അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

ezgif 7 2e63725095

ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ വിവാദ പരാമർശവുമായി മുൻ താരം ടോം മൂഡി. മത്സരത്തിൽ മുംബൈയ്ക്ക് അനുകൂലമായി അമ്പയർ തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന വിമർശനം ഉയർത്തിയാണ് മൂഡി രംഗത്ത് വന്നിരിക്കുന്നത്.

മത്സരത്തിൽ അമ്പയർ എടുത്ത ഒരു തീരുമാനം ചൂണ്ടിക്കാട്ടിയാണ് മൂഡിയുടെ വിമർശനം. മുംബൈ ഇന്നിങ്സിന്റെ പതിനാറാം ഓവറിൽ നടന്ന ഒരു സംഭവമാണ് മൂഡി ചൂണ്ടിക്കാട്ടുന്നത്. റബാഡയായിരുന്നു പതിനാറാം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാം പന്ത് റബാഡ ഒരു സ്ലോ ബോളായാണ് എറിഞ്ഞത്. അത് സൂര്യയുടെ പാഡിൽ തട്ടുകയുണ്ടായി.

ലെഗ് സൈഡിലേക്ക് വമ്പൻ ഷോട്ട് കളിച്ച സൂര്യകുമാറിന് പന്ത് കണക്ട് ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഉടൻതന്നെ പഞ്ചാബ് എൽബിഡബ്ല്യൂവിന് അപ്പീൽ ചെയ്യുകയും, ഓൺഫീൽഡ് അമ്പയർ ഇത് ഔട്ട് വിധിക്കുകയും ചെയ്തു. ശേഷം സൂര്യകുമാർ യാദവ് തീരുമാനം റിവ്യൂ ചെയ്തു.

എന്നാൽ തേർഡ് അമ്പയർ ഇത് പരിശോധിച്ചപ്പോൾ പന്ത് ലെഗ് സ്റ്റമ്പിൽ കൊള്ളാതെ പോകുന്നതാണ് കണ്ടത്. ഇതോടെ തീരുമാനം നോട്ടൗട്ട് വിധിക്കുകയായിരുന്നു. പക്ഷേ പന്തിന്റെ ദിശ സ്റ്റമ്പിൽ കൊള്ളുന്ന നിലയിൽ തന്നെയായിരുന്നു. എന്നിരുന്നാലും തേർഡ് അമ്പയർ നോട്ടൗട്ട് വിളിക്കാൻ ഫീൽഡ് അമ്പയർക്ക് നിർദ്ദേശം നൽകി. ഈ തീരുമാനത്തെയാണ് മൂഡി ചോദ്യം ചെയ്തിരിക്കുന്നത്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലാണ് മൂഡി ഇത്തരമൊരു പോസ്റ്റ് ഇട്ടിരിക്കുന്നത്. തേർഡ് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്ന് മൂഡി ചോദിക്കുന്നു. “സ്പെഷലിസ്റ്റ് ആയ തേർഡ് അമ്പയർമാരെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തവണ ഐപിഎല്ലിലെ പല തീരുമാനങ്ങളും ചോദ്യം ഉയർത്തുന്നതാണ് പല അമ്പയർമാരെയും ഫീൽഡിൽ മാത്രമായി പരിഗണിക്കാൻ തയ്യാറാവണം. ഒരുപാട് കഴിവും അനുഭവസമ്പത്തുമുള്ള അമ്പയർമാരെയാണ് തേർഡ് അമ്പയർ ആയി പരിഗണിക്കേണ്ടത്.”- മൂഡി കുറിച്ചു.

മുൻപും മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ വന്നിരുന്നു. മുംബൈയ്ക്ക് അനുകൂലമായി അമ്പയർ തീരുമാനമെടുക്കുന്നു എന്ന് ആരാധകർ പോലും വിമർശിക്കുകയുണ്ടായി. കഴിഞ്ഞ മത്സരത്തിൽ മുംബൈ ടോസിൽ കൃത്രിമം കാണിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു. ശേഷമാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മത്സരത്തിലേക്ക് കടന്നു വന്നാൽ 9 റൺസിന്റെ തകർപ്പൻ വിജയമാണ് പഞ്ചാബിനെതിരെ മുംബൈ സ്വന്തമാക്കിയിരിക്കുന്നത്.

Scroll to Top