റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്ലി. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ വേണ്ട രീതിയിൽ തിളങ്ങാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ സിനെതിരെ 20 പന്തുകളിൽ 21 റൺസ് മാത്രമാണ് കോഹ്ലി നേടിയത്.
എന്നാൽ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താണ് കോഹ്ലി മടങ്ങിയത്. ഒരു വെടിക്കെട്ട് അർത്ഥസെഞ്ച്വറി സ്വന്തമാക്കിയാണ് കോഹ്ലി ബാംഗ്ലൂരിന്റെ പ്രതീക്ഷകൾ കാത്തത്. മത്സരത്തിൽ 31 പന്തുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ അർദ്ധ സെഞ്ചുറി നേടിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറുകളിൽ 176 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. നായകൻ ഡുപ്ലസ്സിയുടെ(3) വിക്കറ്റ് തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. എന്നാൽ ഒരു വശത്ത് വിരാട് കോഹ്ലി ക്രീസിലുറച്ച് കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്തുകയായിരുന്നു
പവർ പ്ലേ ഓവറുകൾ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ കോഹ്ലിക്ക് സാധിച്ചു. മറുവശത്ത് ക്യാമറോൺ ഗ്രീൻ(3) കൂടാരം കയറിയപ്പോഴും കോഹ്ലി പതറിയില്ല. തന്റേതായ ശൈലിയിൽ ഇന്നിങ്സ് മുൻപിലേക്ക് കൊണ്ടുപോവുകയാണ് കോഹ്ലി ചെയ്തത്.
മത്സരത്തിൽ കേവലം 31 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും തന്റെ ടീമിനായി പൊരുതാൻ കോഹ്ലി തയ്യാറായി. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും കോഹ്ലി പക്വതയോടെ തന്നെ ബാറ്റ് ചലിപ്പിച്ചു. ഒടുവിൽ ഹർഷൽ പട്ടേലിന്റെ പന്തിലാണ് കോഹ്ലി കൂടാരം കയറിയത്. ഒരു വെടിക്കെട്ട് ഷോട്ടിന് ശ്രമിച്ച കോഹ്ലി ഹർപ്രിറ്റ് ബ്രാറിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.
എന്നിരുന്നാലും തകർപ്പൻ ഇന്നിംഗ്സ് തന്നെ മത്സരത്തിൽ കളിക്കാൻ കോഹ്ലിക്ക് സാധിച്ചു. 49 പന്തുകൾ നേരിട്ട കോഹ്ലി മത്സരത്തിൽ 77 റൺസ് ആണ് നേടിയത്. 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് കോഹ്ലി മത്സരത്തിൽ നേടിയത്.
എന്തായാലും കോഹ്ലിയുടെ ഈ ഇന്നിങ്സ് ഇന്ത്യൻ ആരാധകരെ സംബന്ധിച്ചും ബാംഗ്ലൂർ ആരാധകരെ സംബന്ധിച്ചും വളരെ സന്തോഷം നൽകുന്നതാണ്. കഴിഞ്ഞ സമയങ്ങളിൽ ട്വന്റി20കളില്‍ സജീവമായിരുന്നില്ല വിരാട് കോഹ്ലി. അതിനാൽ തന്നെ ഒരുപാട് വിമർശനങ്ങളും കോഹ്ലി കേൾക്കുകയുണ്ടായി.
പക്ഷേ ട്വന്റി20യിലെ തന്റെ കഴിവുകൾ ഇപ്പോഴും മാഞ്ഞു പോയിട്ടില്ല എന്ന് തെളിയിക്കുന്ന ഇന്നിംഗ്സ് ആണ് മത്സരത്തിൽ കോഹ്ലി കാഴ്ചവച്ചത്. മാത്രമല്ല വലിയൊരു ദുരന്തത്തിലേക്ക് പോയിരുന്ന ബാംഗ്ലൂരിനെ കൈപിടിച്ചു കയറ്റാനും കോഹ്ലിക്ക് ഈ ഇന്നിങ്സോടെ സാധിച്ചിട്ടുണ്ട്.