മഹി മാജിക് 🔥 വീണ്ടും ധോണിയുടെ സംഹാരം 🔥 9 പന്തുകളിൽ 28 റൺസുമായി വെടിക്കെട്ട് ഫിനിഷിങ്..

msd

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ വെടിക്കെട്ട് ഫിനിഷിങ്ങുമായി മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ എട്ടാമനായി ക്രീസിലേത്തിയ ധോണി 9 പന്തുകളിൽ 28 റൺസാണ് നേടിയത്. മത്സരത്തിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമാണ് ധോണി നേടിയത്.

311 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ധോണി ഇന്നിങ്സ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ പരിതാപകരമായ അവസ്ഥയിൽ നിന്ന ചെന്നൈ സൂപ്പർ കിങ്സിനെ 176 എന്ന ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഫിനിഷിങിന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ മോയിൻ അലി പുറത്തായ ശേഷമായിരുന്നു ധോണി ക്രീസിൽ എത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ മുഹ്സിൻ ഖാനെ ബൗണ്ടറി കടത്തിയാണ് ധോണി ആരംഭിച്ചത്. ശേഷം അടുത്ത പന്തിൽ തന്നെ ഒരു തകർപ്പൻ സ്കൂപ്പ് ഷോട്ടിലൂടെ വമ്പൻ സിക്സർ സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിച്ചു. തന്റെ പവർ പൂർണമായും ഉപേക്ഷിച്ച് നൂതന ഷോട്ടുകൾ കളിച്ചാണ് ധോണി കളം നിറഞ്ഞത്. ശേഷം ധോണിയുടെ കുത്തകയായ അവസാന ഓവറിൽ ഒരു ധോണി താണ്ഡവം തന്നെ കാണാൻ സാധിച്ചു. യാഷ് താക്കൂർ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ സിക്സർ നേടിയാണ് ധോണി കളം നിറഞ്ഞത്.

See also  7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

ശേഷം അടുത്ത പന്തിലും ഒരു ബൗണ്ടറി സ്വന്തമാക്കാൻ ധോണിക്ക് സാധിച്ചു. പിന്നീട് അവസാന പന്തിലും ധോണി ഒരു ബൗണ്ടറി നേടിയതോടെ ചെന്നൈ മികച്ച നിലയിൽ എത്തുകയായിരുന്നു. എന്തായാലും ധോണി ആരാധകരെ സംബന്ധിച്ച് ഒരുപാട് ആവേശം ഉണർത്തുന്ന ഇന്നിംഗ്സാണ് മത്സരത്തിൽ താരം കളിച്ചത്. ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം ചേർന്ന് 13 പന്തുകളിൽ 35 റൺസ് ആണ് ധോണി സ്വന്തമാക്കിയത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അജിങ്ക്യ രഹാനെ ചെന്നൈക്കായി മികച്ച തുടക്കം നൽകി. എന്നാൽ മറ്റു മുൻനിര ബാറ്റർമാർക്ക് അത് മുതലെടുക്കാൻ സാധിച്ചില്ല.

നാലാമനായി എത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈക്കായി മധ്യ ഓവറുകളിൽ കളം നിറഞ്ഞത്. 40 പന്തുകൾ നേരിട്ട ജഡേജ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 57 റൺസ് നേടി പുറത്താവാതെ നിന്നു. ഒപ്പം 20 പന്തുകളിൽ 30 റൺസ് നേടിയ മോയിൻ അലിയും മികവു പുലർത്തി. ശേഷമാണ് മഹേന്ദ്ര സിംഗ് ധോണി അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തത്. പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമല്ലാത്ത ലക്നൗവിലെ പിച്ചിൽ ചെന്നൈയെ സംബന്ധിച്ച് മികച്ച ഒരു സ്കോർ തന്നെയാണ് നേടിയിരിക്കുന്നത്.

Scroll to Top