ഇന്ത്യയ്ക്ക് വേണ്ടി ഞാൻ ലോകകപ്പ് നേടും. 12 വർഷങ്ങളെങ്കിലും ടീമിൽ കളിക്കണമെന്ന് പൃഥ്വി ഷാ.

Prithvi Shaw 1

ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. പലപ്പോഴും ഫിറ്റ്നസും മറ്റും പറഞ്ഞ് ഇന്ത്യ പൃഥ്വി ഷായെ ടീമിൽ നിന്ന് അവഗണിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മികവാർന്ന പ്രകടനങ്ങളാണ് ഈ താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ റോയൽ ഏകദിനകപ്പിൽ സോമർസെറ്റ് ടീമിനെതിരായി തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ച വെച്ചുകൊണ്ടാണ് പൃഥ്വി ഷാ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് സോമർസെറ്റിനെതിരായ മത്സരത്തിൽ ഷാ നേടിയത്.

മത്സരത്തിൽ 153 പന്തുകളിൽ നിന്ന് 244 റൺസായിരുന്നു ഈ സൂപ്പർതാരത്തിന്റെ സമ്പാദ്യം. ടൂർണമെന്റിൽ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനും പൃഥ്വി ഷായ്ക്ക് സാധിച്ചു. മാത്രമല്ല ചെതേശ്വർ പൂജാരയ്ക്ക് ശേഷം ടൂർണമെന്റിൽ 150ന് മുകളിൽ റൺസ് കണ്ടെത്തുന്ന രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ.

23 കാരനായ ഷാ 81 പന്തിൽ നിന്നായിരുന്നു മത്സരത്തിൽ സെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം 129 പന്തുകളിൽ നിന്ന് തന്റെ ഡബിൾ സെഞ്ച്വറി സ്വന്തമാക്കാനും പൃഥ്വി ഷായ്ക്ക് സാധിച്ചു. മത്സരത്തിൽ 28 ബൗണ്ടറികളും 11 സിക്സറുകളുമാണ് ഷാ നേടിയത്. മത്സരത്തിലെ മികച്ച പ്രകടനത്തിനുശേഷം പൃഥ്വി ഷാ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

Read Also -  റിസ്‌വാനെ ധോണിയുമായി താരതമ്യം ചെയ്ത് പാക് ജേർണലിസ്റ്റ്. ഹർഭജന്റെ ചുട്ട മറുപടി.

“എനിക്ക് അടുത്ത 12 മുതൽ 14 വർഷം വരെ ഇന്ത്യയ്ക്കായി കളിക്കുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്യണം. എന്തുകൊണ്ടാണ് ഇന്ത്യ എന്നെ ടീമിൽ നിന്ന് പുറത്താക്കിയത് എന്ന് എനിക്കറിയില്ല. എന്റെ ഫിറ്റ്നസ് ഇന്ത്യൻ ടീമിന് യോജിച്ചതല്ല എന്നാണ് ചിലർ പറഞ്ഞത്. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ എല്ലാ ടെസ്റ്റുകളിലും വിജയിക്കാൻ എനിക്ക് സാധിച്ചിരുന്നു. പിന്നീട് എന്നെ ട്വന്റി20 ക്രിക്കറ്റിലേക്ക് തിരികെ വിളിച്ചെങ്കിലും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ കളിക്കാൻ എനിക്ക് അവസരം നൽകിയില്ല. ഇതിന്റെ പേരിൽ ആരോടും വഴക്കിടാൻ എനിക്ക് സാധിക്കില്ല. എന്തായാലും ഞാൻ മുൻപോട്ട് പോവുക തന്നെ ചെയ്യും.”- പൃഥ്വി ഷാ പറഞ്ഞു.

ഫിറ്റ്നസിനൊപ്പം പലപ്പോഴും മോശം ഫോമുകളും പൃഥ്വി ഷായെ ബാധിച്ചിട്ടുണ്ട്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഷാ കാഴ്ചവച്ചത്. ഇതൊക്കെയും ഷായെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്താനുള്ള കാരണങ്ങളാണ്. മാത്രമല്ല പ്രതിഭകളുടെ ധാരാളിത്തവും ഇന്ത്യൻ ടീമിൽ വലിയൊരു ഘടകമായി തന്നെ നിൽക്കുന്നു. എന്തായാലും വരും ദിവസങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top