ഐപിഎൽ പതിനഞ്ചാം സീസണിൽ 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ഇഷാൻ കിഷനെ വീണ്ടും സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ തിളങ്ങിയെങ്കിലും പിന്നീട് ബാറ്റിംഗിൽ അമ്പേ പരാജയപ്പെടുകയായിരുന്നു താരം. കടുത്ത വിമർശനമാണ് മോശം ബാറ്റിങ്ങിനെ തുടർന്ന് താരം നേരിടുന്നത്.
ഇപ്പോഴിതാ അതിനെതിരെ പ്രതികരിച് രംഗത്തെത്തിയിരിക്കുകയാണ് താരം. വിമർശിക്കുന്നവർക്ക് അതിൽ നിന്ന് ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെ എന്നാണ് താരം പറഞ്ഞത്. 11 കളികളിൽ നിന്ന് 321 റൺസാണ് താരത്തിൻ്റെ ഇതുവരെയുള്ള സമ്പാദ്യം. വിമർശനങ്ങൾക്ക് എതിരെയുള്ള താരത്തിൻ്റെ പ്രതികരണം വായിക്കാം..
“ആളുകൾ പലതും പറയാറുണ്ട്. അത് എന്തൊക്കെയാണെന്നു ഞാൻ പരിശോധിക്കാറില്ല. പുറത്തുനിന്നുള്ളവർക്ക് എന്തും പറായാമല്ലോ, കാരണം താരങ്ങളുടെ അവസ്ഥ സംബന്ധിച്ച് അവർക്കു യാതൊരു ധാരണയുമില്ല. ഫോൺ കയ്യിലെടുത്ത് അതിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ വളരെ എളുപ്പമാണ്,
സമൂഹ മാധ്യമങ്ങളിലെ ആളുകളുടെ വിമർശനങ്ങളും അഭിപ്രായ പ്രകടനങ്ങളും എന്നെ ബാധിക്കുകയേയില്ല. അത്തരം കാര്യങ്ങൾ കുത്തിക്കുറിക്കുന്നതിലാണ് അവർക്കു സന്തോഷം എങ്കിൽ അവർ അങ്ങനെതന്നെ ചെയ്യട്ടെ. അത് എന്നെ ബാധിക്കുന്ന വിഷയമല്ല.”- ഇഷാൻ കിഷൻ പറഞ്ഞു.