ലക്നൗ പവറിൽ മൂക്കുകുത്തി വീണ് പഞ്ചാബ്. റൺമഴ

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജെയന്റ്സ്. പൂർണ്ണമായും ലക്നൗ വിളയാട്ടം കണ്ട മത്സരത്തിൽ 56 റൺസിന്റെ തകർപ്പൻ വിജയമാണ് ടീം നേടിയത്. മത്സരത്തിൽ ലക്നൗവിനായി സ്റ്റോയിനിസും മേയേഴ്സും ബഡോണിയും പൂരനും അടിച്ചുതകർത്തപ്പോൾ ഉത്തരമില്ലാതെ പരാജയമേറ്റുവാങ്ങുകയായിരുന്നു പഞ്ചാബ് കിംഗ്സ്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗവിന്റെ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്. മറുവശത്ത് പഞ്ചാബിന്റെ നാലാം പരാജയവും.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൊഹാലിയിലെ പൂർണമായും ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ലക്നൗ ബാറ്റർമാർ അടിച്ചുതകർത്തു. നായകൻ രാഹുലിനെ(12) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും കൈൽ മേയെഴ്സും ആയുഷ് ബഡോണിയും ലക്നൗവിനായി കളം നിറയുകയായിരുന്നു. പവർപ്ലെയിൽ തന്നെ കൃത്യമായ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ലക്നൗ ബാറ്റർമാർക്ക് സാധിച്ചു. മേയേഴ്‌സ് 24 പന്തുകളിൽ 54 നേടുകയുണ്ടായി. ഏഴു ബൗണ്ടറികളും നാല് സിക്സറുകളും ഇന്നിങ്സിൽ ഉൾപ്പെട്ടു. ബഡോണി 24 പന്തുകളിൽ 43 റൺസാണ് നേടിയത്. ശേഷം നാലാമനായി ക്രീസിലെത്തിയ സ്റ്റോയിനിസും അടിച്ചു തകർക്കാൻ തുടങ്ങി.

നിക്കോളാസ് പൂരനെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ സ്റ്റോയിനിസ് ആഘോഷമാക്കുകയായിരുന്നു. മത്സരത്തിൽ 40 പന്തുകളിൽ 6 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 72 റൺസ് സ്റ്റോയിനിസ് നേടുകയുണ്ടായി. പൂറാൻ 19 പന്തുകളിൽ 7 ബൗണ്ടറുകളും 1 സിക്സറുമടക്കം 45 റൺസ് നേടി. ഇങ്ങനെ റെക്കോർഡുകൾ തകർത്ത പ്രകടനമാണ് ലക്നൗ ആദ്യ ഇന്നിങ്സിൽ കാഴ്ചവച്ചത്. നിശ്ചിത 20 ഓവറുകളിൽ 257 റൺസ് ആണ് ലക്നൗ മത്സരത്തിൽ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണ് മത്സരത്തിൽ ലക്നൗ നേടിയത്.

വമ്പൻ സ്കോറിലേക്ക് ബാറ്റുവെച്ച പഞ്ചാബിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ നായകൻ ശിഖർ ധവാന്റെ(1) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. പിന്നാലെ ഓപ്പണർ പ്രഭ്സിമ്രാനും(9) കൂടാരം കയറിയതോടെ തുടക്കത്തിൽ തന്നെ പഞ്ചാബ് പ്രതിസന്ധിയിലായി. നാലാം വിക്കറ്റിൽ അതർവ്വ തൈടെയും സിക്കന്ദർ റാസയും ക്രീസിലുറച്ചെങ്കിലും ആവശ്യമായ റൺ റേറ്റിൽ കളിക്കാൻ സാധിച്ചില്ല. തൈടെ മത്സരത്തിൽ 36 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 66 റൺസാണ് നേടിയത്. റാസ മത്സരത്തിൽ 22 പന്തുകളിൽ 36 റൺസ് നേടി.

ഇവർക്ക് ശേഷമേത്തിയ ലിവിങ്സ്റ്റൺ(23) സാം കരൻ(21) ജിതേഷ് ശർമ(24) എന്നിവർ അവസാന ഓവറുകളിൽ തങ്ങൾക്കാകും വിധമുള്ള സംഭാവനകൾ നൽകിയെങ്കിലും പഞ്ചാബ് വിജയലക്ഷ്യത്തിന് ഒരുപാട് അകലെ തന്നെയായിരുന്നു. മത്സരത്തിൽ 56 റൺസിന്റെ പരാജയമാണ് പഞ്ചാബ് നേരിട്ടത്. പഞ്ചാബിനെ സംബന്ധിച്ച് എല്ലാത്തരത്തിലും നിരാശാജനകമായ പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവച്ചത്. പഞ്ചാബിന്റെ ടൂർണമെന്റിലെ നാലാം പരാജയമാണ് മത്സരത്തിൽ പിറന്നത്.