ചെപ്പോക്കിൽ സിക്സർ മഴ പെയ്യിച്ച് ശിവം ദുബെ. 27 പന്തുകളിൽ 66 റൺസ്. 7 സിക്സറുകൾ.

dube

ലക്നൗ ടീമിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനായി വീണ്ടും സിക്സർ മഴ തീർത്ത് ശിവം ദുബെ. മത്സരത്തിൽ 27 പന്തുകൾ നേരിട്ട ദുബെ 66 റൺസാണ് സ്വന്തമാക്കിയത്. 3 ബൗണ്ടറുകൾക്കൊപ്പം 7 പടുകൂറ്റൻ സിക്സറുകളാണ് ഈ യുവതാരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ സിക്സ് ഹിറ്റിങ്ങിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് ശിവൻ ദുബെ. ദുബെയുടെ മറ്റൊരു കിടിലൻ ഇന്നിങ്സ് തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ദുബെയുടെ ഈ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈക്ക് വമ്പൻ ഫിനിഷിംഗ് തന്നെയാണ് മത്സരത്തിൽ നൽകിയിരിക്കുന്നത്.

മത്സരത്തിൽ രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെയായിരുന്നു ശിവം ദുബെ ക്രീസിലെത്തിയത്. ദുബെ ക്രീസിലെത്തുമ്പോൾ ചെന്നൈയുടെ സ്കോർ 12 ഓവറുകളിൽ 101 റൺസായിരുന്നു. അവിടെ നിന്ന് ടീമിന്റെ സ്കോർ 200 റൺസിൽ എത്തിക്കുക എന്നതായിരുന്നു ദുബെയ്ക്കു മുൻപിലുള്ള വലിയ കടമ്പ.

ആദ്യ പന്ത് മുതൽ തന്റേതായ രീതിയിൽ വമ്പനടികൾ കൊണ്ടാണ് ദുബെ ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തിന്റെ പതിമൂന്നാം ഓവറിൽ സ്റ്റോയിനിസിനെതിരെ സിക്സർ നേടിയായിരുന്നു ദുബെ തന്റെ വെടിക്കെട്ട് ആരംഭിച്ചത്. ശേഷം ഇന്നിംഗ്സിലെ പതിനാറാം ഓവറിൽ ദുബെ സിക്സർ വിസ്മയം തീർത്തു.

Read Also -  "കളി തോൽക്കുന്നു, ചിരിക്കുന്നു, മണ്ടത്തരം പറയുന്നു, റിപ്പീറ്റ്"- പാണ്ഡ്യയെ തേച്ചൊട്ടിച്ച് ഡെയ്ൽ സ്‌റ്റെയ്‌ൻ.

യാഷ് താക്കൂർ എറിഞ്ഞ പതിനാറാം ഓവറിൽ തുടർച്ചയായി 3 സിക്സറുകൾ നേടിയാണ് ദുബെ ഇന്നിങ്സ് ആരംഭിച്ചത്. ഇതൊരു തുടക്കം മാത്രമായിരുന്നു. ശേഷം പത്തൊമ്പതാം ഓവറിൽ മുഹസിൻ ഖാനെതിരെ 2 സിക്സർ കൂടി ദുബെ നേടുകയുണ്ടായി.

ഒപ്പം അവസാന ഓവറിലെ ആദ്യ പന്തിലും സിക്സർ നേടിയാണ് ദുബെ കളംനിറഞ്ഞത്. മത്സരത്തിൽ 22 പന്തുകളിൽ നിന്ന് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാൻ ശിവം ദുബെയ്ക്ക് സാധിച്ചു. 27 പന്തുകൾ മത്സരത്തിൽ നേരിട്ട ദുബെ 66 റൺസാണ് നേടിയത്. 7 സിക്സറുകളാണ് ദുബെയുടെ വമ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്.

മത്സരത്തിൽ ദുബെയ്ക്കൊപ്പം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത് ചെന്നൈ നായകൻ ഋതുരാജ് ആയിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ ഋതു ഒരു തകർപ്പൻ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 56 പന്തുകളിൽ നിന്നാണ് ഋതുരാജ് തന്റെ സെഞ്ച്വറി നേടിയത്. ശിവം ദുബെയ്ക്കൊപ്പം ഇന്നിംഗ്സിന്റെ ഫിനിഷിങ്ങിൽ മികവ് പുലർത്താനും ഋതുരാജിന് സാധിച്ചിരുന്നു. എന്തായാലും ഇരു ബാറ്റർമാരുടെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 210 റൺസാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Scroll to Top