സഞ്ജുവിന് പകരം ഇഷാൻ കിഷൻ ? സാഹചര്യം വ്യക്തമാക്കി മുൻ ഇന്ത്യൻ പേസർ.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇഷാൻ കിഷൻ. ഏകദിന പരമ്പരയിലെ 3 മത്സരങ്ങളിലും അർത്ഥസെഞ്ച്വറി നേടി ടോപ്പ് സ്കോററാവാൻ ഇഷാൻ കിഷന് സാധിച്ചിരുന്നു. എന്നാൽ ട്വന്റി20 പരമ്പരയിലേക്ക് വന്നപ്പോൾ ഇഷാൻ കിഷന്റെ നിഴൽ മാത്രമാണ് കാണാൻ സാധിച്ചത്. ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിലും പൂർണമായും പരാജയപ്പെട്ട കിഷനെ ഇന്ത്യ മൂന്നാം മത്സരത്തിൽ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇഷാനു പകരം യശസ്വി ജയ്സ്വാളിനെയാണ് ഇന്ത്യ മൂന്നാം മത്സരത്തിൽ മൈതാനത്തിറക്കിയത്. അതുകൊണ്ടുതന്നെ നാലാം മത്സരത്തിലും ജയിസ്വാൾ ഇന്ത്യൻ ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സഞ്ജു സാംസണ് പകരക്കാരനായി ഇഷാൻ കിഷൻ ടീമിൽ എത്തുമോ എന്ന സംശയം ആരാധകർക്കുണ്ട്. പക്ഷേ ഇഷാൻ കിഷന് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കണമെങ്കിൽ അയാൾ മധ്യനിരയിൽ ബാറ്റ് ചെയ്തു പഠിക്കേണ്ടി വരുമെന്നാണ് മുൻ ഇന്ത്യൻ താരം ആർപി സിംഗ് പറയുന്നത്.

നിലവിലെ ഇന്ത്യൻ ടീമിന്റെ ഘടന പരിശോധിച്ച ശേഷമാണ് ആർപി സിംഗ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. “വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കണമെങ്കിൽ ഇഷാൻ കിഷൻ 5ആം നമ്പറിൽ ബാറ്റ് ചെയ്ത് പരിശീലിക്കേണ്ടി വന്നേക്കും. കാരണം ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന സൂപ്പർ താരം കെ എൽ രാഹുലിന്റെ ബായ്ക്കപ്പായാണ് സെലക്ടർമാർ കിഷനെ പരിഗണിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏതുതരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യണം എന്നത് ഇഷാൻ കിഷാൻ പഠിക്കേണ്ടി വന്നേക്കും.”- ആർ പി സിംഗ് പറഞ്ഞു.

“രോഹിത് ശർമ ഏകദിന ടീമിലേക്ക് തിരികെ എത്തുമ്പോൾ ശുഭമാൻ ഗില്ലും രോഹിത് ശർമയുമാവും സ്വാഭാവികമായും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. ഗില്ലിന്റെ സമീപകാലത്തെ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാലും ലോകകപ്പിൽ ഗിൽ തന്നെ ഓപ്പണറായി എത്താനാണ് സാധ്യത. അങ്ങനെ ഇരുവരും ടോപ് ഓർഡറിൽ സ്ഥാനം കണ്ടെത്തിയാൽ ഇഷാൻ കിഷന് ടോപ്പ് ഓർഡറിലെ സ്ഥാനം നഷ്ടമാകും. പിന്നീട് കിഷനുള്ള ഏക വഴി ബാറ്റിംഗ് പൊസിഷനിൽ താഴേക്ക് ഇറങ്ങുക എന്നതാണ്.”- ആർ പി സിംഗ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യക്കായി മൂന്നാം ട്വന്റി20യിൽ തന്റെ അരങ്ങേറ്റം കുറിച്ച് ജയ്സ്വാളിന് ഇന്ത്യ ഇനിയും അവസരങ്ങൾ നൽകണമെന്നാണ് ആർ പി സിംഗ് പറഞ്ഞത്. “ജയസ്വാളിന് ഇന്ത്യ തുടർച്ചയായി 3 മത്സരങ്ങൾ നൽകേണ്ടതുണ്ട്. ഒരു മത്സരം നൽകിയശേഷം ഇത്തരമൊരു പുറത്തിരുത്താൻ സാധിക്കില്ല. കുറഞ്ഞത് 3 മുതൽ 5 മത്സരങ്ങൾ വരെയെങ്കിലും ജയിസ്വാളിന് ഇന്ത്യ നൽകണം. ഇതിനിടെ ഇയാൾ റൺസ് കണ്ടെത്തുകയാണെങ്കിൽ ട്വന്റി20 ടീമിൽ ഓപ്പണറായി തുടരണം.”- ആർ പി സിംഗ് പറഞ്ഞുവയ്ക്കുന്നു.

Previous articleഇന്ത്യയ്ക്ക് വേണ്ടി ഞാൻ ലോകകപ്പ് നേടും. 12 വർഷങ്ങളെങ്കിലും ടീമിൽ കളിക്കണമെന്ന് പൃഥ്വി ഷാ.
Next articleതിലക് വർമ്മയുടെ ഫിഫ്റ്റി നിഷേധിച്ചതിൽ യാതൊരു തെറ്റുമില്ല. ന്യായീകരണവുമായി ഹർഷ ഭോഗ്ലെ.