ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റായ ബുച്ചി ബാബു ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇഷാൻ കിഷൻ തന്റെ മടങ്ങിവരവിനുള്ള സൂചനകള്‍ നൽകിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനായി 114 റൺസാണ് ഇഷാൻ കിഷൻ സ്വന്തമാക്കിയത്. മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് തകർപ്പൻ സെഞ്ച്വറിയുമായി ഇഷാൻ കളം നിറഞ്ഞത്. ഇതോടെ സഞ്ജു സാംസൺ അടക്കമുള്ള മറ്റു ഇന്ത്യൻ വിക്കറ്റ് കീപ്പർമാർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഈ പ്രകടനത്തോടെ ബിസിസിഐയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഇഷാൻ കിഷന് സാധിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്.
കഴിഞ്ഞ സമയങ്ങളിൽ വലിയ തിരിച്ചടി തന്നെ നേരിട്ട താരമാണ് കിഷൻ. ബിസിസിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കിഷന് ഇന്ത്യയുടെ കേന്ദ്ര കരാർ നഷ്ടപ്പെട്ടിരുന്നു. ശേഷമാണ് ബുച്ചിബാബു ടൂർണമെന്റിൽ കളിക്കാൻ കിഷാൻ തയ്യാറായത്. മത്സരത്തിൽ ആറാം നമ്പറിൽ ജാർഖണ്ടിനായി ബാറ്റിംഗിനെത്തിയ കിഷൻ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെ കാഴ്ചവെച്ചു. 105 പന്തുകൾ നേരിട്ടാണ് കിഷൻ 114 റൺസ് ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ക്രീസിലെത്തിയ ഉടൻ തന്നെ വമ്പൻ ഷോട്ടുകൾ കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. ബോളർമാരെ പൂർണമായും അടിച്ചു തകർത്താണ് കിഷൻ ഈ നേട്ടം സ്വന്തമാക്കിയത്.
10 സിക്സറുകളായിരുന്നു കിഷന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഇഷാൻ കിഷൻ. ടൂർണ്ണമെന്റിന് ശേഷമാണ് വലിയൊരു ഇടവേള കിഷൻ എടുത്തത്. ഇന്ത്യൻ ടീമിൽ ക്ഷീണിതനായതു കൊണ്ടാണ് ഇത്തരമൊരു ഇടവേള എടുക്കാൻ തയ്യാറായത് എന്ന് കിഷൻ പിന്നീട് പറഞ്ഞിരുന്നു. പക്ഷേ ഇതിന് ശേഷം ബിസിസിഐയുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കിഷൻ തയ്യാറായില്ല. ഇതോടെ കിഷനെയും ശ്രേയസ് അയ്യരെയും ഇന്ത്യ തങ്ങളുടെ കേന്ദ്ര കരാറിൽ നിന്ന് മാറ്റുകയായിരുന്നു. ഇതിന് ശേഷം ഇന്ത്യയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ കിഷന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തെ പറ്റി കിഷൻ സംസാരിച്ചിരുന്നു. “ഞാൻ ആ സമയത്ത് വേണ്ട രീതിയിൽ റൺസ് കണ്ടെത്തിയിരുന്നു. എന്നിട്ടും എനിക്ക് ടീമിന്റെ ബെഞ്ചിൽ തന്നെ തുടരേണ്ടി വന്നു. ചില സമയത്ത് ഇങ്ങനെ സംഭവിക്കാം. പക്ഷേ അന്ന് ഞാൻ വലിയ രീതിയിൽ ക്ഷീണിതനായിരുന്നു. ചില കാര്യങ്ങൾ എനിക്ക് പ്രതികൂലമായി വന്നു. അതുകൊണ്ടുതന്നെ എനിക്ക് അത്ര നല്ല അനുഭവമായിരുന്നില്ല ആ സമയത്ത് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഞാൻ ക്രിക്കറ്റിൽ നിന്ന് അല്പം ഇടവേള എടുത്തത്. പക്ഷേ എന്റെ കുടുംബാംഗങ്ങൾക്കും അടുത്ത കൂട്ടുകാർക്കും മാത്രമാണ് ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്.”- കിഷൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞിരുന്നു