Category: IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

  • മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

    മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

    ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വെടിക്കെട്ട് ഫിനിഷിങ്ങുമായി മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ എട്ടാമനായി ക്രീസിലേത്തിയ ധോണി 9 പന്തുകളിൽ 28 റൺസാണ് നേടിയത്. മത്സരത്തിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമാണ് ധോണി നേടിയത്.

    311 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ധോണി ഇന്നിങ്സ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ പരിതാപകരമായ അവസ്ഥയിൽ നിന്ന ചെന്നൈ സൂപ്പർ കിങ്സിനെ 176 എന്ന ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഫിനിഷിങിന് സാധിച്ചിട്ടുണ്ട്.

    മത്സരത്തിൽ മോയിൻ അലി പുറത്തായ ശേഷമായിരുന്നു ധോണി ക്രീസിൽ എത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ മുഹ്സിൻ ഖാനെ ബൗണ്ടറി കടത്തിയാണ് ധോണി ആരംഭിച്ചത്. ശേഷം അടുത്ത പന്തിൽ തന്നെ ഒരു തകർപ്പൻ സ്കൂപ്പ് ഷോട്ടിലൂടെ വമ്പൻ സിക്സർ സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിച്ചു. തന്റെ പവർ പൂർണമായും ഉപേക്ഷിച്ച് നൂതന ഷോട്ടുകൾ കളിച്ചാണ് ധോണി കളം നിറഞ്ഞത്. ശേഷം ധോണിയുടെ കുത്തകയായ അവസാന ഓവറിൽ ഒരു ധോണി താണ്ഡവം തന്നെ കാണാൻ സാധിച്ചു. യാഷ് താക്കൂർ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ സിക്സർ നേടിയാണ് ധോണി കളം നിറഞ്ഞത്.

    ശേഷം അടുത്ത പന്തിലും ഒരു ബൗണ്ടറി സ്വന്തമാക്കാൻ ധോണിക്ക് സാധിച്ചു. പിന്നീട് അവസാന പന്തിലും ധോണി ഒരു ബൗണ്ടറി നേടിയതോടെ ചെന്നൈ മികച്ച നിലയിൽ എത്തുകയായിരുന്നു. എന്തായാലും ധോണി ആരാധകരെ സംബന്ധിച്ച് ഒരുപാട് ആവേശം ഉണർത്തുന്ന ഇന്നിംഗ്സാണ് മത്സരത്തിൽ താരം കളിച്ചത്. ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം ചേർന്ന് 13 പന്തുകളിൽ 35 റൺസ് ആണ് ധോണി സ്വന്തമാക്കിയത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അജിങ്ക്യ രഹാനെ ചെന്നൈക്കായി മികച്ച തുടക്കം നൽകി. എന്നാൽ മറ്റു മുൻനിര ബാറ്റർമാർക്ക് അത് മുതലെടുക്കാൻ സാധിച്ചില്ല.

    നാലാമനായി എത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്കായി മധ്യ ഓവറുകളിൽ കളം നിറഞ്ഞത്. 40 പന്തുകൾ നേരിട്ട ജഡേജ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 57 റൺസ് നേടി പുറത്താവാതെ നിന്നു. ഒപ്പം 20 പന്തുകളിൽ 30 റൺസ് നേടിയ മോയിൻ അലിയും മികവു പുലർത്തി. ശേഷമാണ് മഹേന്ദ്ര സിംഗ് ധോണി അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമല്ലാത്ത ലക്നൗവിലെ പിച്ചിൽ ചെന്നൈയെ സംബന്ധിച്ച് മികച്ച ഒരു സ്കോർ തന്നെയാണ് നേടിയിരിക്കുന്നത്.

  • ധോണി ഈ ഐപിഎൽ കൊണ്ട് കരിയർ അവസാനിപ്പിക്കരുത്. അഭ്യർത്ഥനയുമായി സ്‌റ്റെയ്‌ൻ.

    ധോണി ഈ ഐപിഎൽ കൊണ്ട് കരിയർ അവസാനിപ്പിക്കരുത്. അഭ്യർത്ഥനയുമായി സ്‌റ്റെയ്‌ൻ.

    ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ ശ്രദ്ധകേന്ദ്രം 42കാരനായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്. ക്രിക്കറ്റ് മൈതാനത്തിൽ തന്റെ അവസാന സമയങ്ങളിലും തട്ടുപൊളിപ്പൻ പ്രകടനങ്ങളുമായി ആരാധകരെ ഞെട്ടിക്കാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട്. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് മഹേന്ദ്ര സിംഗ് ധോണിയുടെ ഏറ്റവും അവസാനത്തെ സീസൺ ആയിരിക്കും എന്ന് ഇതിനോടകം തന്നെ പലരും വിധിയെഴുതി കഴിഞ്ഞു.

    എന്നാൽ ഈ സീസണോടുകൂടി മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കരുത് എന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയിൽ സ്റ്റെയിൻ. ഇന്ത്യൻ ഐപിഎൽ ആരാധകരെ മാത്രമല്ല ദക്ഷിണാഫ്രിക്കയിൽലടക്കം വലിയ രീതിയിലുള്ള പ്രചോദനങ്ങൾ സൃഷ്ടിക്കാൻ ധോണിയുടെ ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നാണ് സ്റ്റെയിൻ വിലയിരുത്തുന്നത്.

    എപ്പോഴൊക്കെ ധോണിയെ മൈതാനത്ത് കാണാൻ സാധിച്ചാലും അപ്പോഴൊക്കെയും വലിയൊരു മൂഡ് സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്ന് സ്റ്റെയിൻ വിലയിരുത്തുന്നു. അവിസ്മരണീയ പ്രകടനങ്ങൾ കൊണ്ട് ഇനിയും ആരാധകരെ കയ്യിലെടുക്കാൻ ധോണിക്ക് സാധിക്കും എന്നാണ് സ്റ്റെയിൻ വിശ്വസിക്കുന്നത്.

    ഇത്തവണത്തെ ഐപിഎല്ലിൽ നായകനായല്ല കളിക്കുന്നതെങ്കിലും, ഒരു നായകന്റെ കർത്തവ്യം തന്നെയാണ് ധോണി ചെയ്യുന്നത്. പല മത്സരങ്ങളിലും ബാറ്റിംഗിൽ വളരെ താഴെയാണ് ക്രീസിലെത്തുന്നതെങ്കിലും വലിയ ഇമ്പാക്ട് ഉണ്ടാക്കി മടങ്ങാൻ ധോണിക്ക് സാധിക്കുന്നുണ്ട്. ധോണിയുടെ ഈ കഴിവിനെ പറ്റിയാണ് സ്റ്റെയിൻ സംസാരിച്ചത്.

    “ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല ഇത് കൂടുതൽ ആവേശം പകരുന്നത്. ദക്ഷിണാഫ്രിക്കയിലും എനിക്കുമൊക്കെ സത്യസന്ധമായി പറഞ്ഞാൽ വലിയ ആവേശമാണ് ധോണിയുടെ പ്രകടനങ്ങൾ നൽകുന്നത്. ഞാൻ ഒരുപാട് ടിവി കാണുന്ന വ്യക്തിയല്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ എനിക്ക് ഒരുപാട് ടിവി കാണേണ്ടി വരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിയെ കാണുക എന്നതാണ് എന്റെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം ധോണി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. അതുതന്നെയാണ് നമ്മൾ ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു. ചില സമയത്ത് ധോണിയുടെ വമ്പൻ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ബോളറാണ് ഞാൻ.”- സ്റ്റെയിൻ പറഞ്ഞു.

    “ഇപ്പോൾ ഞാൻ ഒരു ആരാധകന്റെ വീക്ഷണത്തിലാണ് ധോണിയുടെ ബാറ്റിംഗ് കാണുന്നത്. ഞാൻ അത് ഒരുപാട് ഇഷ്ടപ്പെടുന്നു. ഞാൻ അർത്ഥമാക്കുന്നത് എന്തെന്നാൽ, ഇപ്പോൾ എനിക്ക് കൂടുതൽ നല്ല മൂഡ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയും ധോണി മൈതാനത്തിന് മധ്യത്തിൽ തുടരണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ അത് കൂടുതൽ ആവേശം നൽകും.”- സ്റ്റാർ സ്പോർട്സിൽ സംസാരിക്കവേ സ്റ്റെയിൻ പറഞ്ഞു. എന്നിരുന്നാലും തന്റെ കാൽമുട്ടിലെ പരിക്ക് ധോണിയെ ഇത്തവണ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ മറ്റൊരു ഐപിഎൽ സീസണിൽ ധോണി കളിക്കുമോ എന്ന കാര്യം വലിയ സംശയത്തിലാണ്.

