ക്രിക്കറ്റ് പ്രേമികളെ എക്കാലവും വളരെ ഏറെ ഞെട്ടിക്കുന്നതാണ് മഹേന്ദ്ര സിങ് ധോണിയുടെ പതിവ് രീതി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കലും അവിചാരിതമായി പ്രഖ്യാപിച്ച ധോണി പതിനഞ്ചാം സീസൺ ഐപിഎല്ലിന് മണിക്കൂറുകൾ മുൻപാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. പതിനാല് സീസണുകളിലും ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ നയിച്ച ധോണി വളരെ സർപ്രൈസായിട്ടാണ് ക്യാപ്റ്റൻ സ്ഥാനം ജഡേജക്ക് കൈമാറിയത്.
ധോണിയുടെ ഈ തീരുമാനം ഒരുവേള അപ്രതീക്ഷിതമെങ്കിലും ഭാവി മുന്നിൽ കണ്ടുള്ള ധോണിയുടെ ഈ ഒരു തീരുമാനം ചെന്നൈ ആരാധകർ അടക്കം കയ്യടിച്ചാണ് സ്വീകരിച്ചത്. നാല് ഐപിൽ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ട്രോഫിയും ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്വന്തമാക്കിയത് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ്. ആദ്യ കളിയിൽ ഇന്നലെ ധോണിയുടെ ഫിഫ്റ്റി ചെന്നൈ ടീമിന് ബാറ്റിങ് കരുത്തായി മാറി എങ്കിലും ജയത്തിലേക്ക് എത്താൻ നിലവിലെ ചാമ്പ്യൻ ടീമിന് സാധിച്ചില്ല.
അതേസമയം ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള ധോണിയുടെ തീരുമാനത്തെ ഇപ്പോൾ പ്രശംസിക്കുകയാണ് സൗത്താഫ്രിക്കൻ ഇതിഹാസ താരമായ ഡിവില്ലേഴ്സ്.ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് ശരിയായ ഒരു തീരുമാനമാണെന്ന് പറഞ്ഞ ഡിവില്ലേഴ്സ് ഇനി സീസണിൽ ഉടനീളം ബാറ്റിങ്ങിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ ധോണിക്ക് സാധിക്കുമെന്നും നിരീക്ഷിച്ചു
“മഹേന്ദ്ര സിങ് ധോണിയുടെ ഈ തീരുമാനം യഥാർത്ഥത്തിൽ എന്നെ ഒരു തരത്തിലും ഞെട്ടിച്ചില്ല. അദ്ദേഹം കറക്ട് സമയത്താണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയത്.ഞാൻ സത്യത്തിൽ ധോണിയുടെ ഈ തീരുമാനത്തിൽ സന്തോഷവാനാണ്.പല ആളുകളും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒരാൾ എത്തുന്നത് എളുപ്പമെന്നാകും ചിന്തിക്കുക. എന്നാൽ കാര്യങ്ങൾ അത്ര നിസ്സാരമല്ല. ഓരോ മത്സരവും ക്യാപ്റ്റന് സമ്മാനിക്കുന്നത് ഇരട്ടി സമ്മർദ്ദമാണ് “ഡിവില്ലേഴ്‌സ് അഭിപ്രായം തുറന്ന് പറഞ്ഞു.
“കഴിഞ്ഞ സീസണിൽ ടീമിനെ കിരീടനേട്ടത്തിൽ മുന്നിൽ നിന്നും നയിച്ച ധോണി വളരെ ഏറെ അഭിമാനപൂർവ്വമാണ് പടിയിറങ്ങുന്നത്. മുൻപ് നടന്ന സീസൺ ധോണിയെ വിഷമിപ്പിച്ചേക്കാം. എങ്കിലും കിരീടം സ്വന്തമാക്കിയുള്ള കഴിഞ്ഞ സീസണിലെ വരവ് എക്കാലവും വലിയ ഒരു ഓർമ്മയാണ് ധോണിക്കും. കൂടാതെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ ക്യാപ്റ്റനെ ടീമിന് ഒപ്പം നിന്നും സഹായിക്കുക അത് എത്രത്തോളം വലിയ കാര്യമാണ് “ഡിവില്ലേഴ്‌സ് വാചാലനായി