ബംഗ്ലാദേശിനെതിരെ ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു യുവതാരം ഇഷാൻ കിഷൻ പുറത്തെടുത്തത്. തകർപ്പൻ ഡബിൾ സെഞ്ച്വറി നേടി ഇന്ത്യൻ ഇതിഹാസ താരങ്ങളുടെ കൂടെ ഇടം നേടുവാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ ഡബിൾ സെഞ്ച്വറി നേടിയെങ്കിലും ഔട്ട് ആയതിൽ തനിക്ക് വലിയ നിരാശ ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ യുവതാരം.
126 പന്തുകളിൽ നിന്നാണ് താരം തൻ്റെ ആദ്യ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. 10 സിക്സറുകളും 24 ഫോറുകളും അടക്കം 131 പന്തിൽ 210 റൺസ് നേടിയാണ് താര പുറത്തായത്. 36 ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു താരം പുറത്തായത്. പുറത്തായതിൽ തനിക്ക് നിരാശ ഉണ്ടെന്നും ട്രിബിൾ സെഞ്ച്വറി നേടുവാൻ തനിക്ക് അവസരം ഉണ്ടായിരുന്നു എന്നും മത്സര ശേഷം ഇഷാൻ കിഷൻ പറഞ്ഞു.
“ബാറ്റിംഗിന് അനുകൂലമായ വിക്കറ്റ് ആയിരുന്നു ഇത്. വളരെ വ്യക്തമായ ലക്ഷ്യം ആയിരുന്നു എന്റേത്. പന്ത് അവിടെയുണ്ടെങ്കിൽ ബൗണ്ടറി നേടുക. ഇതിഹാസ താരങ്ങളുടെ ഡബിൾ നേടിയവരുടെ പട്ടികയിൽ ഇടം നേടിയതിൽ ഞാൻ ഭാഗ്യവാനാണ്. എനിക്ക് 300 റൺസ് നേടുവാൻ സാധിക്കുമായിരുന്നു. 15 ഓവറുകൾ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുറത്തായതിൽ എനിക്ക് നിരാശയുണ്ട്. ഞാൻ എന്നിൽ അധികം സമ്മർദ്ദം നൽകുന്നില്ല.
ലഭിച്ച അവസരം മികച്ച രീതിയിൽ മുതലാക്കുക എന്നതാണ് എൻ്റെ ലക്ഷ്യം.”- ഇഷാൻ കിഷൻ പറഞ്ഞു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരമാണ് ഇഷാൻ കിഷൻ. ഇന്ത്യക്ക് വേണ്ടി ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാൻ കൂടിയായി യുവതാരം മാറി. നേരത്തെ ഇന്ത്യക്ക് വേണ്ടി സച്ചിൻ ടെണ്ടുൽക്കർ,സെവാഗ്, രോഹിത് ശർമ എന്നിവരാണ് ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയിട്ടുള്ളത്.