  • 7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

    7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിംഗിൽ തന്റെ മോശം ഫോം തുടരുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഹർദിക്ക് കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം 10 റൺസ് മാത്രമാണ് ഹർദക്കിന് നേടാൻ സാധിച്ചത്.

    മുംബൈ മത്സരത്തിൽ 192 എന്ന ഉയർന്ന സ്കോർ കണ്ടെത്തിയിട്ടും ഹർദിക്കിന് വലിയ രീതിയിൽ സംഭാവന നൽകാൻ സാധിച്ചില്ല. ഇതുവരെ ഈ ഐപിഎല്ലിൽ 7 മത്സരങ്ങൾ കളിച്ച ഹർദിക് പാണ്ഡ്യ കേവലം 131 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഹർദിക്കിന്റെ ഈ മോശം ഫോം ഇന്ത്യൻ ടീമിനെ അടക്കം വലിയ രീതിയിൽ നിരാശയിൽ ആക്കിയിട്ടുണ്ട്.

    മുൻപ് മുംബൈ ഇന്ത്യൻസ് നായകനായി ഹർദിക് ചുമതലയേറ്റതിന് ശേഷം ആരാധകർക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പല മൈതാനങ്ങളിലും കൂകിവിളികളോടെയാണ് ആരാധകർ ഹർദിക്കിനെ വരവേറ്റത്. എന്നാൽ ഇതിനുള്ള പ്രധാന കാരണമായി മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത് ഹർദിക്കിന്റെ മോശം പ്രകടനങ്ങൾ തന്നെയാണ്.

    പാണ്ഡ്യ മികച്ചൊരു പ്രകടനം മത്സരത്തിൽ കാഴ്ചവച്ചാൽ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ അവസാനിക്കുമെന്ന് മുൻ താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ ഹർദിക് മോശം പ്രകടനങ്ങൾ തുടരുന്നത് ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വീണ്ടും കാരണമാകുന്നു.

    പഞ്ചാബിനെതിരായ മത്സരത്തിൽ കേവലം 6 പന്തുകളിൽ നിന്നാണ് ഹർദിക് പാണ്ഡ്യ 10 റൺസ് നേടിയത്. പക്ഷേ മത്സരത്തിൽ ഹർഷൽ പട്ടേലിനെ സിക്സറിന് പറത്താൻ ശ്രമിച്ച പാണ്ഡ്യ പുറത്താവുകയുണ്ടായി. ഈ ഐപിഎല്ലിൽ വമ്പൻ സ്കോറുകൾ പിറന്ന മത്സരങ്ങളിലൊക്കെയും മോശം പ്രകടനമാണ് ഹർദിക് കാഴ്ചവെച്ചത്.

    ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 278 എന്ന വമ്പൻ സ്കോർ ആയിരുന്നു. ഈ മത്സരത്തിൽ 20 പന്തുകൾ നേരിട്ട് പാണ്ഡ്യ നേടിയത് കേവലം 24 റൺസ് മാത്രമാണ്. മറ്റുള്ള ബാറ്റർമാർ മുംബൈക്കായി 180ന് മുകളിൽ സ്ട്രൈക്ക് റേറ്റ് പുലർത്തുമ്പോൾ ഹർദിക് മാത്രമാണ് ഇത്തരത്തിൽ പ്രതിരോധ ഇന്നിങ്സ് കാഴ്ച വെക്കുന്നത്.

    ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും അത്ര മികച്ച പ്രകടനമല്ല ഹർദിക്ക് കാഴ്ച വെച്ചിട്ടുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അവസാന ഓവറെറിഞ്ഞ ഹർദിക്കിനെതിരെ മഹേന്ദ്ര സിംഗ് ധോണി 3 പടുകൂറ്റൻ സിക്സറുകൾ നേടുകയുണ്ടായി. ഇതിന് ശേഷം ഹർദിക്കിന്റെ ബോളിങ്ങിനെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

    ഇത്തരത്തിൽ ഹർദിക്ക് ബോൾ ചെയ്യുന്നത് ഇന്ത്യൻ ടീമിനെയടക്കം നിരാശപ്പെടുത്തുന്നുണ്ട് എന്നാണ് ഗവാസ്കർ പറഞ്ഞത്. എന്നാൽ ഹാർദിക്കിന് പിന്തുണയുമായി മുംബൈയുടെ അസിസ്റ്റന്റ് കോച്ച് കീറോൺ പൊള്ളാർഡ് രംഗത്തെത്തുകയുണ്ടായി. ഇത്തരം പ്രശ്നങ്ങൾ ഹർദിക്കിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ല എന്നായിരുന്നു പൊള്ളാർഡിന്റെ വാദം.

  • 17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ “പ്ലാൻ ബി”.

    17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ “പ്ലാൻ ബി”.

    പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രില്ലിംഗ് വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് ബാറ്റിംഗിനെ പൂർണമായും വിറപ്പിച്ചു കൊണ്ടായിരുന്നു മുംബൈ ബോളിംഗ് ആരംഭിച്ചത്. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ പഞ്ചാബിന്റെ 4 വിക്കറ്റുകൾ പിഴുതെറിയാൻ മുംബൈയ്ക്ക് സാധിച്ചു. എന്നാൽ ശശാങ്ക് സിങും ആശുടോഷ് ശർമയും തങ്ങളുടെ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചപ്പോൾ പഞ്ചാബ് വിജയത്തിൽ എത്തുമെന്ന് എല്ലാവരും കരുതി.

    എന്നാൽ അവസാന ഓവറുകളിൽ മുംബൈ ബോളർമാർ തീയായി മാറിയതോടെ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. മുംബൈയുടെ വിജയത്തിൽ പ്രധാനമായി മാറിയത് ജസ്‌പ്രീറ്റ് ബുമ്ര എറിഞ്ഞ പതിനേഴാം ഓവറായിരുന്നു.

    അവസാന 4 ഓവറുകളിൽ കേവലം 28 റൺസ് മാത്രമായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്താണ് ബൂമ്ര എല്ലാവരെയും ഞെട്ടിച്ചത്. ഓവറിൽ വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും കേവലം 3 റൺസ് മാത്രമാണ് ബൂമ്ര വിട്ട് നൽകിയത്. ഇത് പഞ്ചാബിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും പരാജയത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

    പക്ഷേ ഇവിടെ വിജയം കണ്ടത് മുംബൈ നായകൻ ഹർദിക് പാണ്ട്യയുടെ തന്ത്രമായിരുന്നില്ല. രോഹിത് ശർമ നൽകിയ ഉപദേശമാണ് മത്സരത്തിൽ മുംബൈയുടെ ജയത്തിൽ നിർണായ പങ്കുവഹിച്ചത്. 24 പന്തുകളിൽ 28 റൺസ് വിജയിക്കാൻ വേണമെന്നിരിക്കെ ഹർദിക് പാണ്ട്യയായിരുന്നു പതിനേഴാം ഓവർ എറിയാൻ തീരുമാനിച്ചത്.

    ആ സമയത്ത് ബുമ്രയ്ക്ക് അവശേഷിച്ചിരുന്നത് കേവലം ഒരു ഓവർ മാത്രമാണ്. അതിനാൽ തന്നെ പതിനേഴാം ഓവർ താൻ എറിയാനും പതിനെട്ടാം ഓവർ ബൂമ്രയ്ക്ക് നൽകാനുമാണ് ക്യാപ്റ്റൻ പാണ്ഡ്യ തീരുമാനിച്ചത്. പക്ഷേ പതിനേഴാം ഓവറെറിയാൻ പാണ്ഡ്യ തയ്യാറെടുപ്പുകൾ നടത്തിയ സമയത്ത് രോഹിത് ശർമ ഉപദേശവുമായി പാണ്ഡ്യയുടെ അടുത്തെത്തി.

    ശേഷം പതിനേഴാം ഓവർ ബൂമ്രയെ കൊണ്ട് എറിയിക്കണമെന്ന നിർദ്ദേശവും ഹർദ്ദിക്കിന് നൽകുകയുണ്ടായി. ഇത് ഹർദിക്ക് പാലിക്കുകയായിരുന്നു. ഓവറിൽ വിക്കറ്റ് നേടാൻ സാധിച്ചില്ലെങ്കിലും 3 റൺസ് മാത്രമാണ് ബൂമ്ര വിട്ടു നൽകിയത്.

