കൂറ്റന്‍ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സെമിഫൈനലില്‍ എത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാര്‍ബഡോസിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടി. 100 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാര്‍ബഡോസ് വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 4 വിക്കറ്റുമായി രേണുക സിങ്ങാണ് ബാര്‍ബഡോസിനെ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പ്രധാന താരങ്ങളായ സ്മൃതി മന്ദാനയും (5) ഹര്‍മ്മന്‍പ്രീത് കൗറും (0) ചെറിയ സ്കോറുകളില്‍ പുറത്തായെങ്കിലും ഇന്ത്യക്ക് മികച്ച സ്കോറില്‍ എത്താന്‍ കഴിഞ്ഞു. രണ്ടാം ഓവറില്‍ തന്നെ സ്മൃതിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഷഫാലി വെര്‍മ്മയുടെ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ റണ്‍ ഉയര്‍ത്തി. 26 പന്തില്‍ 7 ഫോറും 1 സിക്സുമായി 43 റണ്‍സാണ് ഷഫാലി നേടിയത്. അശ്രദ്ധയോടെ ഓടിയാണ് ഷഫാലി തന്‍റെ വിക്കറ്റ് നഷ്ടമാക്കിയത്.

മൂന്നാം നമ്പറില്‍ എത്തിയ ജെമീമ റോഡ്രിഗസ് അവസാനം വരെ ക്രീസില്‍ നിന്നു. അര്‍ദ്ധസെഞ്ചുറി നേടിയ താരം. 46 പന്തില്‍ 56 റണ്‍സ് നേടി. ടാനിയ ഭാട്ടിയ (6) പുറത്തായപ്പോള്‍ 34 റണ്‍സുമായി ദീപ്തി ശര്‍മ്മ പുറത്താകതെ നിന്നു.

343631

ചേസിങ്ങിനിറങ്ങിയ ബാര്‍ബഡോസിന് ആദ്യ ഓവറുകള്‍ മുതല്‍ വിക്കറ്റ് നഷ്ടമായി. അഞ്ചോവര്‍ അവസാനിക്കുമ്പോള്‍ 19 ന് 4 എന്ന നിലയിലായിരുന്നു ബാര്‍ബഡോസ് വനിതകള്‍. 4 ഓവറില്‍ 10 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ രേണുക സിങ്ങാണ് ടോപ്പ് ഓഡര്‍ തകര്‍ത്തത്. മേഖ്ന സിങ്ങ്, സ്നേഹ് റാണ, രാധ യാദവ്, ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ബാര്‍ബഡോസ് നിരയില്‍ 2 പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.

മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് എ യിൽ നിന്നും ഓസ്ട്രേലിയക്കൊപ്പം ഇന്ത്യ സെമിഫൈനൽ യോഗ്യത നേടി. ന്യൂസിലൻഡും ആതിഥേയരുമായ ഇംഗ്ലണ്ടുമാണ് സെമിഫൈനൽ യോഗ്യത നേടിയ മറ്റു ടീമുകൾ.