ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വളരെ ആവേശകരമായ വിജയം തന്നെയായിരുന്നു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ 32 റൺസിനാണ് ചെന്നൈയെ രാജസ്ഥാൻ കെട്ടുകെട്ടിച്ചത്. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ സൂപ്പർ കിങ്സിനെ രാജസ്ഥാൻ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ ഒരുപാട് മെച്ചങ്ങളാണ് രാജസ്ഥാൻ റോയൽസ് ടീമിലേക്ക് വന്നെത്തിയിരിക്കുന്നത്. ടൂർണമെന്റിലെ തന്നെ ഏറ്റവും കരുത്തരായ ചെന്നൈയെ പരാജയപ്പെടുത്തിയതിലൂടെ സഞ്ജു സാംസനും കുറച്ചധികം റെക്കോർഡുകൾക്ക് ഉടമയായി മാറുകയുണ്ടായി. തുടർച്ചയായി നാലു തവണ ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപ്പെടുത്തുന്ന ഐപിഎല്ലിലെ രണ്ടാമത്തെ നായകനാണ് സഞ്ജു സാംസൺ.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തുടർച്ചയായി 4 വിജയങ്ങൾ സ്വന്തമാക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഈ സീസണിലെ ആദ്യ മത്സരത്തിലും കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളിലും ചെന്നൈയെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. മുൻപ് മുംബൈ ഇന്ത്യൻസ് മാത്രമാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഇങ്ങനെ തുടർച്ചയായ 5 മത്സരങ്ങളിൽ പരാജയപ്പെടുത്തിയിട്ടുള്ളത്. രോഹിത് ശർമയുടെ നായകത്വ മികവിലാണ് അന്ന് മുംബൈ തുടർച്ചയായ മത്സരങ്ങളിൽ ചെന്നൈയെ പരാജയപ്പെടുത്തിയത്. അതിനുശേഷമാണ് ഇപ്പോൾ സഞ്ജു സാംസൺ തുടർച്ചയായി 4 മത്സരങ്ങളിൽ ചെന്നൈയെ പരാജയപ്പെടുത്തിയിരിക്കുന്നത്.
2018ലും 2019ലുമായി തുടർച്ചയായി 5 മത്സരങ്ങളിൽ അന്ന് മുംബൈ ചെന്നൈയെ പരാജയപ്പെടുത്തുകയുണ്ടായി. 2018 സീസണിലെ രണ്ടാം മത്സരത്തിലും 2019 സീസണിലെ 4 മത്സരങ്ങളിലും മുംബൈ ചെന്നൈയുടെ തലപ്പത്തെത്തി. രോഹിത് ശർമയുടെ പേരിലുള്ള ഈ റെക്കോർഡ് തകർക്കാൻ സഞ്ജു സാംസണ് ആവശ്യമായുള്ളത് ചെന്നൈക്കെതിരെ ഒരു വിജയം കൂടി മാത്രമാണ്. അത് സഞ്ജുവിന് ഈ സീസണിൽ തന്നെ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗൽ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കാഴ്ച വെച്ചിട്ടുള്ളത്. ടൂർണമെന്റിൽ തങ്ങളുടെ ആദ്യ 8 മത്സരങ്ങളിൽ 5 മത്സരങ്ങളിലും വിജയം കാണാൻ സഞ്ജുവിന്റെ ടീമിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത്തവണ എല്ലാ ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ തന്നെ ചെറിയ പിഴവുകൾക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും. അതിനാൽ വരും മത്സരങ്ങളിലും ആധികാരികമായ വിജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാൻ പ്രതീക്ഷിക്കുന്നില്ല.