ഐപിൽ ആവേശം വീണ്ടും ക്രിക്കറ്റ് ലോകത്ത് ഉയരുകയാണ്. ഐപിൽ മെഗാ താരലേലം ഈ മാസം 13,14തീയതികളിൽ ബാംഗ്ലൂരിൽ നടക്കാനിരിക്കെ ടീമുകൾ എല്ലാം പുതിയ ഒരു മികച്ച സ്‌ക്വാഡിനെ സൃഷ്ടിക്കാൻ അന്തിമ ചർച്ചകളിലാണ്. കൂടാതെ ലേലത്തിനും മുൻപ് ടീമുകൾ ചില സ്റ്റാർ താരങ്ങളെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി കഴിഞ്ഞു. എന്നാൽ ഐപിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമായ മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ്മ 2013ൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനായത് എങ്ങനെയെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ മുൻ ഇതിഹാസ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങ്.
5 ഐപിൽ കിരീടങ്ങൾ സ്വന്തമാക്കിയ മുംബൈ ടീമിനെ എല്ലാ നേട്ടത്തിലേക്കും നയിച്ചത് രോഹിത് ശർമ്മയുടെ തന്നെ ക്യാപ്റ്റൻസി മികവാണ്.ഐസിസിയുടെ വെബ്സൈറ്റിന് അനുവദിച്ച സ്പെഷ്യൽ ആഭിമുഖത്തിലാണ് റിക്കി പോണ്ടിങ് മുംബൈ ക്യാപ്റ്റനായി രോഹിത് ശർമ്മ എത്താനിടയായ എല്ലാവിധ സാഹചര്യവും വെളിപ്പെടുത്തിയത്.
” ക്യാപ്റ്റനായി നിയമിക്കുക എന്നുള്ള ഒരൊറ്റ പ്ലാനിലാണ് എന്നെ മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിലേക്ക് എത്തിച്ചത്. എന്നാൽ നിർഭാഗ്യത്താൽ എനിക്ക് പ്രതീക്ഷിച്ച ബാറ്റിങ് മികവിലേക്ക് ഉയരുവാൻ സാധിച്ചില്ല. അതിനാൽ തന്നെ മറ്റൊരു അന്താരാഷ്ട്ര താരത്തിന് നായകന്റെ കുപ്പായം നൽകാമെന്നുള്ള തീരുമാനത്തിലേക്ക് എത്തി.ശേഷം ടീമിനെ നയിക്കേണ്ടത് ആരാകണം എന്ന ചർച്ചകളിലേക്ക് ടീം മാനേജ്മെന്റ് എന്നെ ക്ഷണിച്ചു. കോച്ചും മാനേജ്മെന്റും എല്ലാം വ്യത്യസ്ത പേരുകളിലേക്ക് പലതവണ എത്തിയെങ്കിൽ പോലും എനിക്ക് ഈ കാര്യത്തിൽ ഒരു പേരാണ് തോന്നിയത് “
“ക്യാപ്റ്റൻസി റോളിലേക്ക് എത്താൻ ഇനി ഏറെ യോഗ്യൻ യുവ താരമായിരുന്ന രോഹിത് ശർമ്മയാണെന്ന് ഞാൻ ഏറെ വിശ്വാസത്തോടെ ഉറപ്പിച്ചിരുന്നു. എന്റെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ടീം മാനേജ്മെന്റ് അടക്കം അവരുടെ തീരുമാനവും ഈ പേരിലേക്ക് എത്തിച്ചത്. മുംബൈയുടെ ഓരോ നേട്ടത്തിനും പിന്നിലെ കാരണം രോഹിത് ശർമ്മ തന്നെയാണ്. അദ്ദേഹം അത് പലതവണ തെളിയിച്ചതാണ്. കൂടാതെ ഇന്ത്യൻ ടീമിനെ സമാനമായി നയിക്കാനും രോഹിത് ശർമ്മക്ക് സാധിക്കും “റിക്കി പോണ്ടിങ്ങ് വാചാലനായി.