വീണ്ടും ഇന്ത്യൻ ടീം മാനേജ്മെന്റിനും ബിസിസിഐക്കും പുല്ലുവില കൽപ്പിച്ച് ഇഷാൻ കിഷൻ. സമീപകാലത്ത് ഇഷാൻ കിഷനുമായി ബന്ധപ്പെട്ട ഒരുപാട് വിവാദങ്ങൾ ഇന്ത്യൻ ടീമിൽ ഉണ്ടായിട്ടുണ്ട്. ഇഷാൻ കിഷൻ പല കാരണങ്ങൾ കൊണ്ടും ഇന്ത്യയുടെ സീനിയർ ടീമിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ശേഷം ഇഷാൻ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിക്കണമെന്നും തിരിച്ച് ടീമിലേക്ക് തിരികെ വരണമെന്നും ഇന്ത്യൻ ടീം മാനേജ്മെന്റ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാർഖണ്ഡിന്റെ അവസാന രഞ്ജി ട്രോഫി മത്സരത്തിലും ഇഷാൻ കിഷൻ കളിക്കുന്നില്ല എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജാർഖണ്ഡിന്റെ രാജസ്ഥാനെതിരായ മത്സരത്തിലെ ടീമിൽ ഇഷാൻ കിഷനെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ബിസിസിഐയും ഇഷാൻ കിഷനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ തുറന്നു കാട്ടുന്നു.
ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇത്തരത്തിൽ താരങ്ങൾ മാറിനിൽക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായി സംസാരിച്ചിരുന്നു. ബിസിസിഐയുമായി കോൺട്രാക്ട് ഉള്ള താരങ്ങൾ കൃത്യമായി മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് ജയ് ഷാ അറിയിച്ചത്. ഇതിന് ശേഷവും ഇഷാൻ കിഷൻ രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. ഇതുവരെ ഈ സീസണിൽ ജാർഖണ്ഡ് ടീമിനായി ഒരു രഞ്ജി ട്രോഫി മത്സരം പോലും കിഷൻ കളിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുൻപായിരുന്നു ഇഷാൻ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ടീമിൽ മാറിനിന്നത്. ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയിൽ നടന്ന ട്വന്റി20 പരമ്പരയിലും കിഷനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട്, നിലവിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ നിന്നും കിഷനെ മാറ്റി നിർത്തിയിരുന്നു.
ശേഷം ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഇക്കാര്യത്തെ സംബന്ധിച്ചുള്ള വ്യക്തമായ സൂചന നൽകുകയുണ്ടായി. ഇഷാൻ കിഷൻ ആദ്യം സ്വയമേ കളിക്കാൻ തയ്യാറാവണമെന്നും പിന്നീട് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ കഴിവ് തെളിയിച്ചുകൊണ്ട് സീനിയർ ടീമിലേക്ക് തിരികെ വരണം എന്നുമാണ് രാഹുൽ ദ്രാവിഡ് പറഞ്ഞത്.
എന്നാൽ ദ്രാവിഡിന്റെ ഈ ഉപദേശവും കൈക്കൊള്ളാൻ കിഷൻ തയ്യാറായിട്ടില്ല. തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും ജാർഖണ്ഡ് കുമാർ കുശാഗ്ര എന്ന വിക്കറ്റ് കീപ്പറെയാണ് കളിപ്പിക്കുന്നത്. അതേസമയം ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയോടൊപ്പം പരിശീലനം ആരംഭിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പക്ഷേ നിരന്തരം ഇഷാൻ കിഷൻ ബിസിസിഐയെ ഇത്തരത്തിൽ അനുസരിക്കാതെ വരുന്നത് വലിയ നിരാശ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ കരിയറിന്റെ മികച്ച ഒരു സമയത്ത് ഇത്തരത്തിൽ മാറിനിൽക്കുന്നത് ഇഷാനെ ബാധിക്കാനും സാധ്യതയുണ്ട്. സമീപകാലങ്ങളിൽ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങളാണ് കിഷൻ പുറത്തെടുത്തിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ സമയങ്ങളിൽ കിഷനുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്തായാലും ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ പുറത്തുവരും എന്നാണ് കരുതുന്നത്.