    ഇതോടെ പഞ്ചാബിലേക്ക് പൂർണ്ണമായ സമ്മർദ്ദമെത്തി. അടുത്ത ഓവറിൽ തന്നെ കോയറ്റ്സി ഈ സമ്മർദ്ദം മുതലാക്കി. തന്റെ സ്ലോ ഷോർട്ട് ബോളുകൾ നന്നായി ഉപയോഗിച്ച കോയറ്റ്സിയ്ക്ക് അപകടകാരിയായ ആശുതോഷിന്റെ വിക്കറ്റ് ലഭിക്കുകയും ചെയ്തു.

    ഇങ്ങനെ മത്സരം മുംബൈയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. മത്സരത്തിന്റെ 18ആം ഓവറിൽ 2 റൺസ് മാത്രമാണ് കോയറ്റ്സി വിട്ടു നൽകിയത് ശേഷം 19 ആം ഓവറിൽ ഹർദിക് പാണ്ഡ്യ 11 റൺസ് വിട്ടുനൽകി. ഈ ഓവറിൽ ഹർപ്രിറ്റ് ബ്രാറിന്റെ വിക്കറ്റും പാണ്ഡ്യ സ്വന്തമാക്കിയിരുന്നു.

  • ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

    ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

    പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് മേൽ പിഴ ചുമത്തി ബിസിസിഐ. ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചു എന്നതിന്റെ പേരിലാണ് ഹർദിക് പാണ്ഡ്യക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്.

    മത്സരത്തിൽ സ്ലോ ഓവർ റൈറ്റ് മെയിന്റയിൻ ചെയ്തതിനാണ് ഹർദിക്കിന് വമ്പൻ പിഴ ബിസിസിഐ നൽകിയത്. 12 ലക്ഷം രൂപയാണ് ഹർദിക്കിന് പിഴയായി നൽകേണ്ടത്. ഇതേ സംബന്ധിച്ചുള്ള പ്രസ്താവനയും ബിസിസിഐ പുറത്തു വിട്ടിട്ടുണ്ട്. പഞ്ചാബിന്റെ മുംബൈയ്ക്കെതിരായ മത്സരത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ഹർദിക്കിന് പിഴ ചുമത്തിയത്.

    “മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ ചുമത്തുകയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിനിടെയാണ് സ്ലോ ഓവർ റേറ്റ് ഉണ്ടായത്. ഏപ്രിൽ 18ന് മുള്ളൻപൂരിൽ നടന്ന മത്സരത്തിലാണ് ഇത്തരം ഒരു ലംഘനം ഉണ്ടായത്.”- ബിസിസിഐ പറഞ്ഞു

    “സ്ലോ ഓവർ റേറ്റിന്റെ പേരിലുള്ള മുംബൈയുടെ ഈ സീസണിലെ ആദ്യ നിയമലംഘനമാണ് ഇത്. അതുകൊണ്ടാണ് 12 ലക്ഷം രൂപ പാണ്ഡ്യയ്ക്ക് പിഴ ചുമത്തിയത്.”- ബിസിസിഐ കുറിപ്പിൽ കൂട്ടിച്ചേർത്തു.

    പഞ്ചാബിനെതിരായ മത്സരത്തിൽ ഇത്തരത്തിൽ ഓവർ റേറ്റിൽ വന്ന കുറവ് മുംബൈയുടെ വിജയത്തെ പോലും സ്വാധീനിച്ചിരുന്നു. മത്സരത്തിന്റെ നിർണായക സമയത്ത് കേവലം 4 ഫീൽഡർമാരെ മാത്രമാണ് 30 വാര സർക്കിളിന് പുറത്തു നിർത്താൻ മുംബൈയ്ക്ക് സാധിച്ചത്. അവസാന 2 ഓവറുകളിൽ ഇത് മുംബൈയെ വലിയ രീതിയിൽ ബാധിക്കും എന്ന പ്രതീക്ഷ വന്നിരുന്നു.

    എന്നാൽ മുംബൈയുടെ ബോളർമാർ അവസാന സമയങ്ങളിൽ മികവ് പുലർത്തിയത് ടീമിന് വലിയ ആശ്വാസമായി. മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 23 റൺസായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് 4 ഫീൽഡർമാരെ മാത്രമേ 30 വാര സർക്കിളിന് പുറത്ത് മുംബൈയ്ക്ക് നിർത്താൻ സാധിക്കുമായിരുന്നുള്ളൂ.

    മത്സരത്തിന്റെ പത്തൊമ്പതാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ 3 പന്തുകളിൽ കേവലം 4 റൺസ് മാത്രമായിരുന്നു വിട്ടു നൽകിയത്. മാത്രമല്ല നാലാം പന്തിൽ അപകടകാരിയായ ഹർപ്രിറ്റ് ബ്രാറിന്റെ വിക്കറ്റ് സ്വന്തമാക്കാനും ഹർദ്ദിക്കിന് സാധിച്ചു.

    ശേഷം പതിനൊന്നാമനായി ക്രീസിലെത്തിയ റബാഡ ആദ്യ പന്തിൽ തന്നെ ഹർദിക്കിനെതിരെ സിക്സർ നേടിയിരുന്നു. അങ്ങനെയാണ് പഞ്ചാബിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 12 റൺസായി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ റബാഡയെ പുറത്താക്കി മുംബൈ മത്സരത്തിൽ വിജയം നേടുകയായിരുന്നു. മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

  • അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

    അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

    ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ വിവാദ പരാമർശവുമായി മുൻ താരം ടോം മൂഡി. മത്സരത്തിൽ മുംബൈയ്ക്ക് അനുകൂലമായി അമ്പയർ തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന വിമർശനം ഉയർത്തിയാണ് മൂഡി രംഗത്ത് വന്നിരിക്കുന്നത്.

    മത്സരത്തിൽ അമ്പയർ എടുത്ത ഒരു തീരുമാനം ചൂണ്ടിക്കാട്ടിയാണ് മൂഡിയുടെ വിമർശനം. മുംബൈ ഇന്നിങ്സിന്റെ പതിനാറാം ഓവറിൽ നടന്ന ഒരു സംഭവമാണ് മൂഡി ചൂണ്ടിക്കാട്ടുന്നത്. റബാഡയായിരുന്നു പതിനാറാം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാം പന്ത് റബാഡ ഒരു സ്ലോ ബോളായാണ് എറിഞ്ഞത്. അത് സൂര്യയുടെ പാഡിൽ തട്ടുകയുണ്ടായി.

    ലെഗ് സൈഡിലേക്ക് വമ്പൻ ഷോട്ട് കളിച്ച സൂര്യകുമാറിന് പന്ത് കണക്ട് ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഉടൻതന്നെ പഞ്ചാബ് എൽബിഡബ്ല്യൂവിന് അപ്പീൽ ചെയ്യുകയും, ഓൺഫീൽഡ് അമ്പയർ ഇത് ഔട്ട് വിധിക്കുകയും ചെയ്തു. ശേഷം സൂര്യകുമാർ യാദവ് തീരുമാനം റിവ്യൂ ചെയ്തു.

    എന്നാൽ തേർഡ് അമ്പയർ ഇത് പരിശോധിച്ചപ്പോൾ പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളാതെ പോകുന്നതാണ് കണ്ടത്. ഇതോടെ തീരുമാനം നോട്ടൗട്ട് വിധിക്കുകയായിരുന്നു. പക്ഷേ പന്തിന്റെ ദിശ സ്റ്റമ്പിൽ കൊള്ളുന്ന നിലയിൽ തന്നെയായിരുന്നു. എന്നിരുന്നാലും തേർഡ് അമ്പയർ നോട്ടൗട്ട് വിളിക്കാൻ ഫീൽഡ് അമ്പയർക്ക് നിർദ്ദേശം നൽകി. ഈ തീരുമാനത്തെയാണ് മൂഡി ചോദ്യം ചെയ്തിരിക്കുന്നത്.

    തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലാണ് മൂഡി ഇത്തരമൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. തേർഡ് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്ന് മൂഡി ചോദിക്കുന്നു. “സ്പെഷലിസ്റ്റ് ആയ തേർഡ് അമ്പയർമാരെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തവണ ഐപിഎല്ലിലെ പല തീരുമാനങ്ങളും ചോദ്യം ഉയർത്തുന്നതാണ് പല അമ്പയർമാരെയും ഫീൽഡിൽ മാത്രമായി പരിഗണിക്കാൻ തയ്യാറാവണം. ഒരുപാട് കഴിവും അനുഭവസമ്പത്തുമുള്ള അമ്പയർമാരെയാണ് തേർഡ് അമ്പയർ ആയി പരിഗണിക്കേണ്ടത്.”- മൂഡി കുറിച്ചു.

    മുൻപും മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്നിരുന്നു. മുംബൈയ്ക്ക് അനുകൂലമായി അമ്പയർ തീരുമാനമെടുക്കുന്നു എന്ന് ആരാധകർ പോലും വിമർശിക്കുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ മുംബൈ ടോസിൽ കൃത്രിമം കാണിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ശേഷമാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മത്സരത്തിലേക്ക് കടന്നു വന്നാൽ 9 റൺസിന്റെ തകർപ്പൻ വിജയമാണ് പഞ്ചാബിനെതിരെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.

  • ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.

    ധോണിയെ ലോകകപ്പിൽ കളിപ്പിക്കാനാവുമോ? ഉത്തരം നൽകി രോഹിത് ശർമ.

    2024 ട്വന്റി20 ലോകകപ്പിലേക്കുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാരെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് നിലവിൽ ഇന്ത്യൻ ടീം സെലക്ടർമാർ. പ്രതിഭകളുടെ ധാരാളിത്തം ഇന്ത്യയെ നിലവിൽ ഒരുപാട് ബാധിക്കുന്നുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, ജിതേഷ് ശർമ തുടങ്ങി ഒരുപാട് വിക്കറ്റ് കീപ്പർ ബാറ്റർമാർ നിലവിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്.

    ഇവരിൽ ഒന്നോ രണ്ടോ ബാറ്റർമാരെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുന്നു. മാത്രമല്ല ഇവർക്കൊപ്പം മുതിർന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും ദിനേശ് കാർത്തിക്കും ഐപിഎല്ലിൽ വെടിക്കെട്ട് തീർക്കുന്നുണ്ട്. ധോണിയുടെയും കാർത്തിക്കിന്റെയും ട്വന്റി20 ലോകകപ്പിലെ സാധ്യതകളെപ്പറ്റി ഇന്ത്യൻ നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

    എക്സ്പെർട്ട് താരകൾ അണിനിരന്ന അഭിമുഖത്തിനിടയായിരുന്നു രോഹിത് ധോണിയെയും കാർത്തിക്കിനെയും കുറിച്ച് സംസാരിച്ചത്. നിലവിലെ ഇരു താരങ്ങളുടെയും ഉഗ്രൻ ബാറ്റിംഗ് പ്രകടനങ്ങൾ എടുത്തുകാട്ടിയാണ് രോഹിത് സംസാരിച്ചത്. ദിനേശ് കാർത്തിക് നിലവിൽ കളിക്കുന്ന രീതി തനിക്ക് വലിയ രീതിയിൽ സന്തോഷം ഉണ്ടാക്കുന്നുണ്ട് എന്ന് രോഹിത് പറയുന്നു.

    ഒപ്പം മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ടുകളും വലിയ ആവേശം നൽകുന്നതാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഒരു ലോകകപ്പ് കൂടി കളിപ്പിക്കാൻ മഹേന്ദ്ര സിംഗ് ധോണിയെ സമ്മതിപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് രോഹിത് പറയുന്നു. പക്ഷേ ദിനേശ് കാർത്തിക്കിന്റെ കാര്യത്തിൽ ഈ ബുദ്ധിമുട്ടില്ല എന്നാണ് രോഹിത് ചൂണ്ടിക്കാട്ടിയത്.

    “ദിനേശ് കാർത്തിക്കിന്റെ പ്രകടനം എന്നെ ഒരുപാട് ഇമ്പ്രസ്സ് ചെയ്യിച്ചു. രണ്ടു ദിവസങ്ങൾക്കു മുൻപ് കാർത്തിക് കാഴ്ചവച്ച പ്രകടനം വലിയ സന്തോഷം നൽകി. മഹേന്ദ്ര സിംഗ് ധോണിയുടെയും ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. മുംബൈയ്ക്കെതിരായ മത്സരത്തിൽ കേവലം 4 പന്തുകൾ മാത്രമാണ് ധോണി നേരിട്ടത്. അതിനിടയിൽ തന്നെ വലിയ ഇമ്പാക്ട് ഉണ്ടാക്കാനും 20 റൺസ് സ്വന്തമാക്കാനും ധോണിക്ക് സാധിച്ചു. മത്സരത്തിലെ ഏറ്റവും വലിയ വ്യത്യാസമായി അത് മാറുകയും ചെയ്തു.”

    “എന്നിരുന്നാലും ട്വന്റി20 ലോകകപ്പ് കളിക്കാൻ ധോണിയെ സമ്മതിപ്പിക്കുക എന്നത് അല്പം കഠിനമായ കാര്യമാണ്. അദ്ദേഹം അവശനാണ്. മാത്രമല്ല അദ്ദേഹം അമേരിക്കയിലേക്ക് മറ്റുചില കാര്യങ്ങൾക്കായി എത്തുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. പക്ഷേ ദിനേശ് കാർത്തിക്കിനെ ഇത് സമ്മതിപ്പിക്കുക എന്നത് അത്ര കഠിനമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”- രോഹിത് പറഞ്ഞു.

    നിലവിൽ ഇന്ത്യൻ സെലക്ടർമാരെ സംബന്ധിച്ച് വലിയ തലവേദനയാണ് ലോകകപ്പിന് മുൻപ് ഉണ്ടായിരിക്കുന്നത്. സഞ്ജു സാംസൺ അടക്കമുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാർ വളരെ മികച്ച പ്രകടനം ഇതിനോടകം തന്നെ ഐപിഎല്ലിൽ പുറത്തെടുത്തു കഴിഞ്ഞു.

    അതിനാൽ തന്നെ ഈ താരങ്ങളെ മാറ്റി നിർത്താൻ യാതൊരു കാരണവശാലും ഇന്ത്യയ്ക്ക് സാധിക്കില്ല. മറുവശത്ത് പരിക്കിൽ നിന്ന് തിരിച്ചെത്തിയ റിഷഭ് പന്തും ഇതുവരെ മികവ് പുലർത്തിയിട്ടുണ്ട്. ഈ വരുന്ന ലോകകപ്പിനുള്ള ടീം സെലെക്ഷൻ എന്നത് സെലക്ടർമാരെ സംബന്ധിച്ച് വലിയ തലവേദനയാണ്.

  • “ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ”- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

    “ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ”- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

    പഞ്ചാബിനെതിരായ മത്സരത്തിൽ 9 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാർ യാദവാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

    സൂര്യ മത്സരത്തിൽ 53 പന്തുകളിൽ 78 റൺസ് നേടി മുംബൈയെ വമ്പൻ സ്കോറിൽ എത്തിച്ചു. മത്സരത്തിൽ 20 ഓവറുകളിൽ 192 റൺസാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് തുടക്കത്തിൽ തന്നെ പതറി. എന്നാൽ മധ്യനിരയിൽ ആഷുടോഷ് ശർമയുടെ വെടിക്കെട്ട് പഞ്ചാബിന് വലിയ പ്രതീക്ഷ നൽകി.

    28 പന്തുകളിൽ 61 റൺസ് നേടിയ ആഷുടോഷ് പഞ്ചാബിനെ വിജയത്തിൽ എത്തിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ മുംബൈ അവസാന നിമിഷം കിടിലൻ ബോളിംഗ് മികവ് പുലർത്തിയതോടെ പഞ്ചാബ് 183 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിലെ വിജയത്തെ പറ്റി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

    ഇത്തരം അവിസ്മരണീയമായ മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭംഗിയാണ് എന്ന് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ പറയുന്നു. “എന്നെ സംബന്ധിച്ച് ക്രിക്കറ്റിലെ വളരെ നല്ലൊരു മത്സരമാണ് ഇവിടെ നടന്നത്. എല്ലാവരുടെയും പക്വതയും മറ്റും ഇവിടെ പരീക്ഷിച്ചു കഴിഞ്ഞു. ഈ മത്സരത്തിൽ പലരുടെയും കൃത്യമായ സ്വഭാവ വിശേഷങ്ങൾ പരീക്ഷിക്കപ്പെടും എന്ന് ഞാൻ മത്സരത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നു. പല സമയത്തും മത്സരത്തിൽ മുൻപിൽ ഞങ്ങളാണ് എന്ന രീതിയിൽ ചിന്തകൾ വന്നിരുന്നു. എന്നാൽ നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ഇത്തരം മത്സരങ്ങൾ വരുന്ന ഒരു ടൂർണമെന്റ് ആണ്.”- പാണ്ഡ്യ പറയുന്നു.

