ഐപിൽ പതിനഞ്ചാം സീസണിലെ മത്സരങ്ങൾ ആരംഭിക്കാൻ കേവലം ഒരാഴ്ച മാത്രം ശേഷിക്കേ ടീമുകൾ എല്ലാം തന്നെ പൂർണ്ണ ഒരുക്കത്തിലാണ്. രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകൾ പോരാടുന്ന ഇത്തവണത്തെ ഐപിൽ സീസണിലെ മാറ്റങ്ങൾ വളരെയധികമാണ്. എല്ലാവരെയും ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ടീം അവരുടെ ബൗളിംഗ് കോച്ചായി മുൻ ലങ്കൻ ഫാസ്റ്റ് ബൗളർ താരം ലസിത് മലിംഗയെ നിയമിച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഒരു ബൗളർ കൂടിയായ മലിംഗയെ പുതിയ സീസണിൽ ബൗളിംഗ് കോച്ചായി എത്തിച്ച രാജസ്ഥാൻ റോയൽസ് ടീം ഏറ്റവും വലിയ പ്രഹരം നൽകിയത് മുംബൈ ഇന്ത്യൻസ് ടീമിനാണ്.
നേരത്തെ മുംബൈ ഇന്ത്യൻസ് താരമായും മെന്റർ കൂടിയായി പ്രവർത്തിച്ചിട്ടുള്ള മലിംഗയെ പുത്തൻ സീസൺ മുന്നോടിയായി നഷ്ടമാക്കിയത് മുംബൈ ആരാധകരിൽ അടക്കം കനത്ത നിരാശയാണ് സൃഷ്ടിച്ചത്.മുംബൈ ഇന്ത്യന്‍സുമായുള്ള 12 വര്‍ഷത്തെ തന്റെ നീണ്ടബന്ധം അവസാനിപ്പിച്ചാണ് മലിംഗ ബോളിംഗ് കോച്ചിന്റെ റോളിൽ മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായ ടീമിലേക്ക് എത്തുന്നത്.
മലിംഗയെ നഷ്ടമാക്കിയത് മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് പിഴവാണ് എന്നാണ് ആരാധകരുടെ വിമർശനം.ഒരു കാരണവശാലും മലിംഗയുടെ സേവനം നഷ്ടമാക്കാൻ പാടില്ലായിരുന്നുവെന്ന് പറയുകയാണ് ആരാധകർ. എന്നാൽ ഇകാര്യത്തിൽ ആദ്യമായി അഭിപ്രായം വിശദമാക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ സംഗക്കാര. മലിംഗ രാജസ്ഥാൻ ക്യാംപിലേക്ക് എത്തുമ്പോൾ ആശങ്കകൾ ഒന്നും തന്നെ മുംബൈക്ക് വേണ്ടെന്നാണ് സംഗക്കാരയുടെ അഭിപ്രായം.മുംബൈക്ക് ഒരു സമ്പൂര്‍ണ്ണ കോച്ചിംഗ് യൂണിറ്റ് ഉണ്ടെന്ന് പറഞ്ഞ കുമാർ സംഗക്കാര ലസീത് മലിംഗയ്ക്ക് ഇപ്പോൾ ഐപിഎല്ലിൽ ലഭിച്ച ഈ ഒരു പുത്തൻ അവസരത്തില്‍ മുംബൈ ഹെഡ് കോച്ചായിട്ടുള്ള മഹേല ജയവര്‍ധന ഏറെ സന്തോഷവാനാണെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അഭിപ്രായപെട്ടു.
“ലസീത് മലിംഗ രാജസ്ഥാൻ റോയൽസ് ടീമിലേക്ക് എത്തുന്നത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അതിനായി കൂടുതൽ മികച്ച ഓപ്ഷനുകൾ ക്യാംപിലേക്ക് എത്തും. ഏറെ കാലം മുംബൈ ഇന്ത്യൻസ് ടീമിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ആളാണ് മലിംഗ. അതിനാൽ തന്നെ രാജസ്ഥാൻ റോയൽസ് ടീമിനായും മികച്ച സേവനം നൽകാൻ അദ്ദേഹത്തിന് സാധിക്കും “സംഗക്കാര വാചാലനായി.