ബാംഗ്ലൂരിനെതിരായ മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 5 പന്തുകൾ നേരിട്ട സഞ്ജു 4 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല വളരെ മോശം ഷോട്ട് കളിച്ചാണ് സഞ്ജു സാംസൺ പുറത്തായത്. 172 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. അതിനുശേഷം നായകൻ സഞ്ജു അൽപസമയം ക്രീസിലുറയ്ക്കും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ഒരു മോശം ഷോട്ടിന് സഞ്ജു സാംസൺ ശ്രമിക്കുകയും, വിക്കറ്റ് വലിച്ചെറിയുകയുമാണ് ചെയ്തത്. എന്നാൽ മത്സരത്തിലെ പരാജയത്തിൽ സഞ്ജുവിനെ കുറ്റം പറയാനാവില്ല എന്നാണ് രാജസ്ഥാൻ പരിശീലകൻ സംഗക്കാര പറയുന്നത്. മത്സരത്തിലെ പരാജയത്തിന്റെ പൂർണമായ ഉത്തരവാദിത്വം ബാറ്റിംഗ് യൂണിറ്റിന് മുഴുവനായുള്ളതാണ് എന്ന് സംഗക്കാര പറഞ്ഞു.
“സഞ്ജുവിന്റെ ഷോട്ടിനെ മോശമായി പറയാൻ പറ്റില്ല. ആ ഷോട്ട് സഞ്ജു മിക്കപ്പോഴും കളിക്കാറുള്ളതാണ്. ചില സമയത്ത് അത്തരം ഒരു ഷോട്ട് ദോഷം ചെയ്യും. ചില സമയത്തിൽ അത് ഫലവത്താവുകയും ചെയ്യും. സഞ്ജു ഒരു ആക്രമണകാരിയായ ക്രിക്കറ്ററാണ്. അയാൾ എപ്പോഴും ടീമിനായാണ് കളിക്കുന്നത്. ട്വന്റി20 ക്രിക്കറ്റിൽ നമ്മൾ ഇത്തരത്തിൽ പുറത്താവാറുണ്ട്. നിർഭാഗ്യവശാൽ ഈ മത്സരത്തിൽ പവർപ്ലെയിൽ തന്നെ രാജസ്ഥാന് ഒരുപാട് വിക്കറ്റുകൾ നഷ്ടമാവുകയുണ്ടായി.”- സംഗക്കാര പറയുന്നു.
“മത്സരത്തിൽ ബാംഗ്ലൂർ ഞങ്ങളെ പുറത്താക്കുകയല്ല ചെയ്തത്. ഞങ്ങൾ സ്വയം പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ നിരാശരാണ്. അതുകൊണ്ട് ഈ പരാജയത്തിൽ ഒരു വ്യക്തിയെ ഞങ്ങൾ പഴിക്കുന്നില്ല. ഇതിന്റെ പൂർണ ഉത്തരവാദിത്വം മുഴുവൻ ബാറ്റിംഗ് യൂണിറ്റിനും തന്നെയാണ്. ഇന്നത്തെ ദിവസം ഞങ്ങൾക്ക് അത്ര നല്ലതായിരുന്നില്ല. ഇനി ഞങ്ങൾക്ക് അല്പം കാത്തിരിക്കേണ്ടതുണ്ട്. ഈ സീസണിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നു. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഇപ്പോൾ മറ്റു കളികളുടെ ഫലങ്ങളെ കൂടി ആശ്രയിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഞങ്ങൾ ഞങ്ങളുടെ അഭിമാനത്തിനായി അടുത്ത മത്സരത്തിൽ വിജയം നേടും.”- സംഗക്കാര കൂട്ടിച്ചേർത്തു.
മത്സരത്തിൽ 172 എന്നത് പിന്തുടരാൻ സാധിക്കാത്ത സ്കോറായിരുന്നില്ല എന്നാണ് സംഗക്കാര പറഞ്ഞത്. ബാറ്റിംഗ് യൂണിറ്റിൽ നിന്ന് വന്ന വലിയ രീതിയിലുള്ള പിഴവാണ് മത്സരത്തിൽ പരാജയത്തിന് കാരണമായതെന്ന് സംഗക്കാര പറയുന്നു. മത്സരത്തിന്റെ പല സമയത്തും കൂട്ടുകെട്ടുകൾ നിർമ്മിക്കേണ്ട സാഹചര്യങ്ങളിൽ ബാറ്റർമാർ നിരുത്തരവാദപരമായി കളിച്ചു എന്നാണ് സംഗക്കാരടെ നിഗമനം. പവർപ്ലെയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായതോടെ മത്സരം അവസാനിക്കുകയായിരുന്നു എന്ന് സംഗക്കാര പറഞ്ഞുവെക്കുന്നു.