    മത്സരത്തിലെ ആഷുതോശിന്‍റെ ഇന്നിങ്സിനെ പറ്റിയും പാണ്ട്യ സംസാരിക്കുകയുണ്ടായി. “അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് അവൻ കാഴ്ചവെച്ചത്. മത്സരത്തിലേക്ക് എത്തിയ ഉടൻതന്നെ ഇത്തരത്തിൽ വലിയ ഇന്നിംഗ്സ് കാഴ്ചവെക്കാൻ അവന് സാധിച്ചു. നേരിട്ട എല്ലാ പന്തുകളും അവന്റെ ബാറ്റിന്റെ മധ്യ ഭാഗത്ത് തന്നെ കൊള്ളുന്നുണ്ടായിരുന്നു. അവന്റെ ഇന്നിംഗ്സിൽ വളരെ വലിയ സന്തോഷമുണ്ട്.”

    ”മാത്രമല്ല അവൻ ഒരു ഭാവി താരമാണ് എന്നത് ഉറപ്പാണ്. മത്സരത്തിൽ എത്ര മികച്ച നിലയിലാണെങ്കിലും നമ്മൾ വിജയത്തെപ്പറ്റി തന്നെ ചിന്തിക്കണം എന്ന് ടൈം ഔട്ട് സമയത്ത് ഞാൻ പറഞ്ഞിരുന്നു. അതിനാൽ മത്സരത്തിൽ പൂർണമായും ശ്രദ്ധിക്കാൻ സാധിച്ചു. ചില ഓവറുകളിൽ വളരെ മൃദുവായിട്ടാണ് ഞങ്ങൾ മുൻപോട്ടു പോയത്. എന്നിരുന്നാലും വിജയം വിജയം തന്നെയാണ്.”- ഹർദിക്ക് കൂട്ടിച്ചേർക്കുന്നു.

    മത്സരത്തിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച ബോളിഗ് പ്രകടനമാണ് മുംബൈയെ വലിയ തോതിൽ സഹായിച്ചത്. തുടക്കത്തിൽ തന്നെ പഞ്ചാബ് ബാറ്റർമാരെ എറിഞ്ഞിടാൻ ബൂമ്രയ്ക്ക് സാധിച്ചിരുന്നു. പഞ്ചാബ് നായകൻ സാം കരൻ, റൂസോ, അപകടകാരിയായ ശശാങ്ക് സിംഗ് എന്നിവരുടെ വിക്കറ്റുകളാണ് മത്സരത്തിൽ ബുമ്ര നേടിയത്. മത്സരത്തിൽ നിശ്ചിത നാലോറുകളിൽ കേവലം 21 റൺസ് മാത്രം വിട്ടു നൽകിയാണ് ബൂമ്ര 3 വിക്കറ്റുകൾ സ്വന്തമാക്കിയത്.

  • അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

    അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

    പഞ്ചാബ് കിങ്സിനെതീരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് സൂര്യകുമാർ യാദവായിരുന്നു.

    ബോളിംഗിൽ പേസർമാരായ ജസ്പ്രീത് ബൂമ്രയും ജെറാൾഡ് കൊയെറ്റ്സിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തിയപ്പോൾ മുംബൈ ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു. ഈ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.

    മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ ഓപ്പണർ ഇഷാൻ കിഷനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ പഞ്ചാബിന് സാധിച്ചു. എന്നാൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ക്രീസിൽ ഉറയ്ക്കുന്നതാണ് കാണാൻ സാധിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

    രോഹിത് 25 പന്തുകളിൽ 36 നേടി. രോഹിത് പുറത്തായ ശേഷവും സൂര്യകുമാർ യാദവ് ആക്രമണം അഴിച്ചുവിടുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 53 പന്തുകൾ നേരിട്ട് സൂര്യകുമാർ 7 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 78 റൺസാണ് നേടിയത്.

    പിന്നാലെയെത്തിയ തിലക് 18 പന്തുകളിൽ 34 റൺസുമായി മികച്ച ഫിനിഷിംഗ് നൽകിയതോടെ മുംബൈയുടെ സ്കോർ ഉയർന്നു. നിശ്ചിത 20 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. മറുവശത്ത് പഞ്ചാബിനായി 3 വിക്കറ്റുകൾ നേടിയ ഹർഷൽ പട്ടേലാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

    മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് കിംഗ്സിന് ഒരു ദുരന്ത തുടക്കം തന്നെയാണ് മത്സരത്തിൽ ലഭിച്ചത്. നായകൻ സാം കരൻ(6), പ്രഭസിമ്രാൻ(0), റൂസോ(1), ലിവിങ്സ്റ്റൺ(1) എന്നിവർ തുടക്കത്തിൽ തന്നെ കൂടാരം കയറിയതോടെ പഞ്ചാബ് തകർന്നുവീണു. കേവലം 14 റൺസ് സ്വന്തമാക്കുന്നതിനിടെ 4 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

    ശേഷം പഞ്ചാബിനായി ക്രീസിലുറച്ചത് ശശാങ്ക് സിംഗാണ്. 25 പന്തുകൾ മത്സരത്തിൽ നേരിട്ട ശശാങ്ക് 2 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 41 റൺസ് നേടി. ഒപ്പം എട്ടാമനായി ക്രീസിലെത്തിയ അശുതോഷ് ശർമ വമ്പൻ വെടിക്കെട്ടുമായി പഞ്ചാബിനായി തിളങ്ങി. മുംബൈ ഇന്ത്യൻസ് വിജയം ഉറപ്പിച്ച മത്സരത്തിൽ വമ്പൻ തിരിച്ചടിയാണ് ആശുതോഷ് നൽകിയത്.

    തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ താരത്തിന് സാധിച്ചു. കേവലം 23 പന്തുകളിൽ നിന്നാണ് തന്റെ അർധ സെഞ്ച്വറി പൂർത്തീകരിച്ചത്. ഹർപ്രീറ്റ് ബ്രാറിനൊപ്പം ചേർന്ന് എട്ടാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടാണ് അശുതോഷ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 28 പന്തുകൾ നേരിട്ട അശുതോഷ് 61 റൺസ് സ്വന്തമാക്കുകയുണ്ടായി.

    എന്നാൽ അശുതോഷ് പുറത്തായതിനു ശേഷം പഞ്ചാബ് പതറുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 2 വിക്കറ്റുകൾ ശേഷിക്കെ 23 റൺസ് ആയിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം 19ആം ഓവറിലെ നാലാം പന്തിൽ ഹർപ്രിറ്റ് ബ്രാർ കൂടി വീണതോടെ പഞ്ചാബ് മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങി. പക്ഷേ പതിനൊന്നാമനായി ക്രീസിലേത്തിയ റബാഡ ആദ്യ പന്തിൽ തന്നെ സിക്സർ നേടിയതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 12 റൺസായി മാറി. ശേഷം അവസാന ഓവറിലെ ആദ്യ പന്തിൽ റബാഡ റണ്ണൗട്ട് ആയതോടുകൂടി മത്സരത്തിൽ മുംബൈ വിജയം നേടുകയായിരുന്നു.

  • ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

    ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

    കഴിഞ്ഞ സമയങ്ങളിൽ ഐപിഎൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഇതിൽ വിപ്ലവകരമായ മാറ്റം തന്നെ സൃഷ്ടിച്ച ഒന്നായിരുന്നു ഇമ്പാക്ട് പ്ലെയർ നിയമം. പക്ഷേ ഈ നിയമത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി.

    പലപ്പോഴും ഇമ്പാക്ട് പ്ലെയർ നിയമം ബാറ്റിംഗിനെ സഹായിക്കുന്ന ഒന്നു മാത്രമാണ് എന്ന് എക്സ്പെർട്ടുകൾ അടക്കം പറയുകയുണ്ടായി. ഇപ്പോൾ ഇമ്പാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്.

