ഹർഷിദ് റാണ – ദ് ഹീറോ 🔥🔥 അവസാന ഓവറിൽ ത്രസിപ്പിക്കുന്ന വിജയം നേടി കൊൽക്കത്ത.

378192

2024 ഇന്ത്യൻ പ്രീമിയർ ലീഗ് മൂന്നാം മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ 4 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അവസാന ഓവറിലെ ഹർഷിദ് റാണയുടെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് കൊൽക്കത്തയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്.

ഹൈദരാബാദിനായി അവസാനം വരെ പൊരുതിയ ക്ലാസൻ അടക്കമുള്ളവരെ പുറത്താക്കാൻ റാണക്ക് സാധിച്ചു. 29 പന്തുകളിൽ 63 റൺസാണ് ക്ലാസൻ നേടിയത്. എന്നാൽ അവസാന ഓവറിൽ റാണ അവസരത്തിനൊത്ത പ്രകടനം കാഴ്ചവച്ചതോടെ കൊൽക്കത്ത ത്രസിപ്പിക്കുന്ന വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെ കൊൽക്കത്തയ്ക്ക് നൽകാൻ വിക്കറ്റ് കീപ്പർ സോൾട്ടിന് സാധിച്ചു. ആദ്യസമയം മുതൽ ഒരു ആങ്കർ റോളിലാണ് സോൾട്ട് കളിച്ചത്. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായപ്പോഴും സോൾട്ട് ഒരു വശത്ത് കൊൽക്കത്തയുടെ കാവലാളായി.

40 പന്തുകളിൽ 54 റൺസാണ് സോൾട്ട് നേടിയത്. എന്നാൽ എതിർവശത്ത് വെങ്കിടേശ് അയ്യർ, ശ്രേയസ് അയ്യർ, നിതീഷ് റാണ എന്നിവർ തുടർച്ചയായി കൂടാരം കയറിയത് കൊൽക്കത്തയെ ബാധിച്ചു. പിന്നീട് മധ്യനിരയിൽ 17 പന്തുകളിൽ 35 റൺസ് നേടിയ രമൻദ്വീപ് സിംഗാണ് കൊൽക്കത്തക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

ശേഷമാണ് ആൻഡ്ര റസലും റിങ്കു സിങ്ങും ചേർന്ന് ആക്രമണം അഴിച്ചുവിട്ടത്. റസൽ അവസാന ഓവറുകളിൽ ഹൈദരാബാദ് ബോളർമാരെ പൂർണ്ണമായും അടിച്ചൊതുക്കുകയായിരുന്നു. കേവലം 20 പന്തുകളിലാണ് റസൽ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 25 പന്തുകളിൽ 3 ബൗണ്ടറുകളും 7 സിക്സറുകളുമടക്കം 64 റൺസ് നേടാൻ റസലിന് സാധിച്ചു.

റിങ്കു 15 പന്തുകളിൽ 23 റൺസ് ആണ് നേടിയത്. ഇങ്ങനെ 20 ഓവറുകളിൽ 208 റൺസ് സ്വന്തമാക്കാൻ കൊൽക്കത്തക്ക് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് മായങ്ക് അഗർവാളും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കം തന്നെ നൽകി.  ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു.

See also  "ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല"- സേവാഗിന്റെ രൂക്ഷ വിമർശനം.

ഇരുവരും 32 റൺസ് വീതമാണ് മത്സരത്തിൽ നേടിയത്. എന്നാൽ ഇവർക്ക് ശേഷം എത്തിയ രാഹുൽ ത്രിപാതിയ്ക്ക്(20) സ്കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല. മാക്രത്തിന് മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലെടുക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ഹൈദരാബാദ് കൂപ്പുകുത്തി വീഴുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ ക്ലാസൻ വെടിക്കെട്ട് തീർത്തതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകൾ തിരികെയെത്തി.

അവസാന രണ്ട് ഓവറുകളിൽ 39 റൺസായിരുന്നു ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ സ്റ്റാർക്കിനെതിരെ 26 റൺസാണ് ക്ലാസൻ നേടിയത്. ഇതോടെ അവസാന ഓവറിൽ ഹൈദരാബാദിന്റെ വിജയക്ഷ്യം 13 റൺസായി കുറഞ്ഞു.

അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ക്ലാസൻ സിക്സർ നേടിയതോടെ മത്സരം പൂർണമായും ഹൈദരാബാദിന്റെ കയ്യിലേക്ക് എത്തി. തൊട്ടടുത്ത പന്തിൽ ഒരു സിംഗിൾ മാത്രം നേടാനെ ക്ലാസന് സാധിച്ചുള്ളൂ. ഇതോടെ ഹൈദരാബാദിന്റെ വിജയലക്ഷം 4 പന്തുകളിൽ 6 റൺസായി.

എന്നാൽ ഓവറിലെ മൂന്നാം പന്തിൽ ഷഹബാസിനെ പുറത്താക്കി ഹർഷിദ് റാണ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ശേഷം സൂയാഷ് ശർമയുടെ അവിശ്വസനീയ ക്യാച്ചിലൂടെ ക്ലാസനും കൂടാരം കയറിയതോടെ ഹൈദരാബാദിനെ വിജയലക്ഷ്യം അവസാന പന്തിൽ 5 റൺസായി മാറി. എന്നാൽ അവസാനത്തിൽ ഒരു ഉഗ്രൻ സ്ലോ എറിഞ്ഞ ഹർഷിദ്റാണ കൊൽക്കത്തയെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

Scroll to Top