സഞ്ജു എന്ത് മണ്ടൻ ഷോട്ടാണ് കളിച്ചത്?? നിർണായക മത്സരത്തിലെ പ്രകടനം ചോദ്യം ചെയ്ത് ചോപ്ര.

sanj wicket

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലെ മോശം ബാറ്റിംഗ് പ്രകടനം രാജസ്ഥാൻ റോയൽസിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. 172 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് വെറും 59 റൺസ് മാത്രമാണ് മത്സരത്തിൽ നേടാനായത്. മത്സരത്തിൽ രാജസ്ഥാന്റെ ബാറ്റിംഗ് പ്രകടനം വളരെ മോശം തന്നെയായിരുന്നു. മുൻനിര ബാറ്റർമാരൊക്കെയും പരാജയപ്പെട്ടപ്പോൾ മധ്യനിര അതിനനുസരിച്ച് കൂടാരം കയറുന്നതാണ് കാണാൻ സാധിച്ചത്. രാജസ്ഥാന്റെ ഈ ബാറ്റിംഗ് മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

മത്സരത്തിൽ രാജസ്ഥാന്റെ സമീപനം തനിക്ക് ഒരു തരത്തിലും മനസ്സിലാവുന്നില്ല എന്നാണ് ചോപ്ര പറഞ്ഞത്. “രാജസ്ഥാന് മത്സരത്തിൽ പവർപ്ലെയിൽ തന്നെ 5 വിക്കറ്റുകൾ നഷ്ടമായി. അതിനുശേഷം ഉണ്ടായിരുന്നവരും മോശം പ്രകടനം കാഴ്ചവച്ചു. എന്തു മോശം പ്രകടനമാണ് രാജസ്ഥാൻ മത്സരത്തിൽ നടത്തിയത്? 112 റൺസിന് മത്സരത്തിൽ പരാജയപ്പെട്ടതോടെ രാജസ്ഥാന്റെ നെറ്റ് റൺറേറ്റ് തീരെ താഴേക്ക് പോയിട്ടുണ്ട്. അത് അവർക്ക് കിട്ടിയ വലിയൊരു തിരിച്ചടിയാണ്. ടൂർണമെന്റിന്റെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം ഒരു തോൽവി സംഭവിക്കാൻ പാടില്ലായിരുന്നു.”- ആകാശ് ചോപ്ര പറഞ്ഞു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഒപ്പം രാജസ്ഥാന്റെ ഈ സീസണിലെ അവസ്ഥയെപ്പറ്റി ചോപ്ര പറഞ്ഞു. “ജോസ് ബട്ലർ, ജെയ്സ്വാൾ, സഞ്ജു സാംസൺ എന്നിവർ സ്കോർ ചെയ്യാത്ത ദിവസങ്ങളിൽ രാജസ്ഥാന്റെ മുഴുവൻ ബാറ്റിംഗ് നിരയും പരാജയപ്പെടുന്നതാണ് കാണുന്നത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മൂന്നുപേരും മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. ജെയിസ്വാളും ബട്ലറും പൂജ്യത്തിന് പുറത്തായപ്പോൾ സഞ്ജു നേടിയത് നാല് റൺസ് മാത്രമായിരുന്നു.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

“ജെയിസ്വാൾ ആദ്യ ഓവറിൽ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിച്ചു. അങ്ങനെ അയാൾ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ബട്ലർ കവറിൽ നിന്ന് ഫീൽഡർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പക്ഷേ ഒരുതരത്തിലും എനിക്ക് മനസ്സിലാവാത്തത് സഞ്ജു സാംസൺ കളിച്ച ഷോട്ട് ആണ്. അത് വളരെ ദയനീയം തന്നെയായിരുന്നു.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു. മത്സരത്തിൽ പരാജയമറിഞ്ഞതോടെ രാജസ്ഥാന്റെ 2023ലെ പ്ലേയോഫ് സാധ്യതകൾ ഏകദേശം അവസാനിച്ചിട്ടുണ്ട്. ഇനി വലിയ തരത്തിൽ ഭാഗ്യമുണ്ടായാൽ മാത്രമേ രാജസ്ഥാന് പ്ലേയോഫിൽ കളിക്കാൻ സാധിക്കൂ.

Scroll to Top