    ഇമ്പാക്ട് പ്ലയർ നിയമപ്രകാരം പ്ലെയിങ് ഇലവനിൽ നിന്ന് ഒരു താരത്തെ മാറ്റിനിർത്താനും മറ്റൊരാളെ കളത്തിൽ ഇറക്കാനും സാധിക്കും. ഇതിന്റെ ചില പോരായ്മകൾ തുറന്നുകാട്ടിയാണ് രോഹിത് രംഗത്തെത്തിയത്.

    ഇമ്പാക്ട് പ്ലെയർ നിയമം ഒരുപാട് പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് രോഹിത് ശർമ പറയുന്നു. ഓൾ റൗണ്ടർമാർക്ക് വളരാനുള്ള വലിയ സാധ്യതയാണ് ഇമ്പാക്ട് പ്ലെയർ നിയമം ഇല്ലാതാക്കുന്നത് എന്ന് രോഹിത് പറഞ്ഞു. ശിവം ദുബെയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലെയുള്ള താരങ്ങൾക്ക് തങ്ങളുടെ ഓൾറൗണ്ട് പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരുന്നത് ഇമ്പാക്ട് പ്ലെയർ നിയമ പ്രകാരമാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടുന്നു.

    ടീമിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് ബോളറെയും സ്പെഷ്യലിസ്റ്റ് ബാറ്ററെയും കൊണ്ടുവരാനുള്ള അവസരമാണ് ഈ നിയമം ഒരുക്കുന്നത്. അതിനാൽ തന്നെ രണ്ടു ജോലികളും ചെയ്യുന്ന ഓൾറൗണ്ടർമാരുടെ പ്രാധാന്യം ഇല്ലാതാവുകയാണ് എന്നും രോഹിത് ചൂണ്ടിക്കാട്ടി.

    “ഇമ്പാക്ട് പ്ലെയർ നിയമത്തിന്റെ വലിയൊരു ആരാധകനായി ഞാൻ മാറിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ ഇമ്പാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. വാഷിംഗ്ടൺ സുന്ദറിനെയും ശിവം ദുബെയെയും പോലെയുള്ള താരങ്ങൾക്ക് പന്തറിയാൻ ഈ നിയമപ്രകാരം സാധിക്കുന്നില്ല. നമ്മളെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. മത്സരങ്ങളിൽ 12 താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നതിനാൽ തന്നെ വലിയ എന്റർടൈൻമെന്റ് ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഒരുപാട് അവസരങ്ങളും അത് തുറന്നു തരുന്നു എന്നു പറയാതിരിക്കാനാവില്ല.”- രോഹിത് ശർമ പറഞ്ഞു.

    ഹർദിക് പാണ്ഡ്യ അടക്കമുള്ള മുൻനിര ഓൾറൗണ്ടർമാരുടെ കാര്യത്തിലും ഇമ്പാക്ട് പ്ലെയർ നിയമം ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായി പന്തുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങൾ കാട്ടിയിരുന്ന താരമാണ് ഹർദിക് പാണ്ഡ്യ. എന്നാൽ ഐപിഎല്ലിൽ ഇമ്പാക്ട് പ്ലെയർ നിയമം വന്നതോടെ ഹർദ്ദിക്കും ബോളിങ്ങിൽ പിന്നിലേക്ക് പോയിരിക്കുന്നു. ഇത്തരത്തിൽ ഓൾറൗണ്ടർമാരെ ഇമ്പാക്ട് പ്ലെയർ നിയമം നല്ല രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇതിനെതിരെയാണ് രോഹിത് ശർമ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

  • സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

    സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

    2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ക്യാമ്പയിൻ ആരംഭിക്കുന്നത് ജൂൺ 5നാണ്. 11 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഐസിസി ട്രോഫി എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന് ഇറങ്ങുന്നത്. എന്നാൽ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

    ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം ഉറ്റുനോക്കുന്ന ഒരു കാര്യം വിക്കറ്റ് കീപ്പർ ബാറ്റർ തസ്തികയാണ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായി ആരെത്തുമെന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ, ദിനേശ് കാർത്തിക്, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് അവസരം കാത്തിരിക്കുന്നത്. എന്നാൽ ഇതിൽ ആരാണ് ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ എന്ന റിപ്പോർട്ട് ഇതിനോടകം തന്നെ പുറത്തുവന്നു കഴിഞ്ഞു.

    പിടിഐയുടെ റിപ്പോർട്ട് പ്രകാരം റിഷഭ് പന്തിനെ തന്നെയാണ് ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പിൽ ഉറപ്പായും ഇടം കണ്ടെത്തുന്ന 10 താരങ്ങളിൽ റിഷഭ് പന്തും ഉൾപ്പെടുന്നു. ഈ 10 താരങ്ങളിൽ പന്ത് മാത്രമാണ് വിക്കറ്റ് കീപ്പറായി ഉള്ളത്. അതിനാൽ തന്നെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി പന്ത് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെത്തും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

    റിപ്പോർട്ടുകൾ പ്രകാരം പന്തിനൊപ്പം രോഹിത് ശർമ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ജസ്പ്രീറ്റ് ബൂമ്ര, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദ്വീപ് സിംഗ്, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവരും ലോകകപ്പ് സ്ക്വാഡിനുള്ള ആദ്യ 10 പേരിൽ ഉൾപ്പെടുന്നു.

    ഇതോടൊപ്പം ലോകകപ്പ് സ്ക്വാഡിലേക്കുള്ള രണ്ടാം വിക്കറ്റ് കീപ്പർ ചോയ്സിലേക്ക് വലിയ മത്സരങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തട്ടുപൊളിപ്പൻ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള താരങ്ങൾ ഇപ്പോഴും പൊരുതുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    സഞ്ജു സാംസൺ, ജിതേഷ് ശർമ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ എന്നീ 4 വിക്കറ്റ് കീപ്പർമാരാണ് രണ്ടാം ചോയ്സ് വിക്കറ്റ് കീപ്പർ പോസ്റ്റിലേക്ക് പ്രതീക്ഷ വയ്ക്കുന്നത്. ഇവർക്കൊപ്പം 2024 ഐപിഎല്ലിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ദിനേശ് കാർത്തിക്കും പ്രതീക്ഷ വയ്ക്കുന്നുണ്ട്.

    ഈ ലിസ്റ്റിൽ ആദ്യ പടിയിൽ നിൽക്കുന്നത് നിലവിൽ സഞ്ജു സാംസൺ തന്നെയാണ്. രാജസ്ഥാനായി ഇതുവരെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് സഞ്ജു കാഴ്ച വച്ചിട്ടുള്ളത്. ഇതോടൊപ്പം ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ആരും തന്നെ അരങ്ങേറ്റം കുറിക്കില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

    പിടിഐയുടെ റിപ്പോർട്ടുകൾ പ്രകാരം വളരെ മികച്ച പ്രകടനങ്ങൾ താരങ്ങൾ ഐപിഎല്ലിൽ കാഴ്ചവെക്കുന്നുണ്ടെങ്കിലും, ആരെയും തന്നെ ലോകകപ്പിൽ ഇതുവരെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യക്കായി പ്രകടനങ്ങൾ പുറത്തെടുത്തവരെയാണ് നിലവിൽ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.

  • വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

    വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

    ഇന്ത്യക്കായി ട്വന്റി20 ലോകകപ്പ് കളിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തയ്യാറാവുകയാണ് എന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതോ ടുകൂടി പന്ത് പൂർണ്ണമായും ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറാവും എന്നാണ് പീറ്റേഴ്സൺ കരുതുന്നത്.

    ഗുജറാത്തിനെതിരായ ഡൽഹിയുടെ മത്സരത്തിൽ ഉഗ്രന്‍ പ്രകടനം തന്നെയായിരുന്നു ഡൽഹി നായകൻ പന്ത് കാഴ്ച വെച്ചത്. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയം ഡൽഹിയ്ക്ക് ലഭിക്കുകയും ചെയ്തു. ശേഷമാണ് കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയത്. നിലവിൽ വിക്കറ്റ് കീപ്പിങ്ങിനും ബാറ്റിങ്ങിലും കൃത്യമായി സ്വാധീനം ചെലുത്താൻ പന്തിന് സാധിക്കുന്നുണ്ട് എന്നാണ് പീറ്റേഴ്സൺ വിലയിരുത്തിയത്.

