രണ്ടാം ദിവസം ഇന്ത്യൻ ആധിപത്യം. കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഇന്ത്യൻ കുതിപ്പ്.

GX6UERvXcAAipIA e1726831576703

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസവും ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിവസം പൂർണ്ണമായും മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യയുടെ ബോളർമാർ ഏറ്റെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ കേവലം 149 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത പ്രകടനം രണ്ടാം ദിവസം ഇന്ത്യൻ ബാറ്റർമാർ കാഴ്ചവെച്ചിട്ടുണ്ട്. രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 308 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡാണ് ഇന്ത്യക്ക് നിലവിലുള്ളത്.

ആദ്യ ദിനത്തെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. അശ്വിന്റെയും ജഡേജയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ചത്  എന്നാൽ രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകൾ സ്വന്തമാക്കാൻ ബംഗ്ലാദേശ് ബോളർമാർക്ക് സാധിച്ചു.

ഇതോടെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 376 റൺസിൽ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. ബംഗ്ലാദേശിനായി യുവതാരം ഹസൻ മഹമൂദ് 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് കണ്ടത്.

ഇന്ത്യൻ പേസ് അറ്റാക്കിന് മുൻപിൽ പിടിച്ചുനിൽക്കാൻ ബംഗ്ലാദേശ് നന്നായി വിഷമിച്ചു. ആകാശ് ദീപും ബൂമ്രയും കൃത്യമായ ലെങ്ത്തിലും ലൈനിലും പന്തറിഞ്ഞപ്പോൾ ബംഗ്ലാദേശ് മത്സരം കൈവിടുകയായിരുന്നു. തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 149 റൺസ് മാത്രമാണ് ബംഗ്ലാദേശിന് സ്വന്തമാക്കാൻ സാധിച്ചത്. 32 റൺസ് നേടിയ ഷക്കീബ് അൽ ഹസൻ ആയിരുന്നു ബംഗ്ലാദേശ് നിരയിലെ ടോപ്പ് സ്കോറർ.

Read Also -  "ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു". വിമർശിച്ച് ആരാധകർ.

മറ്റു ബാറ്റർമാർ എല്ലാവരും പരാജയപ്പെട്ടപ്പോൾ 227 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ ലഭിച്ചത്. ബുമ്രയാണ് ഇന്ത്യക്കായി ബോളിംഗിൽ തിളങ്ങിയത്. മത്സരത്തിൽ 50 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു. സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റുകൾ വീതം മത്സരത്തിൽ നേടി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. നായകൻ രോഹിത് ശർമയുടെയും(5) ജയസ്വാളിന്റെയും(10) വിക്കറ്റുകൾ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ കോഹ്ലിയും(17) വീണതോടെ ഇന്ത്യ പതറി. എന്നാൽ ശുഭ്മാൻ ഗിൽ ഒരുവശത്ത് ക്രീസിൽ ഉറക്കുകയായിരുന്നു.

രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 33 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 12 റൺസ് നേടിയ റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. 308 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. മത്സരത്തിന്റെ മൂന്നാം ദിവസവും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്താൽ ഒരു വമ്പൻ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശിനെ തറപറ്റിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും

Scroll to Top