന്ന് ഞാൻ പറയാൻ കാരണം ഇതാണ്. യൂഎഇയിലെ ലോകകപ്പിലും 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും രോഹിത് ശർമ്മ ടി :20 ക്യാപ്റ്റനായി വരട്ടേ. രോഹിത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡുകളെ കുറിച്ച് ആർക്കാണ് സംശയം ” ഗവാസ്ക്കർ നിലപാട് വ്യക്തമാക്കി.