    മത്സരത്തിൽ നായകൻ എന്ന നിലയ്ക്ക് വളരെ മികച്ച പ്രകടനമായിരുന്നു പന്ത് കാഴ്ചവച്ചത്. എല്ലാത്തരത്തിലും ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞിടാൻ പന്തിന്റെ ടീമിന് സാധിച്ചു. മാത്രമല്ല മത്സരത്തിൽ ബാറ്റിങ്ങിലും തിളങ്ങാൻ പന്തിന് സാധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ഡൽഹിക്കായി വളരെ മികച്ച ഒരു ജോലിയാണ് പന്ത് ചെയ്യുന്നത് എന്ന് പീറ്റേഴ്സൺ കരുതുന്നു. ഗുജറാത്തിനെതിരായ മത്സരത്തിലെ പ്രകടനം പന്തിന് കൂടുതൽ പ്രചോദനം നൽകുന്നുണ്ട് എന്നും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ മികച്ച ഫോമിലുള്ള പന്ത് ഇന്ത്യൻ ടീമിലെത്തിയാൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് പീറ്റേഴ്സൺ കരുതുന്നത്.

    “റിഷാഭ് പന്ത് വളരെ നന്നായി തന്നെ തന്റെ ജോലി ഇപ്പോൾ ചെയ്യുന്നുണ്ട്. ഗുജറാത്തിനെതിരായ മത്സരത്തിലെ പന്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ആ പ്രകടനം അവന് കൂടുതൽ പ്രചോദനം നൽകും. മാത്രമല്ല ഇന്ത്യൻ ടീമിനും വലിയ ആത്മവിശ്വാസം നൽകാൻ പന്തിന്റെ ഈ പ്രകടനത്തിന് സാധിക്കും.”

    ”നിലവിൽ അവന് ആവശ്യം മൈതാനത്ത് അല്പം സമയം ചിലവഴിക്കുക എന്നതാണ്. തീർച്ചയായും എല്ലാ താരങ്ങൾക്കും അത് ആവശ്യമാണ്. പരിക്കിൽ നിന്ന് തിരിച്ചെത്തുന്ന താരങ്ങൾ കൃത്യമായി മൈതാനത്ത് സമയം കണ്ടെത്തേണ്ടതുണ്ട്.”- പീറ്റേഴ്സൺ പറയുന്നു.

    “വളരെ അപകടകരമായ പരിക്കിൽ നിന്നാണ് പന്ത് തിരിച്ചെത്തുന്നത്. അതിനാൽ തന്നെ ഒരുപാട് മത്സര സമയം അവന് ആവശ്യമാണ്. ട്വന്റി20 ലോകകപ്പിന് മുൻപായി അവന് ആവശ്യമായ സമയം ലഭിക്കേണ്ടതുണ്ട്. കുറഞ്ഞത് 14 മത്സരങ്ങളിൽ അവന് തുടർച്ചയായി കളിക്കാൻ സാധിക്കണം.”

    ”ട്വന്റി20 ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകളെ സംബന്ധിച്ച് ഇതൊക്കെയും വലിയ കാര്യമാണ്. ഇത്തരത്തിൽ അവൻ വരും മത്സരങ്ങളിൽ കളിക്കുകയും പൂർണമായും ടീമിനൊപ്പം തുടരാൻ സാധിക്കുകയും ചെയ്താൽ ലോകകപ്പിന് തയ്യാറായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.”- പീറ്റേഴ്സൺ കൂട്ടിച്ചേർക്കുന്നു

  • “ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.

    “ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു”- തീരുമാനവുമായി ബിസിബി.

    ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ വിവാദ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരം മുസ്തഫിസൂർ റഹ്മാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള വിശകലനത്തിലാണ് യൂനിസ് ഐപിഎല്ലിനെ താറടിച്ചു കാണിച്ചത്.

    ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിലൂടെ മുസ്തഫിസൂർ റഹ്മാന് ഒന്നും തന്നെ പഠിക്കാൻ സാധിക്കില്ല എന്നാണ് യൂനിസ് പറഞ്ഞത്. മാത്രമല്ല ഐപിഎല്ലിൽ കൂടുതലായി കളിക്കുന്നതിലൂടെ മുസ്തഫിസുറിന്റെ ഫിറ്റ്നസും ഇല്ലാതാവുന്നു എന്ന് യൂനിസ് ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങൾ കൊണ്ട് തന്നെയാണ് ബംഗ്ലാദേശിന്റെ ട്വന്റി20 പരമ്പരയിലേക്ക് മുസ്തഫിസൂറിനെ തിരികെ വിളിച്ചതെന്നും ഇതോടുകൂടി വ്യക്തമായിരിക്കുന്നു.

    മുൻപ് സിംബാബ്വെക്കെതിരായ പരമ്പരയ്ക്കായി മുസ്തഫിസൂറിനെ ബംഗ്ലാദേശ് തിരികെ വിളിച്ചിരുന്നു. ശേഷം ചെന്നൈ സൂപ്പർ കിംഗ്സ്, മുസ്തഫിസൂറിന് ഒരു ദിവസം കൂടി ഐപിഎൽ കളിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം മെയ് ഒന്നിന് പഞ്ചാബ് കിങ്സിനെതിരെ നടക്കുന്ന ചെന്നൈയുടെ മത്സരത്തിൽ കൂടി കളിക്കാനുള്ള അനുവാദം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുസ്തഫിസൂറിന് നൽകുകയുണ്ടായി. പിന്നാലെയാണ് യൂനുസിന്റെ ഈ പരാമർശം.

    ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ കളിക്കുന്നതിലൂടെ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ മുസ്തഫിസൂറിന് സാധിക്കും എന്ന രീതിയിൽ വലിയ ചർച്ചകൾ വന്നിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ശരിയല്ല എന്നാണ് യൂനിസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

    “മെയ് 1 വരെ ഐപിഎല്ലിൽ കളിക്കാനുള്ള അനുവാദം നമ്മൾ മുസ്തഫിസൂറിന് നൽകി കഴിഞ്ഞു. മെയ്‌ 2ന് അവൻ തിരികെ ടീമിനൊപ്പം ചേരും. ശേഷം അവൻ ബംഗ്ലാദേശിനായി കളിക്കുകയും ചെയ്യും. ഐപിഎല്ലിൽ നിന്ന് ഒന്നുംതന്നെ മുസ്തഫിസുറിന് പഠിക്കാനില്ല. മുസ്തഫിസുറിന്റെ പഠനമൊക്കെയും അവസാനിച്ചതാണ്. ഒരുപക്ഷേ ഐപിഎല്ലിൽ കളിക്കുന്ന ഒരുപാട് താരങ്ങൾക്ക് മുസ്തഫിസൂറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാവും. അതുകൊണ്ട് ബംഗ്ലാദേശിന് യാതൊരു ഗുണവും ലഭിക്കുകയുമില്ല.”- ജലാൽ യൂനുസ് പറഞ്ഞു.

    “ഞങ്ങളുടെ വലിയ ആശങ്ക മുസ്തഫിസൂറിന്റെ ഫിറ്റ്നസ് തന്നെയാണ്. ഐപിഎല്ലിൽ അവന്റെ 100% എങ്ങനെയെങ്കിലും നേടിയെടുക്കുക എന്നതാണ് ടീമുകളുടെ ശ്രമം. അവന്റെ ഫിറ്റ്നസ് ആലോചിച്ച് അവർക്ക് യാതൊരുതര തലവേദനയുമില്ല. പക്ഷേ ഞങ്ങൾക്കുണ്ട്. ഇപ്പോൾ മുസ്തഫിസൂറിനെ ഞങ്ങൾ തിരികെ വിളിക്കുന്നത് സിംബാബ്വെയ്ക്കെതിരായ പരമ്പര ഉള്ളതുകൊണ്ട് മാത്രമല്ല. അവന്റെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി അതിനൊപ്പമുണ്ട്. അവൻ ഐപിഎല്ലിൽ ഇനിയും കളിക്കുകയാണെങ്കിൽ അത്തരം പ്ലാനുകൾ യാതൊരു തരത്തിലും പ്രാവർത്തികമാവില്ല.”- ജലാൽ യുനിസ് കൂട്ടിച്ചേർത്തു.

  • “സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ “- ഹർഭജൻ പറയുന്നു..

    “സഞ്ജു കാട്ടിയത് വലിയ പിഴവ്.. കളി തോറ്റിരുന്നെങ്കിൽ സഞ്ജുവിന്റെ കാര്യം തീർന്നേനെ “- ഹർഭജൻ പറയുന്നു..

    കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയതോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീം. ആവേശകരമായ മത്സരത്തിൽ 2 വിക്കറ്റുകൾക്കായിരുന്നു രാജസ്ഥാന്റെ വിജയം.

    കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ ടോസ് നേടി രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 223 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയെങ്കിലും, മറുപടി ബാറ്റിംഗിൽ ബട്ലറുടെ മികവിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു.

    എന്നാൽ മത്സരത്തിനിടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസന്റെ ഭാഗത്തുനിന്ന് വന്ന വലിയ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ.

    മത്സരത്തിൽ രാജസ്ഥാൻ ബാറ്റിങ്ങിനിടെ സഞ്ജു സാംസൺ വരുത്തിയ വലിയൊരു പിഴവാണ് ഹർഭജൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലൂടെ പ്രതികരിക്കുന്ന സമയത്താണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം രേഖപ്പെടുത്തിയത്.

    രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ സഞ്ജു സാംസൺ വരുത്തിയ വലിയ മാറ്റമാണ് ഹർഭജൻ ചൂണ്ടിക്കാട്ടുന്നത്. വെടിക്കെട്ട് വീരന്മാരായ ഹെറ്റ്മയറും പവലും നിരയിലുണ്ടായിട്ടും രവിചന്ദ്രൻ അശ്വിനെ നേരത്തെ ഇറക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെയാണ് ഹർഭജൻ ചോദ്യം ചെയ്തത്. മത്സരത്തിൽ രാജസ്ഥാൻ പരാജയം അറിഞ്ഞിരുന്നുവെങ്കിൽ സഞ്ജുവിന്റെ ഈ തീരുമാനം വലിയ വിമർശനങ്ങൾക്ക് വഴി വച്ചേനെ എന്നാണ് ഹർഭജൻ പറഞ്ഞത്.

    “രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ ഷിമറോൺ ഹെറ്റ്മെയ്റും പവലും പോലെയുള്ള വമ്പൻ താരങ്ങൾ ഉണ്ടായിരുന്നു. എന്നാലും സഞ്ജു സാംസൺ രവിചന്ദ്രൻ അശ്വിനെ നേരത്തെ ഇറക്കി. ഇത് രാജസ്ഥാന്റെ ഭാഗത്തുനിന്ന് വന്ന വലിയൊരു പിഴവ് തന്നെയായിരുന്നു. ഒരുപക്ഷേ മത്സരത്തിൽ രാജസ്ഥാൻ പരാജയം അറിഞ്ഞിരുന്നുവെങ്കിൽ സഞ്ജുവിന്റെ ഈ നീക്കം വളരെക്കാലം ചർച്ച ചെയ്യപ്പെടുമായിരുന്നു.”- ഹർഭജൻ സിംഗ് പറയുകയുണ്ടായി.

    മത്സരത്തിൽ ജൂറൽ പുറത്തായ ശേഷമാണ് രവിചന്ദ്രൻ അശ്വിൻ രാജസ്ഥാനായി ക്രീസിലെത്തിയത്. ഈ സമയത്ത് വമ്പൻ താരങ്ങൾ രാജസ്ഥാന്റെ ബാറ്റിംഗ് നിരയിൽ ഉണ്ടായിരുന്നു. എന്നാൽ അശ്വിൻ ക്രീസിലെത്തിയത് ആരാധകരെ പോലും വലിയ രീതിയിൽ ഞെട്ടിക്കുകയുണ്ടായി.

    മാത്രമല്ല അശ്വിനെ ക്രീസിൽ എത്തിക്കാനുള്ള രാജസ്ഥാന്റെ നീക്കം ഫലവത്തായില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിൽ 11 പന്തുകൾ നേരിട്ട അശ്വിൻ കേവലം 8 റൺസ് മാത്രമാണ് നേടിയത്. എന്നിരുന്നാലും മത്സരത്തിന്റെ അവസാന സമയം വരെ ജോസ് ബട്ലർ ഒറ്റയാൾ പോരാട്ടം നയിച്ചത് രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

  • കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

    കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.

    2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ നടന്നിട്ടുള്ളത് ആവേശകരമായ പോരാട്ടങ്ങൾ തന്നെയാണ്. ഐപിഎൽ സീസണിന്റെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ റണ്ണൊഴുക്ക് ഉണ്ടാവുകയുണ്ടായി. പല മത്സരങ്ങളിലും ബോളർമാർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യവും പിച്ചിലും മറ്റുമായി കാണാൻ സാധിക്കുമായിരുന്നു.

    ഒരുപാട് മത്സരങ്ങളിൽ ടീമുകൾ 200 റൺസിന് മുകളിൽ സ്കോർ ചെയ്യുകയും എതിർ ടീം അതിനെതിരെ തിരിച്ചടിക്കുകയും ചെയ്യുകയുണ്ടായി. ഇതൊക്കെയും സൂചിപ്പിക്കുന്നത് ഐപിഎല്ലിൽ ബോളർമാർക്ക് വലിയ സഹായങ്ങൾ പന്തിൽ നിന്നും, പിച്ചിൽ നിന്നും ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ഇത്തരത്തിൽ ബാറ്റും ബോളും തമ്മിലുള്ള വ്യത്യാസം ലഘൂകരിക്കുന്നതിനായി പുതിയൊരു തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

    ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത് ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന ആവശ്യമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ കൂടിയായ ഗൗതം ഗംഭീർ ഉന്നയിച്ചിരിക്കുന്നത്. 50 ഓവർ പോലും എറിയാൻ സാധിക്കാത്ത പന്തുകൾ എന്ത് കാരണത്തിനാണ് നിർമ്മിക്കുന്നത് എന്ന് ഗംഭീർ ചോദിക്കുന്നു. ഇത്തരത്തിലുള്ള പന്തുകൾ മത്സരത്തെ ദോഷകരമായി ബാധിക്കും എന്നാണ് ഗംഭീർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഐപിഎല്ലിൽ കുക്കാബുറ ബോളുകൾ തന്നെ ഉപയോഗിക്കണം എന്ന് ആർക്കാണ് നിർബന്ധം എന്ന് ഗംഭീർ ചോദിക്കുന്നുണ്ട്.

    “ഇത്തരം വലിയ ടൂർണമെന്റുകളിൽ 50 ഓവറുകൾ ഉപയോഗിക്കാൻ പാകത്തിനുള്ള പന്തുകളാണ് നിർമിക്കേണ്ടത്. അത്രപോലും ഉപയോഗിക്കാൻ സാധിക്കാത്ത പന്തുകളാണ് നിർമ്മിക്കുന്നതെങ്കിൽ അങ്ങനെ ഒരു ബോൾ നിർമ്മാതാവിന്റെ ആവശ്യം എന്താണ്?”

    “അത്തരത്തിലുള്ള നിർമ്മാതാക്കളെ പുറത്താക്കുന്നതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. മാത്രമല്ല കുക്കാബുറ പന്തുകൾ തന്നെ ഐപിഎല്ലിൽ ഉപയോഗിക്കണം എന്ന് ആർക്കാണ് ഇത്ര നിർബന്ധം?”- ഗൗതം ഗംഭീർ ചോദിക്കുന്നു. ഇതിനുശേഷം കമന്റെറ്റർ ഹർഷാ ഭോഗ്ലെയും ഗംഭീറിനെ പിന്തുണച്ച് രംഗത്ത് വരികയുണ്ടായി.

    ഇത്തരത്തിൽ ബാറ്റർമാർക്ക് അനുകൂലമായ പന്തുകൾ നിർമ്മിക്കുന്നതിൽ വലിയ രീതിയിലുള്ള യുക്തി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിച്ചാണ് ഹർഷയും സംസാരിച്ചത്. “മത്സരങ്ങളിൽ ബാറ്റർമാർക്കും ബോളർമാർക്കും തുല്യമായ റോളുകൾ ഉണ്ടാവണം. ഇത്തവണത്തെ ഐപിഎല്ലിൽ പിച്ചുകളിൽ നിന്ന് ബോളർമാർക്ക് യാതൊരുതര സഹായവും ലഭിക്കുന്നില്ല.”

    “എല്ലാ പന്തുകളും അന്തരീക്ഷത്തിലൂടെ പറക്കുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് ഐപിഎല്ലിൽ ഡ്യൂക്ക് ബോളുകൾ പരീക്ഷിക്കാത്തത്? ബാറ്ററും ബോളറും തമ്മിലുള്ള ബാലൻസ് ഡ്യുക്ക് ബോളുകൾ നിലനിർത്തും.”- ഹർഷ പറയുന്നു.