ന്യൂസിലാൻഡ് ടീമിനോട് കഴിഞ്ഞ ദിവസം വഴങ്ങിയ 8 വിക്കറ്റ് തോൽവി കോഹ്ലിക്കും ടീമിനും എല്ലാ അർഥത്തിലും ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് മുൻപ് ലഭിച്ച തിരിച്ചടിയാണ്. പാകിസ്ഥാൻ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോൽവി ഇന്ത്യൻ ടീമിനെ ചരിത്രപരമായ ഒരു നാണക്കേടിലേക് നയിച്ചപ്പോൾ വീണ്ടും ഒരിക്കൽ കൂടി ലോകകപ്പ് വേദിയിൽ കിവീസ് ടീം ഇന്ത്യയെ വീഴ്ത്തി. എന്നാൽ വരാനിരിക്കുന്ന ഗ്രൂപ്പിലെ മത്സരങ്ങൾ എല്ലാം ജയിച്ചാലും മറ്റുള്ള ടീമുകൾ പ്രകടനം കൂടി സെമി ഫൈനൽ യോഗ്യത നേടുവാൻ ആശ്രയിക്കേണ്ട സ്ഥിതിയിൽ തന്നെയാണ് ഇന്ത്യൻ ടീം. എന്നാൽ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ചും ഗംഭീർ വിമർശനം കടുപ്പിച്ചു.
ഇന്നലത്തെ മത്സരത്തിൽ രോഹിത്തിന് പകരം ഇഷാൻ കിഷനെ ഓപ്പണിങ് റോളിൽ കളിപ്പാക്കാനുള്ള ഇന്ത്യൻ ടീം തീരുമാനമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. രോഹിത് ശർമ്മയെ മാറ്റി പകരം ഇഷാൻ കിഷനെ കൊണ്ടുവന്നത് വളരെ ഏറെ നെഗറ്റീവ് തീരുമാനമായി മാറിയെന്നും ഗംഭീർ ചൂണ്ടികാട്ടി.നിലവിലെ ലോകത്തെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ തന്നെയാണ് രോഹിത് എന്നും മുൻ താരം ചൂണ്ടികാട്ടി.
“നിങ്ങളുടെ ടീമിനായി രോഹിത് ശർമ്മ ചെയ്യേണ്ട ജോലി ഇഷാൻ കിഷനെ പോലെ ഒരു ബാറ്റ്‌സ്മാൻ ചെയ്യുമെന്ന് വിശ്വസിക്കുന്നെങ്കിൽ ആ തീരുമാനം എല്ലാ അർഥത്തിലും തെറ്റാണ്.അതാണ് പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങളുടെ ചിന്താഗതി പൂർണമായി തെറ്റാണ്.ടി :20 ക്രിക്കറ്റിൽ നാല് അന്താരാഷ്ട്ര സെഞ്ച്വറി രോഹിത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ മത്സരത്തിലും അയാളാണ് ടീം ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങേണ്ടത്. അയാളെ മാറ്റി ഇഷാൻ കിഷനെ എന്തിന് കൊണ്ടുവരണം. ലിമിറ്റെഡ് ഓവർ ക്രിക്കറ്റിൽ രോഹിത് തന്നെയാണ് നിലവിലെ ഏറ്റവും ബെസ്റ്റ് “ഗംഭീർ തന്റെ അഭിപ്രായം വ്യക്തമാക്കി