സെഞ്ചുറിയുമായി യശ്വസി ജയ്സ്വാള്‍. ഏഴാം വിജയവുമായി രാജസ്ഥാന്‍. പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

a1fa4b4e 8f14 4dc2 a12e eedc5c35b17e

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വെടിക്കെട്ട് വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ഓപ്പണർ ജയസ്വാളിന്റെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലായിരുന്നു മത്സരത്തിൽ രാജസ്ഥാന്റെ വിജയം. ജയസ്വാളിന്റെ സെഞ്ച്വറിയുടെ മികവിൽ 9 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വർമയുടെ അർത്ഥസെഞ്ച്വറിയുടെ ബലത്തിൽ 179 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ജയസ്വാൾ മികവ് പുലർത്തിയപ്പോൾ രാജസ്ഥാൻ വിജയം കണ്ടു. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. ട്രെന്റ് ബോൾട്ടും സന്ദീപ് ശർമയും ചേർന്ന് മുംബൈ ബാറ്റിംഗ് നിരയെ എറിഞ്ഞിടുന്നതാണ് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്. രോഹിത്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ വമ്പൻ താരങ്ങൾ തുടക്കത്തിൽ തന്നെ കൂടാരം കയറി. ശേഷമെത്തിയ തിലക് വർമയാണ് മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായി മാറിയത്. മത്സരത്തിൽ 45 പന്തുകൾ നേരിട്ട തിലക് 5 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 65 റൺസ് നേടി.

പിന്നീട് മധ്യ ഓവറുകളിൽ മറ്റൊരു യുവതാരം നേഹൽ വദേര വെടിക്കെട്ട് തീർത്തതോടെ മുംബൈയുടെ സ്കോർ കുതിക്കുകയായിരുന്നു. 24 പന്തുകൾ നേരിട്ട വധേര 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 49 റൺസാണ് നേടിയത്. എന്നാൽ ഇന്നിംഗ്സിന്റെ അവസാന 5 ഓവറുകളിൽ മതിയായ വെടിക്കെട്ട് തീർക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചില്ല. ഇതോടെ മുംബൈയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 179 റൺസിൽ അവസാനിക്കുകയായിരുന്നു. മറുവശത്ത് രാജസ്ഥാനായി 5 വിക്കറ്റുകൾ വീഴ്ത്തിയ സന്ദീപ് ശർമ മികച്ച പ്രകടനം പുറത്തെടുത്തു. കേവലം 18 റൺസ് മാത്രം വിട്ടു നൽകിയാണ് സന്ദീപ് മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കിയത്.

See also  2 ബോളിൽ 2 റിവ്യൂ നശിപ്പിച്ച് പാണ്ഡ്യ. മണ്ടൻ തീരുമാനങ്ങളുടെ ആറാട്ട്.

180 എന്ന വിജയലക്ഷം മുന്നിൽകണ്ട് ഇറങ്ങിയ രാജസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ ജയസ്വാളും ബട്ലറും നൽകിയത്. പവർപ്ലെ ഓവറുകളിൽ മുംബൈ ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ഇരു ബാറ്റർമാർക്കും സാധിച്ചു. ആദ്യ വിക്കറ്റിൽ 74 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ബട്ലർ 25 പന്തുകളിൽ 35 റൺസ് നേടിയാണ് മടങ്ങിയത്. ബട്ലർ പുറത്തായ ശേഷവും ജയസ്വാൾ വെടിക്കെട്ട് തീർക്കുന്നതാണ് കണ്ടത്.

തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ താരത്തിന് സാധിച്ചു. ഒപ്പം സഞ്ജുവും ഒരു നായകന്റെ ഇന്നിംഗ്സ് കളിച്ചതോടെ രാജസ്ഥാൻ വിജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ 59 പന്തുകളിൽ നിന്നായിരുന്നു ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 8 ബൗണ്ടറികളും 7 സിക്സറുകളുമാണ് ജയസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. സഞ്ജു 28 പന്തുകളിൽ 38 റൺസുമായി മികച്ച പിന്തുണ നൽകി. 9 വിക്കറ്റുകളുടെ വിജയമാണ് രാജസ്ഥാൻ മത്സരത്തിൽ നേടിയത്.

Scroll to Top