ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഏറ്റവും മികച്ച പ്രകടനവുമായി അനേകം യുവ താരങ്ങൾ തിളങ്ങിയെങ്കിലും ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത് ഒരു യുവ പേസറാണ്. ഹൈദരാബാദ് ടീമിനായി അവസാന മത്സരങ്ങളിൽ കളിച്ച യുവ പേസർ ഉമ്രാൻ മാലിക്ക് തന്റെ അതിവേഗ ബോളുകളാൽ എല്ലാവരിലും ഭീതി പരത്തി. ലോകോത്തര ബാറ്റ്‌സ്മന്മാർ വരെ കാശ്മീരിൽ നിന്നുള്ള ഈ യുവ പേസറുടെ ബോളുകൾ നേരിടുവാൻ വളരെ അധികം വിഷമിക്കുന്നത് നമുക്ക് എല്ലാം കാണുവാൻ സാധിച്ചു. വൈകാതെ താരം ഇന്ത്യൻ ടീമിലേക്ക് എത്തുമെന്നുള്ള റിപ്പോർട്ടുകൾ സജീവമാണ് എങ്കിലും താരത്തെ പോലുള്ള അതിവേഗ ഫാസ്റ്റ് ബൗളർമാർ ഇന്ത്യയിൽ കുറവാണെന്ന് അഭിപ്രായപെടുകയാണ് മുൻ പാക് താരം സൽമാൻ ബട്ട്. ഭാവിയിൽ ഉമ്രാൻ മാലിക്ക് ഇന്ത്യൻ പേസ് കരുത്തായി മാറുമെന്നും അദ്ദേഹം പ്രവചിച്ചു.
“ഇന്ത്യൻ ക്രിക്കറ്റിന് ലഭിക്കാവുന്ന ഒരു അപൂർവ്വ പ്രതിഭയാണ് ഉമ്രാൻ മാലിക്ക്.150 കിലോമീറ്ററിൽ അധികം സ്പീഡിൽ തുടർച്ചയായി ബൗളിംഗ് ചെയ്യാനായി കഴിയുന്ന അവന് അത്ഭുതങ്ങൾ ഏറെ സൃഷ്ടിക്കാനായി കഴിയും.തുടർച്ചയായി 150 കിലോമീറ്റർ സ്പീഡിൽ ബൗളിംഗ് ചെയ്യാനുള്ള കഴിവ് നിലനിർത്തിയാൽ അത് കരിയറിൽ അവനെ ഉയരത്തിൽ തന്നെ കൊണ്ടെത്തിക്കും. വരാനിരിക്കുന്ന സൗത്താഫ്രിക്കക്ക് എതിരായ ഇന്ത്യൻ എ ടീം പര്യടനം അവന് നിർണായകമാണ് “സൽമാൻ ബട്ട് വാചാലനായി
“ഇന്ത്യൻ ക്രിക്കറ്റിൽ നമ്മൾ പൊതുവേ കാണാത്ത അധികം പേസുള്ള ഒരു ബൗളർ തന്നെയാണ് അവൻ.വരുന്ന പര്യടനത്തിൽ തിളങ്ങിയാൽ അതോടെ ഉമ്രാൻ മാലിക്ക് ഇന്ത്യൻ ടീമിലേക്ക് എത്തും. അക്കാര്യം ഉറപ്പാണ്.മുഹമ്മദ് ഷമി, സിറാജ്, ബുംറ എന്നിവർക്ക് ഒപ്പം ഈ യുവ താരം കൂടി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.”സൽമാൻ ബട്ട് അഭിപ്രായം വിശദമാക്കി.ഇത്തവണ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്നൊരു നേട്ടം കരസ്ഥമാക്കിയ താരത്തെ വരുന്ന മെഗാ താരാലേലത്തിന് മുൻപ് ഹൈദരാബാദ് ടീം നിലനിർത്തുമോയെന്നതാണ് പ്രധാന ചോദ്യം.