ഫൈനലിൽ ഗില്ലിന് പകരം രാഹുൽ ഓപ്പണറാവണം. ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായുള്ള വേദി ഒരുങ്ങുകയാണ്. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെയാണ് നേരിടുന്നത്. ഫൈനലിനുള്ള ഇന്ത്യൻ സ്‌ക്വാഡ് കഴിഞ്ഞദിവസം ബിസിസിഐ പ്രഖ്യാപിക്കുകയുണ്ടായി. ഒരുപാട് വമ്പൻ താരങ്ങൾ അണിനിരക്കുന്ന സ്ക്വാഡാണ് ഇന്ത്യയുടേത്. എന്നാൽ പല സ്ലോട്ടുകളിലും ഇന്ത്യയ്ക്ക് ഇപ്പോഴും സംശയങ്ങൾ നിഴലിക്കുകയാണ്. പ്രധാനമായും ഓപ്പണിങ്ങിലാണ് ഇന്ത്യക്ക് തലവേദനയുള്ളത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ഓപ്പണിങ്ങിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് ശുഭ്മാൻ ഗിൽ. എന്നാൽ രാഹുൽ ടീമിനൊപ്പം ചേരുന്നതോടെ ഗിൽ ഓപ്പണിങ് ഇറങ്ങണോ, രാഹുൽ ഓപ്പണിങ് ഇറങ്ങണോ എന്ന സംശയം നിലനിൽക്കുന്നു. ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ.

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്കായി കെഎൽ രാഹുൽ തന്നെ ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്നാണ് മൈക്കിൾ വോൺ പറയുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഗില്ലിനെക്കാൾ ഉത്തമനായ ഓപ്പണർ കെ എൽ രാഹുലാണ് എന്നാണ് മൈക്കിൾ വോണിന്റെ നിഗമനം. കഴിഞ്ഞ സമയങ്ങളിലെ രാഹുലിന്റെ വിദേശ പിച്ചുകളിലെ റെക്കോർഡുകളടക്കം പരിശോധിച്ചശേഷമാണ് വോൺ ഈ പ്രതികരണം നടത്തിയിരിക്കുന്നത്. എന്നിരുന്നാലും രാഹുലിന്റെ ഇപ്പോഴത്തെ ഫോം ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഈ സമയത്താണ് മൈക്കിൾ വോണിന്റെ ഈ പ്രസ്താവന.

“ഇംഗ്ലീഷ് സാഹചര്യങ്ങളിൽ ഇന്ത്യ വരുത്തേണ്ട ഒരു മാറ്റം ഗില്ലിന് പകരം രാഹുലിനെ ഓപ്പണറായി ഇറക്കുക എന്നതാണ്. ഇംഗ്ലണ്ടിലെ മൂവ്മെന്റുള്ള പന്തുകളെ കൂടുതൽ നന്നായി നേരിടാൻ സാധിക്കുന്നത് കെ എൽ രാഹുലിനാണ്  ശുഭമാൻ ഗിൽ മികച്ച ഒരു യുവതാരമാണ് എന്നതിൽ സംശയമില്ല. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നമുക്ക് റിസ്ക് എടുക്കാൻ സാധിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാൻ ഏറ്റവും അനുയോജ്യമായ ഒരു ഇലവനെ തന്നെ നമുക്ക് തെരഞ്ഞെടുക്കാൻ സാധിക്കേണ്ടതുണ്ട്.”- മൈക്കിൾ വോൺ പറയുന്നു.

ശുഭമാൻ ഗിൽ മികച്ച ടെസ്റ്റ് കളിക്കാരൻ ആണെങ്കിൽ തന്നെ അദ്ദേഹത്തിന്റെ സാങ്കേതികയിൽ വന്നിരിക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് മൈക്കിൾ വോൺ. “ഗിൽ ഒരു അപകടകാരിയായ ബാറ്ററാണ് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ പലപ്പോഴായി ചില സാങ്കേതികപരമായ പോരായ്മകൾ ഗില്ലിന്റെ ബാറ്റിംഗിൽ ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ തന്നെ ഓപ്പണിങ്ങിൽ രാഹുൽ തന്നെയാണ് ഉത്തമമായ ഓപ്ഷൻ.”- വോൺ കൂട്ടിച്ചേർത്തു.