സെഞ്ചുറിയുമായി സൂര്യ. പിന്തുണയുമായി തിലക്. മുംബൈ ഇന്ത്യൻസിന് വിജയം

സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. ഹൈദരബാദ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. തിലക് വര്‍മ്മ (37) – സൂര്യ (102) കൂട്ടുകെട്ടാണ് മുംബൈ വിജയത്തില്‍ എത്തിച്ചത്.

ചേസ് ചെയ്യാന്‍ എത്തിയ മുംബൈ പവര്‍പ്ലേയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഇഷാന്‍ കിഷന്‍ (9) രോഹിത് ശര്‍മ്മ (4) നമാന്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

പിന്നീട് ഒത്തുചേര്‍ന്ന സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തില്‍ എത്തിച്ചത്. സൂര്യകുമാര്‍ യാദവ് ആക്രമണ ബാറ്റിംഗ് അഴിച്ചു വിട്ടപ്പോള്‍ തിലക് വര്‍മ്മ മികച്ച പിന്തുണ നല്‍കി.

ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരബാദിനു മികച്ച തുടക്കമാണ് ലഭിച്ചത്. അഭിഷേക് ശര്‍മ്മ (16 പന്തില്‍ 11) പതിവില്‍ നിന്നും വിപരീതമായി പവര്‍പ്ലേയില്‍ ബുദ്ധിമുട്ടിയപ്പോള്‍ ട്രാവിസ് ഹെഡ് മുന്നോട്ട് നയിച്ചു. രണ്ട് തവണ ജീവന്‍ ലഭിച്ച ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടി മടങ്ങി.

മധ്യ ഓവറുകളില്‍ പീയൂഷ് ചൗളയും ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയും ചേര്‍ന്ന് മുംബൈയെ മുന്‍പിലെത്തിച്ചു. ഇരുവരും 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. 16ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഹൈദരബാദ് 7 ന് 125 എന്ന നിലയിലായിരുന്നു. പിന്നീട് 17 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ കമ്മിന്‍സാണ് ഹൈദരബാദിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്.

Previous articleരോഹിത് സൂക്ഷിച്ചോ, മെഗാ ലേലമാണ് വരുന്നത്. മികച്ച പ്രകടനം വേണമെന്ന് മുൻ താരം.
Next articleഇവാന് 1 കോടി രൂപ പിഴ ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ചെയ്തത് ഇങ്ങനെ