ചെന്നൈയ്ക്കായുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ വമ്പൻ പ്രകടനം പുറത്തെടുത്ത് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാൻ. തന്റെ ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ടീമിനെതിരെ മുസ്തഫിസൂർ പുറത്തെടുത്തത്.
ബാംഗ്ലൂർ ബാറ്റർമാർ ചെന്നൈയെ ക്രൂശിക്കുന്ന സമയത്തായിരുന്നു മുസ്തഫിസൂർ ബോളിംഗ് ക്രീസിലെത്തിയത്. ശേഷം തുടർച്ചയായി ബാംഗ്ലൂരിന്റെ വിക്കറ്റുകൾ സ്വന്തമാക്കാനും ടീമിനെ സമ്മർദ്ദത്തിലാക്കാനും മുസ്തഫിസൂറിന് സാധിച്ചു. 2024 ഐപിഎല്ലിലെ തന്റെ ആദ്യ മത്സരത്തിൽ 4 വിക്കറ്റുകളാണ് ഈ താരം സ്വന്തമാക്കിയത്. ഒരു ബംഗ്ലാദേശ് ബോളറുടെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനമാണ് മുസ്തഫിസൂർ മത്സരത്തിൽ കാഴ്ചവച്ചത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ മുസ്തഫിസൂറിന്റെ വമ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനിടെ വലിയ രീതിയിൽ പരിക്കേറ്റ മുസ്തഫിസൂർ സ്ട്രക്ചറിൽ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോവേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു.
എന്നാൽ ചെന്നൈക്കായുള്ള ആദ്യ മത്സരത്തിലൂടെ മുസ്തഫിസുർ തന്റെ കഴിവ് പ്രകടിപ്പിച്ചിരിക്കുകയാണ്. മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിലെ അഞ്ചാം ഓവർ എറിയാനാണ് മുസ്തഫിസൂർ ആദ്യം എത്തിയത്. ഓവറിൽ ബാംഗ്ലൂരിന് ഇരട്ട പ്രഹരമാണ് മുസ്തഫിസൂർ ഏൽപ്പിച്ചത്. അതുവരെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ബാംഗ്ലൂരിന്റെ നായകൻ ഡുപ്ലാസിസിനെ പുറത്താക്കാൻ മുസ്തഫിസൂറിന് സാധിച്ചു.
മുസ്തഫിസുറിന്റെ സ്ലോ ബോൾ തന്ത്രം ഡുപ്ലസിക്ക് എതിരെ ഫലിക്കുകയായിരുന്നു. ഇതോടെ മുസ്തഫിസൂറിന് ആദ്യ വിക്കറ്റ് ലഭിക്കുകയും ചെയ്തു. ശേഷം ഓവറിലെ അവസാന പന്തിൽ അപകടകാരിയായ പട്ടിദാറിനെ കൂടാരം കയറ്റിയാണ് മുസ്തഫിസൂർ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. 3 പന്തുകൾ നേരിട്ട പട്ടിദാറിനെ മുസ്തഫിസുർ ധോണിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
ശേഷം പന്ത്രണ്ടാം ഓവറിലാണ് ചെന്നൈ മുസ്തഫിസൂറിന് പന്ത് നൽകിയത്. ഓവറിലെ രണ്ടാം പന്തിൽ തന്നെ ബാംഗ്ലൂരിനെ ഞെട്ടിക്കാൻ താരത്തിന് സാധിച്ചു. തങ്ങളുടെ സൂപ്പർ താരം വിരാട് കോഹ്ലിയെ പുറത്താക്കിയാണ് മുസ്തഫിസുർ കളം നിറഞ്ഞത്. 20 പന്തുകൾ നേരിട്ട കോഹ്ലി 21 റൺസ് ആയിരുന്നു നേടിയത്. ശേഷം 12ആം ഓവറിലെ നാലാം പന്തിൽ അപകടകാരിയായ ഗ്രീനിനെ പുറത്താക്കാനും ബംഗ്ലാദേശ് യുവതാരത്തിന് സാധിച്ചു. കൃത്യമായ രീതിയിൽ ഗ്രീനിന്റെ സ്റ്റമ്പ് മുസ്തഫിസുർ പിഴുതെറിഞ്ഞു.
ഇങ്ങനെ 6 റൺസ് വിട്ടുനൽകി 4 വിക്കറ്റുകളാണ് മുസ്തഫിസൂർ തന്റെ ആദ്യ 12 ബോളുകളിൽ നേടിയത്. പിന്നീട് അവസാന ഓവറുകളിൽ കാർത്തിക്കും അനുജ് രാവതും മുസ്തഫിസൂറിനെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും മികച്ച ഒരു പ്രകടനത്തോടെ മത്സരം അവസാനിപ്പിക്കാൻ താരത്തിന് സാധിച്ചു. നിശ്ചിത നാലോവറുകളിൽ 29 റൺസ് മാത്രം വിട്ട് നൽകിയാണ് താരം 4 വിക്കറ്റ് സ്വന്തമാക്കിയത്.