അവന്‍ വിലയേറിയ താരം. ലോകകപ്പില്‍ പ്രധാന താരമാകുമെന്ന് മുന്‍ പാക്ക് താരം

2022 ലെ ടി20 ലോകകപ്പിന് മുന്നോടിയായി രവിചന്ദ്രൻ അശ്വിന്റെ തകർപ്പൻ ഫോമിൽ ടീം ഇന്ത്യ ശരിക്കും സന്തോഷിക്കുമെന്ന് പാകിസ്ഥാൻ കീപ്പർ-ബാറ്റർ കമ്രാൻ അക്മൽ. വെസ്റ്റ് ഇൻഡീസിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിൽ രവിചന്ദ്രൻ അശ്വിന്‍റെ പ്രകടനം, തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ മുന്‍ പാക്ക് താരം എടുത്തു പറഞ്ഞു.

മൂന്നാം മത്സരത്തിൽ ഇന്ത്യന്‍ സ്പിന്നര്‍ അസാധാരണ പ്രകടനം നടത്തിയെന്നും വേരിയേഷനുകളിലൂടെ ബാറ്റർമാരെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അശ്വിന്‍റെ അനുഭവപരിചയം കണക്കിലെടുത്ത് ഇന്ത്യന്‍ ടി20 ടീമിന് വിലമതിക്കാനാവാത്ത സമ്പത്താണെന്ന് തെളിയിക്കാൻ കഴിയുമെന്ന് അക്മൽ അഭിപ്രായപ്പെട്ടു. മത്സരത്തിലെ മധ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രധാന താരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

343371

“രവിചന്ദ്രൻ അശ്വിൻ ഒരു തെളിയിക്കപ്പെട്ട താരമാണ്, ടി20 ലോകകപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ ഫോം ഇന്ത്യൻ ക്രിക്കറ്റിന് ഒരു നല്ല അടയാളമാണ്. തന്റെ വ്യതിയാനങ്ങൾ കൊണ്ട് അദ്ദേഹം ഒരിക്കൽ കൂടി മികച്ചു നിന്നു.”

“അദ്ദേഹത്തിന് ടി20 ക്രിക്കറ്റ് കളിച്ച് ധാരാളം പരിചയമുണ്ട്, ഒപ്പം ഒരു മാച്ച്‌വിന്നറാണ്. രവിചന്ദ്രൻ അശ്വിനെപ്പോലെ ഒരാൾ മധ്യ ഓവറുകളിൽ പന്തെറിയുന്നത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.” കമ്രാന്‍ അക്മല്‍ പറഞ്ഞു. ചൊവ്വാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ അശ്വിൻ തകര്‍പ്പന്‍ ബൗളിംഗാണ് നടത്തിയത്. മത്സരത്തില്‍ വിക്കറ്റുകള്‍ കിട്ടിയില്ലെങ്കിലും നാല് ഓവറില്‍ നിന്ന് 26 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്.