“ഞാനായിരുന്നെങ്കിൽ അവനെയൊന്നും ടീമിൽ പോലും എടുക്കില്ല”- സേവാഗിന്റെ രൂക്ഷ വിമർശനം.

Virender Sehwag

ഗുജറാത്തിനെതിരായ ഐപിഎൽ മത്സരത്തിൽ 3 വിക്കറ്റുകളുടെ പരാജയമാണ് പഞ്ചാബ് കിംഗ്സിന് നേരിടേണ്ടി വന്നത്. ശിഖർ ധവാന് പരിക്കേറ്റതിന് ശേഷം വലിയ രീതിയിലുള്ള പരാജയങ്ങളാണ് പഞ്ചാബിന് ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ളത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് നിൽക്കുന്നത്.

ധവാന്റെ അഭാവത്തിൽ സാം കരനാണ് നിലവിൽ പഞ്ചാബിന്റെ നായകനായി തുടരുന്നത്. എന്നിരുന്നാലും ബാറ്റിങ്ങിലും ബോളിങ്ങിലും ഇതേവരെ മികവാർന്ന പ്രകടനം കാഴ്ചവച്ച് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ കരന് സാധിച്ചിട്ടില്ല. ഗുജറാത്തിനെതിരായ മത്സരത്തിൽ 19 പന്തുകൾ നേരിട്ടായിരുന്നു കരൻ 20 റൺസ് നേടിയത്. രണ്ട് ഓവറുകൾ പന്തറിഞ്ഞ കരൻ 18 റൺസ് വിട്ടു നൽകി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഈ മോശം പ്രകടനത്തിന് ശേഷം സാം കരനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.

മത്സരത്തിലെ പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് മനോഭാവത്തെ ചോദ്യം ചെയ്താണ് സേവാഗ് രംഗത്ത് എത്തിയത്. മികച്ച ഫോമിലുള്ള ബാറ്റർമാരെ ബാറ്റിംഗ് നിരയിൽ മുകളിലേക്ക് എത്തിക്കാൻ പഞ്ചാബ് എന്തുകൊണ്ടാണ് ശ്രമിക്കാത്തത് എന്ന് സേവാഗ് ചോദിക്കുന്നു. മാത്രമല്ല ടീമിലെ കരന്റെ റോളിനെയും സേവാഗ് ചോദ്യം ചെയ്യുകയുണ്ടായി.

ഒന്നുകിൽ കരൻ ഒരു ബാറ്റിംഗ് ഓൾറൗണ്ടറായോ അല്ലെങ്കിൽ ബോളിംഗ് ഓൾറൗണ്ടറായോ കളിക്കാൻ തയ്യാറാവണം എന്നാണ് സേവാഗ് പറയുന്നത്. എന്നാൽ ഇപ്പോൾ കുറച്ചു ബാറ്റിംഗും കുറച്ചു ബോളിംഗും മാത്രം ചെയ്യുന്ന താരമായി കരൻ മാറി എന്ന് സേവാഗ് കൂട്ടിച്ചേർക്കുന്നു. അതിനാൽ പഞ്ചാബിന്റെ ടീമിനെ തെരഞ്ഞെടുക്കാൻ തനിക്കൊരു അവസരം ലഭിച്ചാൽ ഒരിക്കലും കരനെ ടീമിൽ പോലും ഉൾപ്പെടുത്തില്ല എന്നാണ് സേവാഗ് പറഞ്ഞിരിക്കുന്നത്.

See also  രാഹുൽ ലോകകപ്പിൽ സ്ഥാനമുറപ്പിയ്ക്കുകയാണ്. സഞ്ജുവിന് പണി കിട്ടുമോ?. പ്രശംസകളുമായി ഉത്തപ്പ.

“ഞാൻ പഞ്ചാബ് കിംഗ്സിന്റെ ഡഗൗട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും കരനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലായിരുന്നു. ഒരു ബാറ്റിംഗ് ഓൾറൗണ്ടർ എന്ന നിലയിലോ ബോളിംഗ് ഓൾറൗണ്ടർ എന്ന നിലയിലോ അവനെ ഉൾപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഒരു ഉപകാരവും ഇല്ലാത്ത താരമായാണ് എനിക്ക് കരനെ തോന്നിയിട്ടുള്ളത്.

അവന് കുറച്ചു ബോൾ ചെയ്യാനും കുറച്ചു ബാറ്റ് ചെയ്യാനും പറ്റും. എന്നാൽ കൃത്യമായി ബാറ്റ് ചെയ്ത് മത്സരത്തിൽ ടീമിനെ വിജയിപ്പിക്കാനോ ബോൾ ചെയ്ത് ടീമിനെ വിജയിപ്പിക്കാനോ കരന് സാധിക്കുന്നില്ല. ഇത്തരത്തിൽ എല്ലാ കാര്യങ്ങളും കുറച്ചു വീതം ചെയ്യുന്നതിനെപ്പറ്റി എനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ല.”- സേവാഗ് പറയുന്നു.

ഇതുവരെ ഈ ഐപിഎല്ലിൽ 8 ഇന്നിങ്സുകളാണ് കരൻ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 152 റൺസ് മാത്രമാണ് സാം കരന് നേടാൻ സാധിച്ചത്. 116 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിലാണ് കരന്റെ പ്രകടനങ്ങൾ. കേവലം ഒരു അർത്ഥസെഞ്ച്വറി മാത്രമാണ് ഈ സീസണിൽ താരം നേടിയിട്ടുള്ളത്.

ബോളിങ്ങിൽ 8 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ സ്വന്തമാക്കാൻ കരന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ പ്രകടനങ്ങളൊക്കെയും കണക്കിലെടുക്കുമ്പോൾ വളരെ മോശം പ്രകടനമാണ് ഇത്തവണ സാം കരൻ ആവർത്തിക്കുന്നത്.

Scroll to Top