അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് വിജയം. സൗത്താഫ്രിക്ക ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ടിനു നിശ്ചിത 20 ഓവറില്‍ 190 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 21 റണ്‍സിന്‍റെ വിജയവുമായി സൗത്താഫ്രിക്ക പരമ്പരയില്‍ മുന്നിലെത്തി. അയര്‍ലണ്ടിന്‍റെ തുടര്‍ച്ചയായ ഏഴാം ടി20 പരാജയമാണിത്. നേരത്തെ ഇന്ത്യ, ന്യൂസിലന്‍റ് ടീമകളുടെ അടുത്തും വിജയത്തിനടുത്ത് എത്തി അയര്‍ലണ്ട് തോറ്റിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക അയര്‍ലണ്ടിനെതിരെ ഏറ്റവും ഉയര്‍ന്ന സ്കോറായ 211 റണ്‍സ് നേടി. 45 ന് 2 എന്ന നിലയില്‍ നിന്നും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റീസെ ഹെന്‍ററിക്ക്സ് (74) – ഏയ്ഡന്‍ മാര്‍ക്ക്രം (56) സംഖ്യമാണ് കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. തുടര്‍ച്ചയായ പന്തുകളില്‍ ഇവരെ നഷ്ടമായെങ്കിലും സ്റ്റബ്സ് (11 പന്തില്‍ 24) പ്രിട്ടോറിയൂസ് (7 പന്തില്‍ 21) എന്നിവര്‍ 4 ഓവറില്‍ 53 റണ്‍സ് നേടി സൗത്താഫ്രിക്കയ 200 കടത്തി.
വിജയലക്ഷ്യവുമായി ഇറങ്ങിയ അയര്‍ലണ്ട് ഒരു ഘട്ടത്തില്‍ 84 ന് 5 എന്ന നിലയിലായിരുന്നു. എന്നാല്‍ അവിടെ നിന്നും ഒത്തുചേര്‍ന്ന ലോര്‍ക്കാന്‍ ടക്കര്‍ (38 പന്തില്‍ 78) – ജോര്‍ജ്ജ് ഡോക്റെല്‍ (28 പന്തില്‍ 43) സംഖ്യം വിജയത്തിനായി പോരാടി. 47 പന്തില്‍ 86 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇരുവരും തൊട്ടടുത്ത പന്തുകളില്‍ പുറത്തായതോടെ വിജയം സൗത്താഫ്രിക്കൊപ്പമായി.
പ്രോട്ടീസിനു വേണ്ടി കേശവ് മഹാരാജ്, വെയ്ന്‍ പാര്‍ണല്‍, ഷംസി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്‍ഗീഡി, പ്രിട്ടോറീയൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ അവസാന മത്സരം ആഗസ്റ്റ് 5 ന് നടക്കും.